ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; ഡീസൽ ടാങ്ക് പൊട്ടി തീപടർന്നു
text_fieldsകൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കിഴക്കേതെരുവ് ജങ്ഷന് സമീപം കൊട്ടാരക്കരയിൽ സിമൻറ് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡീസൽ ടാങ്ക് പൊട്ടി തീ പടർന്നു. ഡ്രൈവർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം പുലർച്ചെ അഞ്ചിന് കൊട്ടാരക്കര കിഴക്കേത്തെരുവ് സെൻറ് മേരീസ് സ്കൂളിന് സമീപത്തെ വളവിലാണ് സംഭവം. ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കോട്ടയിൽനിന്ന് കൊല്ലത്തേക്ക് സിമൻറുമായി എത്തിയതാണ് ലോറി.
ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ടതാണെന്നാണ് കരുതുന്നത്. റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം ഓടക്ക് മുകളിലൂടെ സമീപത്തെ വീടിെൻറ മുറ്റത്തേക്ക് കടന്നാണ് ലോറി മറിഞ്ഞത്. വീടിന് കുറച്ചുഭാഗത്ത് മാത്രമാണ് മതിലുണ്ടായിരുന്നത്, ഇത് തകർന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിനും തകരാറുണ്ടായി. ലോറി മറിഞ്ഞതോടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ പുറത്തേക്കൊഴുകി.
വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ സ്പാർക്കിങ്ങിൽ തീ പടർന്നു. ലോറിയുടെ കുറച്ചു ഭാഗത്തേക്ക് തീ പടർന്നപ്പോഴേക്കും കൊട്ടാരക്കരനിന്ന് ഫയർഫോഴ്സ് എത്തി.ഫയർഫോഴ്സിെൻറ സമയോചിതമായ ഇടപെടലിലാണ് തീ കെടുത്താനായതും വലിയദുരന്തം ഒഴിവായതും. ടോറസിെൻറ ടയറുകളെല്ലാം മോശം അവസ്ഥയിലാണ്. സിമൻറുപോലെ കൂടുതൽ ഭാരമുള്ള ലോഡ് കയറ്റിവരുന്ന വാഹനങ്ങൾക്ക് ഇത്ര മോശം ടയറുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് ടയർ പൊട്ടിയതെന്നാണ് അനുമാനം. ഇവിടം സ്ഥിരം അപകടമേഖലയാണ്. നിരവധി പേരുടെ ജീവനുകൾ ഈ കൊടുംവളവിൽ പൊലിഞ്ഞിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.