ഉച്ചഭാഷിണി നിരോധനം: വലഞ്ഞ് കലാകാരന്മാർ
text_fieldsകൊല്ലം: രാത്രി 10ന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലെ നിരോധനം തങ്ങളുടെ വയറ്റത്തടിക്കുന്നതായി കലാകാരന്മാർ. നിരോധനം കാരണം സാംസ്കാരിക പരിപാടികളിലും ഉത്സവങ്ങളിലും കലാപരിപാടികൾ അവതരിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് നേരിടുന്നത്.
ഉച്ചഭാഷിണി 10 കഴിഞ്ഞാൽ ഉപയോഗിക്കാൻ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിപാടികൾ നടക്കുമ്പോൾ ബലം പ്രയോഗിച്ച് പൊലീസ് നിർത്തിവെപ്പിച്ച സന്ദർഭങ്ങൾ നിരവധിയാണ്. ഉത്സവങ്ങളിൽ ഈ സമയപരിധിക്കുള്ളിൽ തീർക്കാൻ കഴിയാത്തതിനാൽ പരിപാടികൾ വെട്ടിച്ചുരുക്കുകയാണ് സംഘാടകർ. മുമ്പ് നാടകം, ഗാനമേള എന്നിങ്ങനെ വിവിധ പരിപാടികൾ ഒരു ദിവസം തന്നെ നടത്തിയിരുന്നത് ഏതെങ്കിലും ഒന്നായി ചുരുക്കേണ്ട സ്ഥിതിയാണ്. പരിപാടികൾ ബുക്ക് ചെയ്യാതെ ഉത്സവ കമ്മിറ്റികൾ പിന്തിരിയുന്നത് കലാകാരന്മാരുടെ അവസരങ്ങളെയാണ് ഇല്ലാതാക്കുന്നത്.
പലയിടത്തും പരിപാടികൾ രാത്രി 10ന് നിർത്തുന്നത് കാണികളുമായി വാക്കേറ്റത്തിനും പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതുകൂടാതെയാണ്, പരിപാടി കഴിഞ്ഞ് ഉപകരണങ്ങൾ കെട്ടിയിറങ്ങാനുള്ള ഒരുക്കത്തിനിടെ പൊലീസ് എത്തി പിടിച്ചെടുക്കുന്ന സംഭവങ്ങളും. വർഷത്തിൽ അഞ്ച് മാസം മാത്രം ലഭിക്കുന്ന ഉത്സവ സീസണിലെ വേദികളാണ് സ്റ്റേജ് കലാകാരന്മാരുടെ പ്രധാന വരുമാനമാർഗം. ഇതിനാണ് കർശന നിരോധനം കാരണം അടിപറ്റിയിരിക്കുന്നത്.
അതേസമയം, രാത്രിയിലെ ഉച്ചഭാഷിണി നിരോധനം സംബന്ധിച്ച നിയമത്തിൽ കലാകാരന്മാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് അധികൃതരുടേത് എന്നും ആക്ഷേപമുണ്ട്. സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയെന്ന് മന്ത്രി ഓഫിസിൽ നിന്നുപോലും പറയുമ്പോൾ, സുപ്രീംകോടതി അത്തരത്തിൽ വിധി പുറപ്പെടുവിച്ചിട്ടില്ല എന്നാണ് കലാകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. രാത്രി നിരോധന സമയത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാം എന്ന് വ്യക്തമായി സുപ്രീംകോടതി പറഞ്ഞ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് എന്നും അവർ പറയുന്നു.
സുപ്രീംകോടതി വിധിയിൽ രാത്രി 10 മുതൽ 12 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് ഉള്ളത്. ഇത് കൂടാതെ വർഷത്തിൽ 15 ദിവസം ഓരോ സ്ഥലങ്ങളിലും പ്രത്യേക ഇളവ് അനുവദിക്കാം എന്നും വിധിയിൽപറയുന്നു. ഈ നിർദേശങ്ങൾ പാടെ മറച്ചുവെച്ചാണ് കടുത്ത നടപടികൾ കേരളത്തിൽ നടക്കുന്നത്. കർണാടക പോലുള്ള ഇതര സംസ്ഥാനങ്ങളിൽ സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ച് സർക്കാർ രാത്രി 12 വരെ പരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഈ സാഹചര്യം കേരളത്തിലും വരണമെന്നാണ് 22 കലാ വിഭാഗം സംഘടനകളുടെ കൂട്ടായ്മയായ ആർടിസ്റ്റ് എജന്റ്സ് കോഓഡിനേഷൻ കമ്മിറ്റി (എ.എ.സി.സി) ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകി കാത്തിരിക്കുകയാണ് കലാകാരന്മാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.