നാട് നിറഞ്ഞ് സ്ഥാനാർഥി പര്യടനം
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് പര്യടനം നാട് നിറയുമ്പോൾ വിവിധ മേഖലകളിലെ ജനങ്ങളെ അടുത്ത് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങളിലാണ് എൽ.ഡി.എഫും യു.ഡി.എഫും. ഇരുകൂട്ടർക്കും മണ്ഡലത്തിലുടനീളം ലഭിക്കുന്നത് വൻ സ്വീകരണമാണ്. യു.ഡി.എഫിന്റെ പ്രതീക്ഷയായി കച്ചകെട്ടി വീണ്ടും ഇറങ്ങിയ എൻ.കെ. പ്രേമചന്ദ്രനും മണ്ഡലം തിരിച്ചുപിടിക്കൽ ലക്ഷ്യമിട്ട് എൽ.ഡി.എഫ് കളത്തിലിറക്കിയ എം. മുകേഷും നാടിനോട് ചേർന്നുനിൽക്കുന്ന തങ്ങളുടെ വ്യക്തിത്വങ്ങൾ കൂടി വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ്. പര്യടനത്തിന്റെ രണ്ടാംഘട്ടമായി മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും രണ്ടാമതും ഓടിയെത്തുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.
നവവോട്ടർമാരെ ലക്ഷ്യമിട്ട് ആദ്യം മുകേഷും ഇപ്പോൾ പ്രേമചന്ദ്രനും വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വോട്ടുപിടിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞദിവസങ്ങളിൽ. എൽ.ഡി.എഫ് അതിനൊപ്പം കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനുകളിലൂടെ കളംനിറയുകയാണ്.
നവവോട്ടർമാരുമായി സംവദിച്ച് എൻ.കെ. പ്രേമചന്ദ്രന്
കൊല്ലം: വിവിധ വിഷയങ്ങളിൽ നവവോട്ടർമാരുമായി സംവദിച്ച് കൊല്ലം യു.ഡി.എഫ് സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന്റെ കാമ്പസ് പര്യടനം. പ്രേമചന്ദ്രന് പ്രീഡിഗ്രി മുതല്‍ ബിരുദം വരെ പഠിച്ച ഫാത്തിമ മാതാ നാഷനല്‍ കോളജിലാണ് സംവാദയാത്രക്ക് തുടക്കമിട്ടത്. കെ.എസ്.യു, എം.എസ്.എഫ്, പി.എസ്.യു എന്നിവയുടെ നേതൃത്വത്തിൽ സ്ഥാനാർഥിയെ സ്വീകരിച്ചു.
പുതിയ വോട്ടര്‍മാരായ കോളജ് വിദ്യാർഥികളുമായി രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഹ്രസ്വമായി സംസാരിച്ചു. നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യവും കുട്ടികളുമായി പങ്കുെവച്ചു. രാജ്യത്തെ ബാധിക്കുന്ന അശാസ്ത്രീയ നിയമങ്ങളെക്കുറിച്ച കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പ്രേമചന്ദ്രന് മറുപടി പറഞ്ഞു. പഴയകാല കാമ്പസ് അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കുട്ടികള്‍ക്കൊപ്പം കോളജ് ലൈബ്രറി സന്ദര്‍ശിച്ച അദ്ദേഹം, ഫുട്ബാൾ ഗ്രൗണ്ടിൽ കിക്കെടുക്കുകയും ചെയ്തു.
കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് ജെയ്ഡന്‍ ജെര്‍മിയാസും സെക്രട്ടറി ആഷില്‍ ജോർജും ചേര്‍ന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് എസ്.എൻ കോളജ്, എസ്.എൻ വനിത കോളജ് എന്നിവിടങ്ങളിലും സന്ദർശിച്ചു. വിദ്യാർഥികളെ കണ്ട് വോട്ടഭ്യർഥന നടത്തി മുന്നേറിയ സ്ഥാനാർഥി സംഘം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചു.
കൊല്ലത്തിന്റെ അംബാസഡര്‍ എന്നതില്‍ അഭിമാനം എം. മുകേഷ്
കൊല്ലം: കൊല്ലത്തിന്റെ അംബാസഡറാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്. െതരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി പി.എസ്. സുപാല്‍ എം.എൽ.എയുടെ വസതിയില്‍ നടന്ന ഏരൂര്‍ കുന്നുംപുറം കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാരംഗത്ത് ഒട്ടനേകം കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ് കൊല്ലം. അവരിലൊരാളായി വര്‍ഷങ്ങളോളം കലാരംഗത്തുസജീവമായ താൻ എൽ.ഡി.എഫിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചപ്പോഴാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തിയതെന്നും മുകേഷ് പറഞ്ഞു. അന്തരിച്ച സി.പി.ഐ നേതാവ് പി.കെ. ശ്രീനിവാസന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പുനലൂര്‍ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പര്യടനം ആരംഭിച്ചത്.
മുല്ലക്കര രത്നാകരന് കുന്നുംപുറം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചോഴിയക്കോട് കുടുംബയോഗത്തിലും എം. മുകേഷ് പങ്കെടുത്തു. കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ തൊഴിലാളികള്‍ മുകേഷിന് സ്വീകരണം നല്കി. എൽ.ഡി.എഫ് നേതാക്കളായ കെ. വരദരാജന്, കെ. രാജു, എസ്. ജയമോഹന് എന്നിവര്‍ സ്ഥാനാർഥിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.