രക്ഷാപ്രവർത്തനം ആയിരം കിലോമീറ്റർ അകലെ; ആശ്രയമായി ബങ്കർ മാത്രം
text_fieldsകൊല്ലം: ആയിരം കിലോമീറ്ററുകൾക്കപ്പുറം യുക്രെയ്നിൽ നിന്ന് ഇന്ത്യൻ സംഘവുമായി നാട്ടിലേക്ക് വിമാനം പറക്കുമ്പോഴും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പുറത്തിറങ്ങുക എന്ന എംബസിയുടെ കൈയൊഴിയലിൽ ആശങ്കയുടെ ബങ്കറിലൊളിച്ച് കഴിയുകയാണ് കരുനാഗപ്പള്ളി സ്വദേശിനി ഐശ്വര്യ ഉൾപ്പെടെ ആയിരങ്ങൾ.
റഷ്യൻ അതിർത്തിയിൽ നിന്ന് അര മണിക്കൂർ കൊണ്ട് യാത്ര ചെയ്ത് എത്താവുന്ന ഖർകീവിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരിൽ ഒരാളാണ് ഈ മെഡിക്കൽ വിദ്യാർഥിനി.
യുദ്ധം തുടങ്ങിയത് മുതൽ ഫ്ലാറ്റിന് താഴെയുള്ള ബങ്കറിലൊളിച്ചുകഴിയുകയാണ് ഐശ്വര്യയും സുഹൃത്തുക്കളും. ഖർകീവ് ഇന്റർനാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് കരുനാഗപ്പള്ളി തഴവ കുതിരപ്പന്തിയിൽ ഐശ്വര്യ ഹൗസിൽ ലാൽ-സിമി ദമ്പതികളുടെ മകളായ ഐശ്വര്യ.
ഇന്ത്യ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും യുദ്ധമുനമ്പിൽ അകപ്പെട്ടുപോയ തങ്ങൾക്കായി രക്ഷയുടെ കരം എപ്പോൾ വരുമെന്നറിയാത്ത സ്ഥിതിയാണെന്ന് ഐശ്വര്യ പറയുന്നു.
''യുദ്ധം അധികം മുറിവേൽപ്പിക്കാത്ത പടിഞ്ഞാറൻ മേഖലയിലുള്ളവർക്കാണ് ഇപ്പോൾ സുരക്ഷിത കേന്ദ്രങ്ങളിൽ എത്താൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ, ആദ്യദിനം മുതൽ ആക്രമണകേന്ദ്രമായ ഖർകീവിലാണ് ഞങ്ങൾ. ഇവിടെ നിന്ന് പോളണ്ട്, റുമേനിയ അതിർത്തികൾ ആയിരം കിലോമീറ്റർ വരെ അകലെയാണ്. പുറത്ത് കടക്കാതെ എവിടെയാണോ ഉള്ളത് അവിടെയിരിക്കാനാണ് എംബസി പറയുന്നത്. പുറത്തിറങ്ങുന്നത് സ്വന്തം റിസ്കിൽ മാത്രം എന്നതാണ് എംബസി നിലപാട്. റോഡ് മാർഗം സുരക്ഷിത സ്ഥലത്തേക്ക് പോകാനാകില്ല. പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നില്ല. ഏതെങ്കിലും വാഹനത്തിൽ ഇനി പോകാമെന്ന് കരുതിയാലും അതിന് കിയവ് കടക്കണം.
ട്രെയിനും റിസ്ക് തന്നെയാണ്. ഇടക്ക് ഫ്ലാറ്റിൽ ചെന്ന് ആഹാരം ഉണ്ടാക്കി പെട്ടെന്ന് തിരികെ ബങ്കറിൽ പോയി ഇരിക്കുകയാണ്. ഉറക്കമുൾപ്പെടെ ദിവസത്തിന്റെ ഭൂരിഭാഗവും ബങ്കറിലാണ്. 24ന് തന്നെ അത്യാവശ്യം സാധനങ്ങൾ വാങ്ങിസൂക്ഷിച്ചിരുന്നു. ഇനി മൂന്ന് ദിവസം കൂടി അവ ഉണ്ടാകും. പടിഞ്ഞാറൻ മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ ഞങ്ങളുടെ മേഖലയിൽ എത്താൻ ദിവസങ്ങൾ എടുക്കും. അതുവരെ ഭക്ഷണം ഉൾപ്പെടെ അവശ്യവസ്തുക്കൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഒരു ഗ്യാരന്റിയും ഇല്ല''- ഐശ്വര്യ പറയുന്നു.
ഐശ്വര്യക്കൊപ്പം മലയാളികളും തമിഴ്നാട്ടുകാരുമായ എട്ട് മെഡിക്കൽ വിദ്യാർഥികളുമുണ്ട്. തങ്ങൾ നേരേത്ത യുക്രെയ്ൻ വിടാത്തതിനെകുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളും ഈ കുട്ടികളുടെ മനസ്സ് തകർക്കുന്നുണ്ട്. രാജ്യം വിടണമെന്ന കൃത്യമായ നിർദേശം നൽകാത്ത എംബസി മുതൽ അടിയന്തര സാഹചര്യം പോലും പണക്കൊയ്ത്തിന് ഉപയോഗിച്ച വിമാനക്കമ്പനികൾ വരെ തങ്ങളെ നോവിച്ചതിന്റെ വിശദാംശങ്ങളും അവർ പങ്കുെവക്കുന്നു. നാട്ടിൽ ആധിയിൽ കഴിയുന്ന കുടുംബവുമായി സംസാരിക്കാൻ കഴിയുന്നത് മാത്രമാണ് ഏക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.