42 കുടുംബങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; പുനലൂരിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയം യാഥാർഥ്യമായി
text_fieldsപുനലൂർ: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് ഫ്ലാറ്റ് സമുച്ചയം സ്ഥാപിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി പുനലൂരിൽ മുഖ്യമന്ത്രി തറക്കല്ലിട്ട ലൈഫ് ഫ്ലാറ്റ് സമുച്ചയം അഞ്ചു വർഷത്തിന് ശേഷം പൂർത്തിയായി. 42 കുടുംബങ്ങൾക്കായി പുനലൂർ നഗരസഭയിലെ പ്ലാച്ചേരിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്ച ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
2018 മേയ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റ് സമുച്ചയങ്ങളുടെ കേരളത്തിലെ ആദ്യത്തെ തറക്കല്ലിടൽ പുനലൂരിൽ നടത്തിയിരുന്നു.
ഫ്ലാറ്റ് നിർമിക്കാൻ നഗരസഭ കണ്ടെത്തിയ ഭൂമിയുടെ സങ്കേതിക തടസ്സങ്ങളടക്കം പരിഹരിച്ച് ഭൂമി കൈമാറി ഫ്ലാറ്റ് നിർമാണം രണ്ടര വർഷം മുമ്പാണ് ആരംഭിച്ചത്. സംസ്ഥാനത്ത് പൈലറ്റ് പദ്ധതിയായി മുഖ്യമന്ത്രി തറക്കില്ലിട്ട ഫ്ലാറ്റ് നിർമാണം നീണ്ടുപോയത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. 50 സെൻറ് ഭൂമിയിൽ നാലു നിലയിലായി 28876 ചതുരശ്ര അടിയിൽ വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചത്. 6.87 കോടി രൂപയായിരുന്നു അടങ്കൽ. ഒരോ ഭവനവും 512 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ്.
ഒരു ഹാൾ, രണ്ട് കിടപ്പുമുറി, അടുക്കള, ശുചിമുറി, കുളിമുറി, ബാൽക്കണി എന്നിവ ഉൾപ്പെട്ടതാണ് ഓരോ വീടും. കുടിവെള്ളത്തിനായി കുഴൽ കിണറുകൾ, സൗരോർജ സംവിധാനം, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്ഫോർമർ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. മൊത്തം 44 ഭവനങ്ങൾ നിർമിച്ചെങ്കിലും ഇതിൽ ഓരോ കെട്ടിടം അംഗൻവാടിയായും വയോജന കേന്ദ്രമായും ഉപയോഗിക്കും.
ഫ്ലാറ്റ് നിർമാണത്തിനായി ഇവിടെ നിന്ന് ഒഴിപ്പിച്ച മൂന്ന് കുടുംബങ്ങൾക്ക് സമുച്ചയത്തിൽ വീട് ആദ്യഘട്ടത്തിൽ നൽകും. ബാക്കിയുള്ള 39 വീടുകൾ ലൈഫ് മിഷൻ പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് കൈമാറും. താഴത്തെ നിലയിലെ രണ്ട് ഭവനങ്ങൾ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്ക് നൽകും.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണ ചുമതല. ഭിത്തികൾ പ്രത്യേക സാങ്കേതികവിദ്യയിൽ ഫൈബർ സിമൻറ് ബോർഡ് ഉപയോഗിച്ച് നിർമിച്ചതിനാൽ താമസക്കാർക്ക് കൃത്യമായ ബോധവത്കരണം നൽകിയതിന് ശേഷമേ താക്കോൽ കൈമാറുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
നഗരസഭ 2017ൽ തയാറാക്കിയ ഭൂരഹിത-ഭവനരഹിത പട്ടികയിലെ 659 കുടുംബങ്ങളിൽനിന്നാണ് 42 കുടുംബങ്ങളെ ഫ്ലാറ്റിന് അവകാശികളായി തെരഞ്ഞെടുത്തത്. നിലവിൽ 1620 ഭൂരഹിതരും 600 ഭവനരഹിതമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.