അവസരമുണ്ട്, അന്തരീക്ഷമുണ്ട്; മനസ്സുവെച്ചാൽ കൊല്ലം കുതിക്കും
text_fieldsകൊല്ലം: ലോക്സഭ പോർക്കളത്തിൽ കൊല്ലം മണ്ഡലത്തിൽ തുടർച്ചയായി മൂന്ന് തവണ യു.ഡി.എഫ് തോറ്റ പരിതസ്ഥിതിയിലാണ് യാദൃശ്ചികമായി 2009ൽ മത്സരിക്കാനുള്ള നിയോഗം മുന്നണി എനിക്ക് നൽകിയത്. നല്ല പ്രവർത്തകരും സന്മനസുള്ള പൊതുസമൂഹവും കൊല്ലത്തിന്റെ പ്രത്യേകതയാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെ ട്രേഡ് യൂനിയൻ പ്രവർത്തകരും ഏത് പോരിനും തയാറായി കളം നിറഞ്ഞുനിൽക്കുന്ന പ്രതീതിയാണ് മണ്ഡലം മുഴുവനുമുള്ളത്. ജാതി-മത വികാരങ്ങളുടെ തിമിരം ബാധിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് കൊല്ലം.
മത്സരിക്കാൻ എത്തുമ്പോൾ പ്രതാപങ്ങളുടെ ചക്രവാളത്തിൽ നിറഞ്ഞ് നിന്നയാളല്ല ഞാൻ. യു.ഡി.എഫിന്റെ പുനസ്ഥാപനം നിർവഹിച്ച് ആ പ്രസ്ഥാനത്തെ കേടുകൂടാതെ കൊണ്ടുനടന്ന കെ. കരുണാകരൻ എന്ന ലീഡർ ജീവിച്ചിരുന്ന കാലമായിരുന്നു അത്. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട് കൊല്ലത്ത് പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ ചികഞ്ഞ് നോക്കാൻ വന്നവരും കൊത്തിപറിക്കാൻ വന്നവരും എന്നെ വളഞ്ഞു. പക്ഷേ, കൊല്ലംകാരുടെ സ്നേഹമാണ് എനിക്ക് ഗുണകരമായി ഭവിച്ചത്. സ്നേഹത്തോടെ ഏറ്റെടുക്കണമെന്ന് കൊല്ലംകാർ വിചാരിച്ചാൽ പിന്നെ തപ്പും തരികിടയും പറയാതെ അവർ ഏറ്റെടുക്കും. അങ്ങനെ ഒരു അവസരമായിരുന്നു എനിക്ക് കൈവന്നത്.
വികസന കാര്യത്തിൽ കൊച്ചിക്ക് സമാനമായ നേട്ടങ്ങൾക്ക് സാധ്യതയുള്ള ഭൗതിക സാഹചര്യങ്ങളാണ് കൊല്ലത്തുള്ളത്. കടലും കായലും പുഴകളും എല്ലാമുണ്ട്. മനോഹരമായ ഭൂതല പ്രകൃതിയും സമുദ്ര സാമീപ്യവും ഉള്ള കൊല്ലം എന്തുകൊണ്ടോ വികസന കാര്യത്തിൽ പിറകിലായി. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകിയിരുന്ന നാടായിരുന്നു കൊല്ലം. കശുവണ്ടി, കൈത്തറി, ചകിരി, കളിമണ്ണ്, സ്റ്റാർച്ച് ഇവയെല്ലാം അനവധി പേരുടെ തൊഴിൽ മേഖലയായിരുന്നു. മലയാളക്കരയിലെ പ്രമുഖതുറമുഖങ്ങളിലൊന്നാണ് കൊല്ലം.
അനന്തമായ കരിമണൽ സംഭരണം യാഥോചിതം പ്രോസസ് ചെയ്യാനും വികസിപ്പിച്ച് എടുക്കാനും എന്തുകൊണ്ടോ നമുക്ക് കഴിഞ്ഞില്ല. കെ. കരുണാകരൻ പദ്ധതിയിട്ട് സി.വി. പത്മരാജൻ തുടക്കമിട്ട പരവൂരിലെ മത്സ്യ ബന്ധന തുറമുഖം ഇപ്പോഴും ശൂന്യതയിൽ നിൽക്കുന്നു. സീ ട്രെയിൻ പദ്ധതിക്ക് ഞാൻ എം.പിയായിരുന്ന കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തുടക്കമിട്ടെങ്കിലും ഫലമുണ്ടായില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ മിൽ ആയിരുന്ന പാർവതി മിൽ മുരടിച്ചുപോയി. കടൽ വെള്ളത്തിൽ നിന്ന് ശുദ്ധജലം ഉണ്ടാക്കാനുള്ള പദ്ധതിക്ക് എം.പിയായിരിക്കെ കേന്ദ്രമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുല്ല സന്ദർശനം വരെ നടത്തിയിരുന്നു, നടപ്പായില്ല.
ഇതിനൊന്നും ആരെയും കുറ്റം പറയുന്നില്ല. വർഷങ്ങളായി മുടങ്ങിക്കിടന്ന ബൈപാസ് നിർമാണം പുനരാരാഭിക്കാൻ വഴിയൊരുക്കാൻ സാധിച്ചു. ശക്തമായ റെയിൽവെ വികസനത്തിനും വഴിയൊരുക്കാനായി. തുറമുഖം പുനസ്ഥാപിക്കാനും കഴിഞ്ഞു. കായൽ ടൂറിസത്തിന് എക്കോ സ്പോട്ട് ആകാൻ കൊല്ലം പോലെ വേറെ സ്ഥലമില്ല. അഷ്ടമുടി കായൽ ഇന്ന് അഴുക്ക് ചാലായി മാറി. പരവൂരിന്റെയും പുനലൂരിന്റെയും ഒക്കെ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല.
രാഷ്ട്രീയം വാഗ്വാദമേഖല ആക്കി മാറ്റാനല്ലാതെ വികസനത്തിന്റെയും തൊഴിൽ അവസരത്തിന്റെയും പുതിയ മാനങ്ങൾ കണ്ടെേത്താൻ നാം ശ്രദ്ധിച്ചില്ല, ശ്രമിച്ചില്ല. കൊല്ലത്തിന്റെ സാധ്യതകൾ എണ്ണിയാലൊടുങ്ങാത്തതാണ്. കരിമണൽ പ്രോസസിങ് പൂർണമായും ജില്ലയിൽ നടത്തിയാൽ അരലക്ഷത്തോളം തൊഴിൽ നൽകാനാകും. മത്സ്യബന്ധന സാധ്യതയും ഇതുപോലെ വികസിപ്പിക്കാനാകും. ഇനിയും അവസരമുണ്ട്, അന്തരീക്ഷമുണ്ട്. മികച്ച എജ്യൂക്കേഷൻ ഹബ് ആയി വളരാൻ ഭാവി സാധ്യതകളുണ്ട്.
കൊല്ലം,പരവൂർ, അഷ്ടമുടി, കരുനാഗപ്പള്ളി, പുനലൂർ മേഖലകളെ കോർത്തിണക്കി കൊല്ലത്തെ വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്രമാക്കാൻ അവസരം വൈകിയിട്ടില്ല. ഒരു രാഷ്ട്രീയ കക്ഷിയെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. വികസനം ഡയലോഗിൽ ഒതുങ്ങിയാൽ അനുഭവം ഇപ്പോഴത്തേതാകും എന്ന ഓർമപ്പെടുത്തൽ മാത്രം. കൊല്ലം വികസനത്തിന്റെ തരംഗഭൂമിയായി മാറുക തന്നെ ചെയ്യും. സർക്കാരും ജനനേതാക്കളും മനസുവെച്ചാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.