തദ്ദേശ ഉപതെരഞ്ഞെടുപ്പ് നാളെ; ആറ് വാർഡുകളിൽ ഒരുക്കം പൂർത്തിയായി
text_fieldsകൊല്ലം: തിങ്കളാഴ്ച തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ ആറ് വാർഡുകളിലെ ഒരുക്കം പൂർത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
ചൊവ്വാഴ്ച വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന് അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന് കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എല്ലാ വാർഡിലെയും പരസ്യപ്രചാരണം അവസാനിച്ചു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി യൂത്ത്കോൺഗ്രസ് നേതാവായ ഷെറിൻ അഞ്ചലും എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗമായ ഗിരിജ മുരളിയും എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. ഉമേശ് ബാബുവുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് പ്രതിനിധി എ. സക്കീർ ഹുസൈൻ മരിച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ എട്ടാം നമ്പർ വാർഡായ പടിഞ്ഞാറ്റിൻകരയിൽ ജനപ്രതിനിധിയായിരുന്ന കോൺഗ്രസ് അംഗം തുളസീഭായി അമ്മ മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫ് പ്രതിനിധിയായി ഷീജ ദിലീപും എൻ.ഡി.എയിലെ രമ്യ അഭിലാഷും എൽ.ഡി.എഫിലെ മാളു സന്തോഷുമാണ് ജനവിധി തേടുന്നത്.
കൊട്ടാരക്കര നഗരസഭയിലെ ഇരുപതാം ഡിവിഷൻ കല്ലുവാതുക്കലിലെ കൗൺസിലർ സി.പി.ഐയിലെ ഗ്രേസി സാമുവൽ മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ലിസി അലക്സ്, എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലേ മഞ്ജു സാം, എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ മീനാകുമാരി എന്നിവർ തമ്മിലാണ് മത്സരം.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനിൽ സി.പി.എമ്മിന്റെ പി. തോമസിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫിലെ വത്സ തോമസ്, യു.ഡി.എഫിന്റെ പി.സി. ജയിംസ്, എൻ.ഡി.എയുടെ അഡ്വ. രാജൻ പ്രജാതി എന്നിവർ തമ്മിലാണ് മത്സരം.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് അംഗം ശ്യാമളയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 427 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശ്യാമള തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ എൽ.ഡി.എഫ് 13, യു.ഡി.എഫ് ഏഴ്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിലെ സുരജ ശിശുപാലനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ലാലാ രാജനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.
ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ കെ.എം. രാജുവിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 502 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായ രാജു വിജയിച്ചത്. രാജുവിന്റെ ഭാര്യ ജയദേവിയാണ് ഇക്കുറി ഇടതുസ്ഥാനാര്‍ഥി. കയര്‍ തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള സുനിത ദിലീപാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. 15 അംഗ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് -11, കോൺഗ്രസ് -രണ്ട്, ബി.ജെ.പി -ഒന്ന് സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കൊല്ലം: തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ എന്‍. ദേവിദാസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തില്‍ അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പുതീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.