വേനൽച്ചൂടിലും തളരാതെ പ്രചാരണം
text_fieldsകോളജ് വിദ്യാർഥികൾക്കിടയിലും കുടുംബവേദികളിലും എം. മുകേഷ്
കൊല്ലം: കന്നിവോട്ടർമാർക്കിടയിലും കുടുംബസംഗമവേദികളിലും വോട്ടഭ്യർഥിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്. ചാത്തന്നൂർ മണ്ഡലത്തിലെ കോളജ് വിദ്യാർഥികൾക്കൊപ്പമാണ് തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. എം.ഇ. എസ് കോളജ്, എസ്.എൻ കോളജ് ചാത്തന്നൂർ, എസ്.എൻ പോളിടെക്നിക് കോളജ് എന്നിവിടങ്ങളിൽ വിദ്യാർഥികളുടെ വോട്ട് ചോദിച്ചെത്തി. സിനിമ ഡയലോഗുകൾ ഉൾപ്പെടെ പറഞ്ഞ് വിദ്യാർഥികൾക്ക് ആവേശമുയർത്തിയായിരുന്നു വോട്ടഭ്യർഥന.
എം.പിയായി തെരഞ്ഞെടുക്കപ്പെട്ടാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രധാന്യം നൽകുമെന്ന് മുകേഷ് വിദ്യാർഥികളോട് പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ കൊല്ലം നിയമസഭ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും വിവരിച്ചു. ജി.എസ്. ജയലാൽ എം.എൽ.എയും അനുഗമിച്ചു. വൈകിട്ട് ആദിച്ചനല്ലൂർ, ഇടനാട് കവണാംപള്ളി, നടയ്ക്കൽ കുഴിവേലി കിഴക്കുംക്കര, പാറയിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ കുടുംബസംഗമങ്ങളിൽ പങ്കെടുത്ത് വോട്ടഭ്യർഥിച്ച പ്രചരണം പോളച്ചിറയിലാണ് സമാപിച്ചത്. ചൊവ്വാഴ്ച പന്മന ആശ്രമത്തിൽ നിന്ന് പര്യടനം ആരംഭിക്കും. തുടർന്ന് വലിയം കോളജ്, ചവറ ഗവ. കോളജ്, എം.എസ്.എൻ കോളജ്, തേവലക്കര ഐ.ടി.ഐ എന്നിവിടങ്ങളിൽ വിദ്യാർഥികളെ കാണും. വൈകിട്ട് പുത്തൻസങ്കേതം, തെക്കുംഭാഗം, കൊല്ലക, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുക്കും.
എൻ.കെ. പ്രേമചന്ദ്രന് വേണ്ടി യൂത്ത് കോൺഗ്രസിന്റെ ‘കൊല്ലം സ്ക്വാഡ്’
കൊല്ലം: യു.ഡി.എഫ് കൊല്ലം സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ‘കൊല്ലം സ്ക്വാഡ്’ രംഗത്ത്.
സംസ്ഥാന സർക്കാരിന്റെ 10 ഭരണ പരാജയങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യ രൂപത്തിൽ ജനങ്ങളോട് സംവദിക്കുന്നതാണ് സ്ക്വാഡ് പ്രവർത്തനം. ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കൊല്ലം സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ജില്ലയൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ഹസ്ന ഹർഷാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, ഫൈസൽ കുളപ്പാടം, ശരത് മോഹൻ, അസൈൻ പള്ളിമുക്ക്, ആദർശ് ഭാർഗവൻ, കൗശിക്, ഉല്ലാസ് ഉളിയക്കോവിൽ, ആഷിക് ബൈജു, നെസ്ഫൽ കലത്തിക്കാട്, അജു ചിന്നക്കട, നിഷാദ് അസീസ്, ഹർഷാദ് മുതിരപ്പറമ്പ്, ശബരീനാഥൻ, ഗോകുൽ കടപ്പാക്കട, ആർ. മിഥുൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.