വിധിയെഴുതുമിന്ന്
text_fieldsകൊല്ലം: രണ്ട് മാസത്തോളം നീണ്ട ലോക്സഭ പോരാട്ടച്ചൂടിന് ഇന്ന് വിധിയെഴുത്തോടെ സമാപനം. രാവിലെ ഏഴ് മുതൽ രാജ്യത്തിന്റെ ഭാവിയുടെ ചൂണ്ടുവിരലാകാൻ തയാറെടുത്ത് ജനലക്ഷങ്ങൾ പോളിങ് ബൂത്തിലേക്ക് മാർച്ച് ചെയ്യും. മൂന്ന് ലോക്സഭ മണ്ഡലങ്ങളിലാണ് കൊല്ലം ജനത വിധിയെഴുതുന്നത്.
ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന കൊല്ലം, കരുനാഗപ്പള്ളി മാത്രം ഉൾപ്പെടുന്ന ആലപ്പുഴ, മൂന്ന് മണ്ഡലങ്ങൾ കടന്നുചെല്ലുന്ന മാവേലിക്കര മണ്ഡലങ്ങളിലെ 1951 പോളിങ് സ്റ്റേഷനുകളിലായി 21,32,427 വോട്ടർമാരാണ് ജില്ലയിൽ ആകെയുള്ളത്. 11,17,658 സ്ത്രീ വോട്ടര്‍മാരും 10,14,747 പുരുഷ വോട്ടര്‍മാരും 22 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഇവരിൽ 18-19 വയസ്സ് വിഭാഗത്തിലുള്ള 32921 യുവ വോട്ടർമാരാണുള്ളത്. 16382 പുരുഷന്മാരും 16539 സ്ത്രീകളുമാണ് ഈ വിഭാഗത്തിലുള്ളത്.
വയോധികർ, ഭിന്നശേഷിക്കാർ, അവശ്യ സർവിസ് വിഭാഗക്കാർ ഉൾപ്പെടെ ജില്ലയില്‍ വിവിധ വിഭാഗങ്ങളിലുള്ള പോസ്റ്റല്‍ ബാലറ്റ് നടപടിക്രമം വ്യാഴാഴ്ച പൂര്‍ത്തിയായി. ആകെ 88 ബൂത്തുകളെ പ്രശ്നബാധിതമായി കണക്കാക്കിയിട്ടുള്ള ജില്ലയിൽ വൻ സുരക്ഷ ഒരുക്കമാണ് നടത്തിയിരിക്കുന്നത്.
വ്യാഴാഴ്ച നിയോജക മണ്ഡലത്തിലെ കേന്ദ്രങ്ങളിൽനിന്ന് പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ ഉച്ചയോടെതന്നെ പോളിങ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ ഒരുക്കി തെരഞ്ഞെടുപ്പ് പ്രക്രിയ രാവിലെ തന്നെ കുറ്റമറ്റരീതിയിൽ ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ പൂർത്തിയാക്കി.
കൊല്ലം മണ്ഡലത്തിലെ പോരാട്ടക്കളത്തിൽ യു.ഡി.എഫിന്റെ സിറ്റിങ് എം.പി എൻ.കെ. പ്രേമചന്ദ്രനും എൽ.ഡി.എഫിന്റെ എം. മുകേഷും എൻ.ഡി.എയുടെ ജി. കൃഷ്ണകുമാറുമാണ് പ്രധാന എതിരാളികൾ.
2019ലെ വോട്ടർമാരുടെ എണ്ണത്തിനേക്കാൾ അധികമുള്ള കൊല്ലത്ത് കഴിഞ്ഞതവണത്തെ 74.36 ശതമാനത്തിന് മുകളിൽപോകുമോ എന്നാണ് മുന്നണികലെല്ലാം ഉറ്റുനോക്കുന്നത്. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ 1326648 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 631625 പുരുഷന്മാരും 695004 സ്ത്രീകളും 19 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. 20583 പേർ 18-19 വയസ്സുകാരാണ്. 10152 പുരുഷന്മാരും 10431 സ്ത്രീകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
യു.ഡി.എഫിന്റെ കെ.സി. വേണുഗോപാലും എൽ.ഡി.എഫിന്റെ സിറ്റിങ് എം.പി എ.എം. ആരിഫും എൻ.ഡി.എയുടെ ശോഭ സുരേന്ദ്രനും പോർക്കളം തീർക്കുന്ന ആലപ്പുഴയിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ജില്ലയിൽ കൂടുതൽ വോട്ടർമാരുള്ളത്.
214648 പേർ ആണ് ആലപ്പുഴയുടെ വിധി നിർണയിക്കുന്ന കൊല്ലത്ത് നിന്നുള്ള വോട്ടർമാർ. മാവേലിക്കരയിൽ യു.ഡി.എഫിന്റെ കൊടിക്കുന്നിൽ സുരേഷും എൽ.ഡി.എഫിന്റെ സി.എ. അരുൺകുമാറും എൻ.ഡി.എയുടെ ബൈജു കലാശാലയുമാണ് നേർക്കുനേർ. 205559 വോട്ടുള്ള കുന്നത്തൂര്‍, 200934 വോട്ടുള്ള കൊട്ടാരക്കര, 184638 വോട്ടുള്ള പത്തനാപുരം നിയോജക മണ്ഡലങ്ങൾ മാവേലിക്കരയുടെ വിധിനിർണയത്തിൽ നിർണായകമാകും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- സമ്മതിദായകര്‍ക്ക് വരി നില്ക്കാന് തണലുള്ള പ്രദേശം സജ്ജമാക്കുന്നുണ്ട്.
- ക്യൂവില്‍ ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നാല്‍ കുട/തൊപ്പി, ഷാള്‍, തോര്‍ത്ത് എന്നിവ ഉപയോഗിക്കാം
- പോളിങ് ബൂത്തിലേക്ക് കുട്ടികളെ കൂട്ടാതെ പോകുന്നതാണ് നല്ലത്
- സമ്മതിദായകര്‍ക്കും പോളിങ് ഇദ്യോഗസ്ഥര്ക്കും ആവശ്യമായ കുടിവെള്ളം ബൂത്തിന് സമീപം തന്നെ കരുതും
- പോളിങ് ബൂത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാത്ത തരത്തില്‍ വായുസഞ്ചാരം ഉറപ്പാക്കി ഫാന്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കും
- എല്ലാ സെക്ടറല്‍ ഓഫിസര്‍മാരും പോളിങ് ബൂത്തിന് ഏറ്റവും അടുത്തുള്ള പി.എച്ച്.സി/ സി.എച്ച്.സിയുമായി ബന്ധപ്പെട്ട് ആര്.ആര്.ടി സേവനം ഉറപ്പുവരുത്തും. പോളിങ് ബൂത്തില്‍ മെഡിക്കല്‍ കിറ്റുമുണ്ടാകും
- സൂര്യാതപം, നിര്‍ജലീകരണം എന്നിവ വഴി ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താല്‍ വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണം
ചൂടാണ് ജാഗ്രത വേണം
കൊല്ലം: തെരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്നൊരു ചൂടും ഇല്ലെങ്കിലും ഇത്തവണ ജില്ലയിൽ കത്തിയാളുന്ന താപനിലയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പുലർത്തേണ്ടത് അതിജാഗ്രത. ഏപ്രിൽ 29 വരെ 39 ഡിഗ്രി സെൽഷ്യസിലേക്ക് വീണ്ടും താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയോടൊപ്പം ഈര്‍പ്പമുളള വായുവും കൂടിയാകുമ്പോള്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാണ് ജില്ലയെ ചുട്ടുപൊള്ളിക്കുന്നത്.
ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും വോട്ടർമാരും ഒരുപോലെ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.