സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് കൊല്ലത്തെ റിട്ട. ഉദ്യോഗസ്ഥയുടെ അരക്കോടി തട്ടിയ വിരുതൻ റിമാൻഡിൽ
text_fieldsകൊല്ലം: സാമൂഹികമാധ്യമം വഴി വ്യാജ അക്കൗണ്ടുകളുണ്ടാക്കി 60 ലക്ഷം രൂപ ഓൺലൈനായി കൊല്ലം സ്വദേശിനിയിൽനിന്ന് തട്ടിയെടുത്ത കേസിൽ മിസോറം സ്വദേശി ഡൽഹിയിൽനിന്ന് സിറ്റി സൈബർ പൊലീസിെൻറ പിടിയിലായി. മിസോറം ഐസ്വാൾ ഉത്തംനഗറിൽ താമസിക്കുന്ന ലാൽറാം ചൗന (26)യാണ് പിടിയിലായത്.
ആറ് മാസം മുമ്പ് കൊല്ലം നഗരത്തിലെ വിരമിച്ച ഉദ്യോഗസ്ഥയുമായി സാമൂഹിക മാധ്യമംവഴി സൗഹൃദം സ്ഥാപിച്ചു. താൻ വിദേശരാജ്യത്ത് താമസിക്കുന്ന അതിസമ്പന്നനായ വ്യക്തിയാണെന്നും മറ്റുമുള്ള തെറ്റായ വിവരങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും വിശ്വാസം പിടിച്ചുപറ്റി കൂടുതൽ ആത്മബന്ധം സ്ഥാപിക്കുകയായിരുന്നു.
തുടർന്ന് കോടികൾ വിലവരുന്ന സമ്മാനം വിദേശത്തുനിന്ന് അയക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരാതിക്കാരിയെ ഫോണിൽ ബന്ധപ്പെടുകയും കോടികൾ വിലപ്പിടിപ്പുള്ള സമ്മാനം വന്നിട്ടുണ്ടെന്നും കൈപ്പറ്റാൻ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച് അരക്കോടിയിലധികം തുക പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് ശേഷവും സമ്മാനം ലഭിക്കാത്തതിനാൽ സൈബർ പൊലീസുമായി ബന്ധപ്പെട്ടു. കൊല്ലം സൈബർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിവന്ന അന്വേഷണത്തിൽ ഇയാളെ ഡൽഹിയിൽനിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിരവധി തവണകളായി പണം കൈമാറിയതായി കണ്ടെത്തി.
ഇയാളെ ഡൽഹിയിലെ ദ്വാരക കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കൊല്ലം ചീഫ് ജുഡീഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുണ്ടായിരുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങൾ സാവധാനം മനസ്സിലാക്കി വൈകാരികമായി സമ്മർദത്തിലാക്കി പണം തട്ടുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി. ജില്ല പൊലീസ് മേധാവി ടി. നാരായണെൻറ നിർദേശാനുസരണം അസി. പൊലീസ് കമീഷണർ സക്കറിയ മാത്യു, സൈബർ പൊലീസ് ഇൻസ്പെക്ടർ എച്ച്. മുഹമ്മദ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മനാഫ്, എ.എസ്.ഐ നിയാസ്, സി.പി.ഒ സതീഷ്, ജിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.