തോറ്റും പോരാടിയും മൺറോ തുരുത്തിലെ ജീവിതം
text_fieldsമൺറോതുരുത്തിലെ ജനജീവിതത്തിെൻറ ഇപ്പോഴത്തെ അവസ്ഥയെന്ത്്്? പരിഹാരമെന്ത്?. മൺറോതുരുത്തിലൂടെ മാധ്യമം ലേഖകൻ ആർ. തുളസി നടത്തിയ അന്വേഷണം
ഒരു കാലത്ത് മൺറോതുരുത്തുകാർക്ക് കല്ലടയാർ ഇടക്കിടെ സമ്മാനിക്കുന്ന വെള്ളപ്പൊക്കം ആസ്വാദ്യമായിരുന്നു. അവർ ഇതിനോട് ഇണങ്ങിക്കഴിഞ്ഞിരുന്നു. വെള്ളപ്പൊക്കത്തോടൊപ്പം ഓഴുകിവന്നിരുന്ന ഫലഭൂയിഷ്ഠമായ എക്കൽ കലർന്ന ചളി വളമായുപയോഗിച്ച് കൃഷിയും മെച്ചപ്പെടുത്തിയിരുന്നു. തെന്മല ഡാം വന്നതോടെ വെള്ളപ്പൊക്ക ഭീഷണി അകലുമെന്ന വിശ്വാസത്തെ തകർത്ത് 1992 ലുണ്ടായ വെള്ളപ്പൊക്കം പഞ്ചായത്തിെൻറ പകുതിയിലധികം ഭാഗത്തെ മുക്കി. നൂറിലധികം വീടുകൾ പൂർണമായി നശിച്ചപ്പോൾ അതിലധികം വീടുകൾക്ക് കേടുപറ്റി.
കൊന്നയിൽകടവ് പാലങ്ങളും മറ്റ് ചെറുപാലങ്ങളും റോഡുകളും ഒലിച്ചു പോയി. ഈ ദുരന്തത്തിന് പത്താണ്ട് കഴിയുമ്പോൾ 2002 ഡിസംബർ 26നുണ്ടായ സൂനാമി മൺറോതുരുത്തിെൻറ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധം ശക്തമായ വേലിയേറ്റമുണ്ടാക്കി. തുടർന്ന്, ഭൂമി താഴ്ന്നുപോകുന്ന പ്രതിഭാസം ആരംഭിക്കുകയും ചെയ്തു.
സുനാമിക്കുശേഷം ഓരോ വർഷവും ഭൂനിരപ്പ് താഴുകയും വേലിയേറ്റ നിരക്ക് വർധിക്കുകയും ചെയ്തുവരുകയാണ്. കിടപ്രം, കിടപ്രം വടക്ക്, കൺട്രാംകാണി, പട്ടംതുരുത്ത് വെസ്റ്റ്, പട്ടംതുരുത്ത് ഈസ്റ്റ് ,പെരിങ്ങാലം വാർഡിലെ താഴ്ന്ന പ്രദേശങ്ങൾ, നെന്മേനി വടക്ക് എന്നീ വാർഡുകൾ രൂക്ഷമായ വേലിയേറ്റത്തിെൻറ പിടിയിലായി. പുലർച്ചയിലും വൈകുന്നേരങ്ങളിലും വേലിയേറ്റമുണ്ടാകുമ്പോൾ ഒരടിമുതൽ മൂന്ന് അടിവരെ വെള്ളം ഉയരുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു.
2018 ആഗസ്റ്റിലുണ്ടായ പ്രളയം തുരുത്തിെൻറ മിക്ക പ്രദേശങ്ങളെയും വെള്ളത്തിൽ മുക്കി. 30ലേറെ വീടുകൾ പൂർണമായും മുന്നൂറിൽ ഏറെ വീടുകൾ ഭാഗികമായും തകർന്നു. പ്രാഥമികാരോഗ്യ കേന്ദ്രം ഉൾെപ്പടെ വെള്ളം കയറി തകർന്നു. ഇത് പിന്നീട്, പുനർനിർമിക്കുകയായിരുന്നു. പുളിമൂട്ടിൽ കടവ് പാലം ഉൾപ്പെടെ പ്രധാന ഗാതാഗത മാർഗങ്ങൾ തകർന്നു. ചില വാർഡുകൾ പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത വിധം ഒറ്റപ്പെട്ടു. പഞ്ചായത്തിലെ പ്രധാന വരുമാനമാർഗമായിരുന്ന മത്സ്യ കൃഷി കോടികളുടെ നഷ്ടത്തിൽ കലാശിച്ചു.
തീരദേശ പരിപാലന നിയമം എന്ന ഇരുട്ടടി
ദുരിതത്തിൽനിന്ന് അതിജീവനം തേടുമ്പോഴാണ് ഇടിത്തീപോലെ തീരദേശ പരിപാലന നിയമം മൺറോതുരുത്തിന് മുകളിൽ പതിക്കുന്നത്. കായൽ തുരുത്തെന്ന പരിഗണന നൽകാതെ സി.ആർ.ഇസഡ് നിയമം ദ്വീപിനെ വരിഞ്ഞു കൊല്ലുകയാണ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടതും നിറയെ ഇടത്തോടുകളും തോടുകളും വെള്ളക്കെട്ടുകളും കെട്ടിപ്പുണർന്ന് കിടക്കുന്ന പകുതിയിലധികം പ്രദേശങ്ങളും വീടുനിർമിക്കാൻ അനുയോജ്യമല്ലാത്തതായിരുന്ന തുരുത്തിൽ തീരദേശപരിപാലന നിയമം 70 ശതമാനത്തോളം പ്രദേശം വീടുെവക്കാൻ അനുമതി ലഭിക്കാത്തതാക്കി. മത്സ്യക്കുളങ്ങളും ഗതാഗതത്തിനായി നിർമിച്ച ചെറുതോടുകളും സി.ആർ.ഇസഡ് പരിധിയിലായതും ദുരിതമായി.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിനു പോലും അനുമതി ലഭിക്കാതെയായി. തീരദേശ പരിപാലന നിയമം മൺറോതുരുത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെപ്പോലും അസാധ്യമാക്കുകയാണ്. 2001ൽ 10013 ജനസംഖ്യ 2011 ആയതോടെ 9440 ആയി കുറഞ്ഞു. കുടുംബങ്ങളുടെ എണ്ണം 2200 ആയി. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഉണ്ടാക്കിയ ദുരിതം താങ്ങാനാവതെ പലരും സ്ഥലം വിറ്റും സ്ഥലം ഉപേക്ഷിച്ചും മൺറോതുരുത്തിനെ കൈവിട്ടു.
ഇതിന് പ്രധാന കാരണം 2004 ലെ സൂനാമിക്കുശേഷം മൺറോതുരുത്തിെൻറ പ്രകൃതിയിൽ വന്ന മാറ്റമാണ്. കുറഞ്ഞ ജനസംഖ്യയായിട്ടും ഇവിടത്തെ ജനങ്ങൾക്ക് പ്രദേശത്ത് താമസിക്കാൻ ബുദ്ധിമുട്ടാവുകയാണ്. കാലാവസ്ഥക്കിണങ്ങിയ പ്രകൃതി പ്രതിഭാസങ്ങളോട് സമരസപ്പെട്ടുപോകുന്ന മാതൃകകൾ വ്യാപകമാക്കുകയും പുനരധിവാസം സാധ്യമാക്കുകയും ചെയ്താലേ ഈ ജനസംഖ്യ എങ്കിലും സ്ഥിരമായി നിലനിർത്താനാകുകയുള്ളൂ.
ദുരന്തനിവാരണത്തിന് തടസ്സങ്ങളേറെ
മൺറോതുരുത്തിൽ ദുരന്തനിവാരണ സാധ്യത ശാസ്ത്രീയ പഠനത്തിലൂടെ വിലയിരുത്തി പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ തടസ്സങ്ങളാണുള്ളത്. യാത്രാസൗകര്യത്തിെൻറ കാര്യത്തിൽ ഇവിടത്തെ പാലങ്ങളും കലുങ്കുകളും പ്രധാന പങ്ക് വഹിക്കുന്നവയാണ്. പഞ്ചായത്തിന് തലങ്ങും വിലങ്ങും കടന്നു പോകുന്ന ഇടത്തോടുകളും നിസ്സാരമല്ലാത്ത പങ്ക് വഹിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള മാർഗവും ഈ കലുങ്കുകളും തോടുകളും ചുരുക്കം റോഡുകളുമാണ്. ഇതിൽ മിക്കവയും കാൽനൂറ്റാണ്ടിലധികം മുമ്പ് നിർമിച്ചവയും തകർച്ചയുടെ വക്കിൽ നിൽക്കുന്നവയുമാണ്.
നിവൃത്തികേടുകൊണ്ട് അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ള ഇത്തരം പാലങ്ങളും കലുങ്കുകളും ഇപ്പോഴും നാട്ടുകാർ ഉപയോഗിക്കാൻ നിർബന്ധിതപ്പെടുകയുമാണ്. പഞ്ചായത്തിനെ കരമാർഗം പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഇടിയക്കടവ് പാലം 2018 ലെ വെള്ളപ്പൊക്കത്തിൽ അപ്പ്റോച്ച് റോഡിെൻറ മണ്ണിടിഞ്ഞും, കൈവരികൾ തകർന്നും അപകടത്തിൽപെട്ടിരുന്നു. സംരക്ഷണ ഭിത്തിയില്ലാത്ത കായൽ റോഡുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. രാത്രികാലങ്ങളിലെ വേലിയേറ്റം റോഡിനെ മുക്കുമ്പോൾ റോഡും ജലാശയവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതും ദുരന്തനിവാരണ പ്രവർത്തനത്തിന് തടസ്സമാണ്.
പഞ്ചായത്തിന്‍റെ തയാറെടുപ്പുകൾ
പഞ്ചായത്തിെൻറ ചരിത്രത്തിൽ ഒട്ടേറെ വികസന പദ്ധതികളും തകിടം മറിയുന്ന പാരിസ്ഥിതികാവസ്ഥയെ നേരിടുന്നതിനുമുള്ള വിവിധ പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിയ ഭരണമായിരുന്നു ബിനു കരുണാകൻ നേതൃത്വം കൊടുത്ത കഴിഞ്ഞ ഭരണസമിതിയുടേത്. പാരിസ്ഥിതിക ദുരന്തങ്ങൾ മുന്നിൽകണ്ട് അതിനെ നേരിടുന്നതിനുള്ള ആസൂത്രണം അവർ നടത്തിയിരുന്നു. 2016ൽ തുരുത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ദുരന്തനിവാരണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
ഇതിെൻറ ഭാഗമായി പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിലുള്ള പരിശീലനങ്ങളും നടന്നു. എമർജൻസി െറസ്പോൺസ് ടീം, മുന്നറിയിപ്പ് ടീം, അന്വേഷണ-രക്ഷാപ്രവർത്തന-ഒഴിപ്പിക്കൽ ടീം, ഷെൽട്ടർ മാനേജ്മെൻറ് ടീം, പ്രഥമ ശുശ്രൂഷ/ബേസിക് ലൈഫ് സപ്പോർട്ട് ടീം, സന്നദ്ധപ്രവർത്തകരുടെ പട്ടിക എന്നിവ പഞ്ചായത്ത് രൂപവത്കരിച്ചിരുന്നു. ഇത് 2018 പ്രളയകാലത്തെ ദുരിതം ലഘൂകരിക്കുന്നതിന് സഹായിച്ചു. പഞ്ചായത്ത് തലത്തിൽ മേൽനോട്ട സമിതികളും ദുരന്തപ്രതികരണ സംഘവും വാർഡ് തലത്തിൽ വിവിധ രക്ഷാപ്രവർത്തന-സഹായ ടീമുകളും വിഭാവനം ചെയ്യുന്ന ദുരന്തപ്രതികരണ ആസൂത്രണ രേഖയും മുൻ പഞ്ചായത്ത് സമിതി തയാറാക്കിയിട്ടുണ്ട്.
ദുരന്ത ലഘൂകരണ മുന്നൊരുക്കം
ദുരന്തങ്ങൾ ഉണ്ടായാൽ അത് ലഘൂകരിക്കുന്നതിനുള്ള മുന്നൊരുക്ക-സാമൂഹിക ശാക്തീകരണ പദ്ധതികൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ചിരുന്നു. ധാരാളമായുണ്ടായിരുന്ന തോടുകൾ നികത്തിയതും ചതുപ്പുകളും കായൽ നിലങ്ങളും നികത്തിയതും സുഗമമായ നീരൊഴുക്കിനെ തടഞ്ഞിരുന്നു. ഇത് പ്രളയത്തിെൻറ രൂക്ഷതയും കാലദൈർഘ്യവും വർധിപ്പിക്കുകയും ചെയ്തു. പഞ്ചായത്തിനെ രണ്ടായി പകുക്കുന്ന റെയിൽപാത നിരവധി ഇടത്തോടുകൾ ഇല്ലാതാക്കി.പഞ്ചായത്ത് പടിഞ്ഞാറ് കരുമാട്ടേൽ ഭാഗത്ത് അടഞ്ഞ തോടിന് പകരമായി 10 മീറ്റർ വീതിയിൽ ഒരു തോടെങ്കിലും നിർമിക്കുന്നത് പ്രളയാഘാതത്തെ ലഘൂകരിക്കും.
നാളെ
തുരുത്തിനെ രക്ഷിക്കാൻ എന്തുെചയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.