കാണാം, അറിയാം, ആസ്വദിക്കാം...
text_fieldsകൊല്ലം: ആശ്രാമം മൈതാനിയിലെ ‘എന്റെ കേരളം’ പ്രദർശന വിപണന മേള നാടിന്റെ ആഘോഷവേദിയാകുന്നു. കൗതുക കാഴ്ചകൾ കാണാനും പുതിയ കാര്യങ്ങൾ അറിയാനും പലവിധ രുചിയും കലാമികവും ആസ്വദിക്കാനും നാട് ഒഴുകിയെത്തുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മേള അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആശ്രാമം മൈതാനം നിറഞ്ഞൊഴുകുകയാണ്.
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ആശയത്തിനപ്പുറം കാഴ്ചകൾക്കും കച്ചവടത്തിനും സൗജന്യ സേവനങ്ങൾക്കുമൊപ്പം സെമിനാറുകളും ബിസിനസ് മീറ്റും തൊഴിൽമേളയും കലാപരിപാടികളും കൂടിച്ചേരുന്ന ‘കംപ്ലീറ്റ് പാക്കേജ്’ ആണ് മേള ഒരുക്കുന്നത്. ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെറുകിട സംരംഭകര്‍ക്ക് വിപണിയിലേക്ക് വഴിയൊരുക്കിയ ബിസിനസ് ടു ബിസിനസ് മീറ്റ് മികവുറ്റ ആശയമാണ് യാഥാർഥ്യമാക്കിയത്.
സൂപ്പര്‍ മാര്‍ക്കറ്റുകളും വിതരണക്കാരും സംരംഭകരും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയത്തിന് വേദിയൊരുക്കിയ യോഗത്തിലൂടെ വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍, ശുചീകരണ ലോഷനുകള്‍, മറ്റ് മൂല്യവര്‍ധിത ഉല്പന്നങ്ങള് എന്നിവയുടെ വിപണനത്തിന് പുതുസാധ്യതകൾ തുറന്നു. മേളയുടെ ഭാഗമായ ജോബ് ഡ്രൈവ് യുവജനങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകി. കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ എന്ന കെ ഡിസ്ക്കിന്റെ സ്റ്റാളിൽ യങ് ഇന്നോവേറ്റഴ്സ് പ്രോഗ്രാം 5.0 (വൈ.ഐ.പി 5.0) എഡിഷന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികളുടെ സ്പോട്ട് രജിസ്ട്രേഷനും ആശയ സമര്‍പ്പിക്കുന്നതിനുമുള്ള അവസരമുണ്ട്. ആധാർ ഉൾപ്പെടെ സേവനങ്ങൾ സൗജന്യമായി ഒരുക്കുന്ന അക്ഷയ സ്റ്റാളിലെ തിരക്കും മേള നാട് ഏറ്റെടുത്തതിന്റെ സന്തോഷകാഴ്ചയാണ്.
ഞായറാഴ്ച സന്ധ്യയിൽ നൂറുകണക്കിന് പേരാണ് ഷഹബാസിന്റെ സംഗീതം ആസ്വദിക്കാൻ എത്തിയത്. ഗസലിനൊപ്പം മാപ്പിളപ്പാട്ടും സിനിമാപ്പാട്ടുകളും പെയ്തിറങ്ങി. ബാല്യകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ഗായകന് നിലക്കാത്ത ൈകയ്യടിയാണ് നിറഞ്ഞുകവിഞ്ഞ സദസ്സ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.