ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്റെ ആത്മഹത്യ: സാക്ഷി വിസ്താരം ആരംഭിച്ചു
text_fieldsകൊല്ലം: രണ്ടാംഭാര്യയെയും അവരുടെ മകളെയും കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ സാക്ഷി വിസ്താരം കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി വി. ഉദയകുമാറിന് മുന്നിൽ ആരംഭിച്ചു. കുണ്ടറ ഇളമ്പള്ളൂർ പുനുക്കന്നൂർ വായനശാല ജങ്ഷന് സമീപം പൊയ്കയിൽ വീട്ടിൽ മധുസൂദനൻപിള്ളയാണ് ഭാര്യ ജയലക്ഷ്മിയെയും മകൾ കാർത്തികയെയും വെട്ടിക്കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.
2016 ജനുവരി 26നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന മധുസൂദനൻ പിള്ളയുടെ ആദ്യ ഭാര്യ മരിച്ചതിന് ശേഷമാണ് ചവറ സ്വദേശിനിയായ ജയലക്ഷ്മിയെ വിവാഹം കഴിച്ചത്. ജയലക്ഷ്മിയുടെയും രണ്ടാംവിവാഹമായിരുന്നു. ജയലക്ഷ്മിയുടെ ആദ്യ വിവാഹത്തിലെ മകളാണ് കൊല്ലപ്പെട്ട കാർത്തിക. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് മധുസൂദനൻ പിള്ള ഹാളിന്റെ ഭിത്തിയിലും അടുക്കളയുടെ ചുമരിലും പ്രേരിപ്പിച്ച കാര്യങ്ങൾ എഴുതിയിട്ടിരുന്നു.
വിവാഹശേഷം ബ്യൂട്ടീഷ്യൻ സ്ഥാപനം നടത്തിവന്നിരുന്ന ജയലക്ഷ്മി പിന്നീട് ആശുപത്രിമുക്കിലുള്ള ചക്രവർത്തി ലോഡ്ജിൽ റിസപ്ഷനിസ്റ്റായി ജോലിക്ക് പോയിരുന്നു. ചക്രവർത്തി ലോഡ്ജിന്റെ നടത്തിപ്പുകാരായ അഡ്വ. പ്രിൻസ് പണിക്കർ, പിതാവ് ലൂക്കോസ് പണിക്കർ എന്നിവർ മധുസൂദനൻപിള്ളയെ ഭീഷണിപ്പെടുത്തിയിരുന്നു.
മധുസൂദനൻ പിള്ളയുടെ പേരിലുള്ള വീടും വസ്തുവും ജയലക്ഷ്മിയുടെ പേരിൽ എഴുതിവെക്കണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. ഭീഷണിയെത്തുടർന്ന് മധുസൂദനനൻ പിള്ള വസ്തു ജയലക്ഷ്മിയുടെ കൂടി പേരിൽ എഴുതി നൽകി. തുടർന്നും ജയലക്ഷ്മി പ്രിൻസ് പണിക്കരുമായുള്ള ബന്ധം തുടരുകയും ഇയാൾ തന്റെ ജീവിതം നശിപ്പിച്ചുവെന്നും മറ്റും മധുസൂദനൻ പിള്ള ഭിത്തിയിൽ എഴുതിയിരുന്നു.
ആത്മഹത്യ പ്രേരണക്കും ഭീഷണിപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്തിയെന്നും ആരോപിച്ച് പ്രിൻസ് പണിക്കർ, ലൂക്കോസ് പണിക്കർ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കുണ്ടറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മൃതശരീരങ്ങളുടെ ഇൻക്വസ്റ്റ് പരിശോധന നടത്തിയ സമയം ഉണ്ടായിരുന്ന സാക്ഷികളുടെ വിസ്താരം പൂർത്തിയായി. മറ്റ് സാക്ഷികളെ വിസ്തരിക്കുന്നതിനായി മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.