ചൂടോടെ പോര് മുറുകുന്നു
text_fieldsകൊല്ലം: തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തിയില്ല, പക്ഷേ കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരിന് ചൂടേറുകയാണ്. യു.ഡി.എഫ് പാളയത്തിൽ സിറ്റിങ് എം.പി എൻ.കെ. പ്രേമചന്ദ്രനും എതിരിടാൻ എൽ.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ എം.
മുകേഷും കച്ചകെട്ടിയിറങ്ങിയതോടെ ആദ്യഘട്ടങ്ങളിലെ പ്രചരണം തന്നെ കൊഴുത്തു. സ്ഥാനാർഥി പര്യടനവും റോഡ് ഷോയും കൺവെൻഷനും വോട്ടഭ്യർഥനയുമെല്ലാം ഒരു വശത്ത് നടക്കുമ്പോൾ എതിരാളികൾക്കെതിരെ കിട്ടുന്ന ഒരു പോയന്റും വിടാതെ ആയുധമാക്കുന്ന സൈബർ പ്രചരണവും തകർക്കുകയാണ്.
ഒന്നാംഘട്ടം മണ്ഡലപര്യടനം റോഡ് ഷോകളിലൂടെ ആദ്യം പൂർത്തിയാക്കിയ എം. മുകേഷ് രണ്ടാംഘട്ടത്തിൽ വിവിധ മേഖലകളിലെ വോട്ടർമാരെ നേരിട്ടുകണ്ടുള്ള പ്രചരണത്തിലാണ് ശ്രദ്ധ നൽകുന്നത്. ജില്ല കൺവെൻഷൻ നേരത്തെ നടത്തി, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും സജീവമായി. ഇപ്പോൾ നിയോജക മണ്ഡലം കൺവെൻഷനുകളിലൂടെ വോട്ടർമാർക്കിടയിൽ കൂടുതൽ ആവേശംനിറക്കുന്ന തിരക്കിലാണ് സ്ഥാനാർഥിയും സംഘവും. ആദ്യഘട്ടത്തിൽ എൻ.കെ. പ്രേമചന്ദ്രൻ മണ്ഡലത്തിലെ പ്രധാന കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു. വെള്ളിയാഴ്ച രണ്ടാംഘട്ടം പ്രചരണം ആരംഭിക്കുന്നതിന് മുമ്പ് യു.ഡി.എഫ് ജില്ല കൺവെൻഷൻ നടത്തി പ്രവർത്തകർക്കിടയിൽ ആവേശമുയർത്തിയിട്ടുണ്ട്.
ഇതിനിടയിൽ സോഷ്യൽമീഡിയയിൽ പോര് മുറുകുകയാണ്. എൻ.കെ. പ്രേമചന്ദ്രന്റെ വിവിധ പ്രസ്താവനകൾ മുറിച്ചെടുത്ത് സംഘ് ചായ്വ് ആരോപണത്തോടെ സോഷ്യൽ മീഡിയയിൽ പറക്കുമ്പോൾ മറുവശത്ത് എം. മുകേഷിനെതിരെ വ്യാജവാർത്ത സ്ക്രീൻഷോട്ട് ഉൾപ്പെടെ കറങ്ങിത്തിരിയുന്നതായിരുന്നു ഇക്കഴിഞ്ഞ ആഴ്ചകളിലെ കാഴ്ച.
രണ്ട് സ്ഥാനാർഥികളും ഇത്തരം ആക്രമണത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചതും ആദ്യഘട്ട പ്രചാരണത്തിലെ പ്രധാന ഹൈലൈറ്റാണ്. ആദ്യഘട്ടം തന്നെ ഇത്ര സംഭവബഹുലമാകുമ്പോൾ പ്രചാരണം കൊഴുക്കുന്നതിനനുസരിച്ച് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് ഇനിയുമേറെയുയരുന്നത് വോട്ടർമാർക്ക് കാണാനാകും.
വീടുകളിൽ പ്രചാരണത്തിന് നേതാക്കൾ
കൊല്ലം: എൽ.ഡി.എഫ് കൊല്ലം സ്ഥാനാർഥി എം. മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭവനസന്ദർശനം സജീവമാക്കാൻ പ്രധാന നേതാക്കളിറങ്ങും. 16 നും 17 നും മണ്ഡലത്തിലെ ബൂത്തുകളില്‍ നടക്കുന്ന ഭവനസന്ദര്‍ശന പരിപാടിക്ക് എൽ.ഡി.എഫ് സംസ്ഥാന-ജില്ല നേതാക്കളാണ് നേതൃത്വം നല്‍കുക. സി.പി.എം പി.ബി അംഗം എം.എ. ബേബി 16ന് കൊല്ലത്തും 17ന് കുണ്ടറയിലും മന്ത്രി കെ.എന്‍. ബാലഗോപാല്‍ 16ന് ഇരവിപുരത്തും 17ന് കൊല്ലത്തും, മുതിര്‍ന്ന നേതാവ് പി.കെ. ഗുരുദാസന് 16ന് കൊല്ലത്തും 17ന് ഇരവിപുരത്തും ഭവന സന്ദര്‍ശനം നടത്തും.
സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന് 16ന് കൊല്ലം, 17ന് ഇരവിപുരം, പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി കെ. വരദരാജന് 16ന് കൊല്ലം, 17ന് ഇരവിപുരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.രാജേന്ദ്രന് -ചടയമംഗലം, പി.രാജേന്ദ്രന് -ചാത്തന്നൂര്‍, ജെ. മേഴ്സികുട്ടിയമ്മ -കുണ്ടറ, ചിന്ത ജെറോം -കൊല്ലം, എം.എച്ച്. ഷാരിയര്‍ -ചവറ, മേയര്‍ പ്രസന്ന ഏണസ്റ്റ് -കൊല്ലം, എം.എല്‍.എമാരായ എം. നൗഷാദ് -ഇരവിപുരം, ഡോ. സുജിത് വിജയന്‍പിള്ള -ചവറ എന്നീ മണ്ഡലങ്ങളില്‍ നേതൃത്വം നല്‍കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു മാവേലിക്കര, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ നേതൃത്വം നല്‍കും. മന്ത്രി ജെ. ചിഞ്ചുറാണി -ചടയമംഗലം, മുന്‍മന്ത്രിമാരായ മുല്ലക്കര രത്നാകരന് -ചടയമംഗലം, കെ. രാജു -പുനലൂര്‍, ജില്ലസെക്രട്ടറി പി.എസ്. സുപാല്‍ എം.എല്‍എ -പുനലൂര്‍, ജി.എസ്. ജയലാല്‍ എം.എല്‍.എ -ചാത്തന്നൂര്‍, ആര്. ലതാദേവി -ചടയമംഗലം, സാം കെ. ഡാനിയേല്‍ -ചടയമംഗലം എന്നീ മണ്ഡലങ്ങളിലും നേതൃത്വം നല്‍കും.
ഘടകകക്ഷി നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രന്, ബെന്നികക്കാട് (കേരള കോണ്‍ഗ്രസ്(എം), സി.കെ. ഗോപി (ജനതാദള്‍-എസ്), ജി. പത്മാകരന് (എന്‍.സി.പി), ഷെബീര്‍ മാറ്റാപള്ളി, തൊടിയില്‍ ലുക്ക്മാന്‍ (ആര്.ജെ.ഡി), എ. ഷാജു (കേരള കോണ്‍ഗ്രസ്-ബി), വേങ്ങയില്‍ ഷംസ് (കോണ്‍ഗ്രസ്-എസ്), കുറ്റിയില്‍ നിസാം (ഐ.എന്‍.എല്‍), എച്ച്. രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), പെരിനാട് വിജയന് (ജനാധിപത്യ കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ്), സാബു ചക്കുവള്ളി (ആര്.എസ്.പി. ലെനിനിസ്റ്റ്), കടവൂര്‍ ചന്ദ്രന് (ജെ.എസ്.എസ്), ഷാജഹാന് കല്ലുംതാഴം (നാഷനല്‍ ലീഗ്) എന്നിവരും വിവിധ മണ്ഡലങ്ങളില്‍ ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുക്കും.
യു.ഡി.എഫ് മണ്ഡലം കണ്വന്ഷന്
കൊല്ലം : മതേതര ഇന്ത്യയെ വീണ്ടെടുക്കാന്‍ കേരളത്തിലെ 20 ലോക്സഭ സീറ്റിലും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യു.ഡി.എഫ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി സെക്രട്ടറി എം.എം. നസീര്‍ അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന് എം.പി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഷിബു ബേബി ജോണ്‍, എ.എ. അസീസ്, വി.എസ്. ശിവകുമാര്‍, കെ.സി. രാജന്, പി. രാജേന്ദ്ര പ്രസാദ്, നൗഷാദ് യൂനുസ്, സുല്‍ഫിക്കര്‍ സലാം, എം. അന്‍സാറുദീന്‍, ശൂരനാട് രാജശേഖരന്, ബിന്ദു കൃഷ്ണ, എന്‍. അഴകേശന്, വാക്കനാട് രാധാകൃഷ്ണന്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, കുളക്കട രാജു, മോഹനന്‍പിള്ള, ചാമക്കാല ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ് വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.
രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് തുടക്കം
കൊല്ലം: യു.ഡി.എഫ് സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വെള്ളിയാഴ്ച പുനലൂരില്‍ തുടക്കമാകും.
ആദ്യഘട്ട പ്രചാരണം കഴിഞ്ഞപ്പോള്‍ തികഞ്ഞ ആത്മവിശ്വാസം നല്കുന്ന തരത്തിലുള്ള സമീപനമാണ് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.എം. നസീറും കണ്‍വീനര്‍ കെ.എസ്. വേണുഗോപാലും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടിന് ആയൂരില്‍ നിന്ന് പ്രചാരണം ആരംഭിക്കും. കൈപ്പള്ളിമുക്ക്, ഇടമുളയ്ക്കല്‍, അഞ്ചല്‍, ഏരൂര്‍, പത്തടി, ഭാരതിപുരം, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ ഉച്ചക്ക് മുമ്പ് പര്യടനം പൂര്‍ത്തിയാക്കും. വൈകീട്ട് മൂന്നിന് അഗസ്ത്യക്കോട് നിന്ന് തുടങ്ങും. ഏറം, തടിക്കാട്, വെഞ്ചേമ്പ്, കുഞ്ചാണ്ടിമുക്ക്, മാത്ര, പുനലൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡ്, ചെമ്മന്തൂര്‍, പോസ്റ്റ് ഓഫിസ് ജങ്ഷന് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.