കേഡർ വോട്ടിലും ഇടിവ്; കൊല്ലത്ത് സി.പി.എമ്മിൽ ഞെട്ടൽ
text_fieldsകൊല്ലം: ലോക്സഭ മണ്ഡലത്തിലെ കനത്ത തോൽവിയിൽ അടിതെറ്റി എന്നുമാത്രമല്ല കേഡർ വോട്ട് എന്ന് കരുതിയിരുന്നതിൽ പോലും ഇടിവുണ്ടായത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് കേഡർ വോട്ടായാണ് നേതൃത്വം വിലയിരുത്തിയിരുന്നത്. അതിൽ ഇളക്കം തട്ടില്ലന്നും പിന്നെ ലഭിക്കുന്ന അധികവോട്ട് വിജയ പരാജയങ്ങളെ നിർണയിക്കുമെന്നുമായിരുന്നു വിലയിരുത്തൽ.
ബി.ജെ.പി പിടിക്കുന്ന അധിക വോട്ട് ഒരു കാരണവശാലും സി.പി.എമ്മിന്റേതാവില്ലന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഈ കണക്കുകൂട്ടലിനെ എല്ലാം അട്ടിമറിക്കുന്നതായി മത്സരഫലം. 3.5 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പാർട്ടി സ്ഥാനാർഥി കെ.എൻ. ബാലഗോപാലിന് ലഭിച്ചത്. ആ വോട്ടുപോലും മുകേഷിന് ലഭിച്ചില്ലന്ന് മാത്രമല്ല അരലക്ഷം വോട്ടിന്റെ ഇടിവും സംഭവിച്ചു.
പത്ത് ലക്ഷത്തിനടുത്ത് പോളിങ് നടന്ന മണ്ഡലത്തിൽ 2.93 ലക്ഷം വോട്ടുമാത്രം ലഭിച്ചത് പാർട്ടിക്ക് വലിയ നാണക്കേടാണ് വരുത്തിയത്.
അതേസമയം പ്രേമചന്ദ്രനും കഴിഞ്ഞ തവണ ലഭിച്ചതിലും അമ്പതിനായിരത്തിലധികം വോട്ടിന്റെ കുറവുണ്ടായി എന്ന് പറഞ്ഞാണ് പാർട്ടി നേതൃത്വം ന്യായീകരിക്കുന്നത്. പ്രേമചന്ദ്രന് കഴിഞ്ഞ തവണ ലഭിച്ച അഞ്ചുലക്ഷത്തിനടുത്ത വോട്ട് 4.43 ലക്ഷമായി കുറഞ്ഞെങ്കിലും പോളിങ് ശതമാനത്തിലെ ഇടിവ് അതിലൊരു ഘടകമാണ്. പാർട്ടിയുടെ കേഡർ വോട്ട് എന്ന് അവർ തന്നെപറയുന്ന മൂന്നരലക്ഷം പോളിങ് ശതമാനത്തിൽ വന്ന ഇടിവിൽപെടുത്താനാവുമോ എന്നതാണ് ഉയരുന്ന ചോദ്യം. പോളിങ് ശതമാനം കുറഞ്ഞത് പാർട്ടിവോട്ട് പോൾ ചെയ്യപ്പെടുന്നതിനെ ബാധിച്ചിട്ടില്ലന്ന് നേതാക്കൾ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞിരുന്നു.
അതേ സമയം ബി.ജെ.പി വോട്ട് അറുപതിനായിരത്തോളം വർധിച്ചതിൽ നല്ലൊരു പങ്ക് സി.പി.എമ്മിൽ നിന്ന് പോയതാണന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. കൊല്ലം ലോക്സഭ മണ്ഡലത്തിൽ പെടുന്ന നിയമസഭ മണ്ഡലങ്ങളിൽ 2021ൽ ഇടതിന് 4.72 ലക്ഷം വോട്ടാണ് കിട്ടിയത്.
ആ കണക്ക് പരിഗണിച്ചാൽ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 1.79ലക്ഷം വോട്ടാണ് ഇടതു പക്ഷത്തിന് കൊല്ലം ലോക്സഭയിൽ തന്നെ കുറഞ്ഞത്. തീരദേശ മേഖല ഇടതിനെ തീർത്തും കൈയൊഴിഞ്ഞതായും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നു.
കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞു
കൊല്ലം, ഇരവിപുരം നിയമസഭ മണ്ഡലങ്ങളിലാണ് സി.പി.എമ്മിന് വോട്ട് ഏറ്റവും കുറവ് ലഭിച്ചത്. കൊല്ലത്ത് 36618 വോട്ടും ഇരവിപുരത്ത് 36678 വോട്ടുമാണ് മുകേഷിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് യഥാക്രമം 58524ഉും 71571 ഉും ആയിരുന്നു.
രണ്ട് മണ്ഡലങ്ങളും സി.പി.എം എം.എൽ.എമാരാണ്. ഇരവിപുരത്ത് പകുതിയിലടുത്ത് വോട്ട് കുറഞ്ഞത് ന്യൂനപക്ഷം വിഭാഗം വൻതോതിൽ ഇടതിനെ കൈവെടിഞ്ഞതിന്റെ സൂചനയാണ് നൽകുന്നത്. ഇടതിന് 40000ൽ അധികം വോട്ട് ലഭിച്ചത് ചടയമംഗലത്തും പുനലൂരിലും കുണ്ടറയിലുമാണ്. ചടയമംഗലവും പുനലൂരും സി.പി.ഐയുടെ മണ്ഡലങ്ങളാണ്. കുണ്ടറ യു.ഡി.എഫ് മണ്ഡലവും.
മറ്റൊരു സി.പി.ഐ മണ്ഡലമായ ചാത്തന്നൂരിലും പ്രേമചന്ദ്രന് 15000 ൽ അടുത്തുമാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. നിയമസഭയിൽ ബി.ജെ.പി രണ്ടാമതെത്തിയ ചാത്തന്നൂരിൽ ഇക്കുറി ഇടത് രണ്ടാമതെത്തിയത് സി.പി.ഐയുടെ മികവായിമാത്രം കാണേണ്ടിവരും.
സി.പി.എം മണ്ഡലങ്ങളിലൊന്നും തന്നെ 20000 ൽ താഴെ ഭൂരിപക്ഷത്തിൽ പ്രേമചന്ദ്രനെ ഒതുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.