ജനറൽ കോച്ചുകൾ കുറവ്; ട്രെയിനുകളിൽ അനിയന്ത്രിത തിരക്ക്
text_fieldsകൊല്ലം: ക്രിസ്മസ് അവധിക്കുശേഷം ട്രെയിനുകളിൽ കാലുകുത്താനിടമില്ലാതെ തിരക്ക്. യാത്രക്കാർക്കായി തീവണ്ടികളിൽ അധികമായി സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളോ ജനറൽ കോച്ചുകളോ വർധിപ്പിക്കാത്തതാണ് ഞെങ്ങിഞെരുങ്ങിയുള്ള ദുരിതയാത്രക്ക് കാരണം. ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ കൊല്ലം ജങ്ഷൻ, ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽനിന്ന് നിരവധി യാത്രക്കാരാണ് അവധിക്കുശേഷമുള്ള യാത്രക്ക് ട്രെയിനുകളെ ആശ്രയിക്കുന്നത്. അന്തർസംസ്ഥാന യാത്രക്കാരാണ് ഏറെയും ദുരിതത്തിലായത്.
ദിവസങ്ങൾക്കുമുമ്പുതന്നെ ഒട്ടുമിക്ക ട്രെയിനുകളിലെയും റിസർവേഷൻ ബുക്കിങ് നിറഞ്ഞിരുന്നു. വേെറ വഴിയില്ലാത്തതിനാൽ ജനറൽ കോച്ചുകളിൽ കുത്തിനിറഞ്ഞാണ് യാത്ര. തിരക്കുമൂലം ജനറൽ കോച്ചുകളിൽ വാക്കുതർക്കവും പതിവായി. ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതാണ് സ്ഥിരം-സാധാരണ യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ ഇനിയും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ശബരിമലഭക്തരുടെ തിരക്കുകൂടിയായതോടെ ഇവിടെ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിൻ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു.
ദിനേനയുള്ള അന്തർസംസ്ഥാന സർവിസുകളായ പുണെ എക്സ്പ്രസ്, കേരള എക്സ്പ്രസ്, കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ്, ചെന്നൈ സെൻട്രൽ മെയിൽ, മലാബാർ എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് എന്നിവ കൊല്ലം സ്റ്റേഷനിൽ എത്തുന്നതുതന്നെ ജനറൽ കോച്ചുകളിൽ ആളുകളെ കുത്തിനിറച്ചാണ്. സാധാരണക്കാർ സ്ഥിരമായി ആശ്രയിക്കുന്ന വഞ്ചിനാട്, വേണാട്, മെമുസർവിസുകളിൽ അഭൂതപൂർവമായ തിരക്കാണ് വ്യാഴാഴ്ച മുതൽ.
നിരവധി യാത്രക്കാരും വരുമാനവുമുള്ള മേഖല എന്ന നിലയിൽ കേരളത്തിന് റെയിൽവേ രംഗത്ത് കൂടുതൽ സൗകര്യങ്ങളും പരിഗണനയും ഉണ്ടാവണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അവയൊന്നും അധികൃതർ ചെവിക്കൊള്ളുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനപ്പെട്ട അര ഡസനോളം ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കുറച്ച നടപടിയും യാത്രക്കാർക്ക് ഉത്സവസീസണുകളിൽ തിരിച്ചടിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.