അഷ്ടമുടിക്കായലിലെ കൈയേറ്റങ്ങൾക്കെതിരെ നടപടി കടുപ്പിക്കുമെന്ന് ആവർത്തിച്ച് മേയർ
text_fieldsകൊല്ലം: അഷ്ടമുടിക്കായലിലെ കൈയേറ്റങ്ങളും നഗര റോഡുകളിലെ അനധികൃത വഴിവാണിഭങ്ങളും ഉൾപ്പെടെ നീക്കുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് കൗൺസിൽ യോഗത്തിൽ ആവർത്തിച്ച് മേയർ പ്രസന്ന ഏണസ്റ്റ്. കോർപറേഷൻ പരിധിയിൽ വരുന്ന അഷ്ടമുടിക്കായലിന്റെ പ്രദേശങ്ങളിലും സമീപത്തെ 12 പഞ്ചായത്തുകളിലെ പരിധിയിലെ പ്രദേശങ്ങളിലുമുള്ള കൈയേറ്റം കലക്ടറുടെയും റവന്യൂ വകുപ്പിന്റെയും ശ്രദ്ധയിൽപെടുത്തി നടപടി സ്വീകരിക്കുന്നതിന് നേതൃത്വം നൽകും. കായലിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും പിഴ ഈടാക്കാനും ഹെൽത്ത് സ്ക്വാഡ് നടപടി വ്യാപകമാക്കും. പിഴയീടാക്കുന്നതിന്റെ ഉൾപ്പെടെ റിപ്പോർട്ട് അടുത്ത കൗൺസിലിൽ വെക്കുമെന്നും മേയർ അറിയിച്ചു.
അഷ്ടമുടിയിലെ അരവിള കടവിലും കണിയാൻ കടവിലുമുള്ള കൈയേറ്റം സംബന്ധിച്ച് അടിയന്തരനടപടി വേണമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ആവശ്യപ്പെട്ടു. ജില്ല ആശുപത്രിക്കും വിക്ടോറിയ ആശുപത്രിക്കും മുന്നിൽ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്തവിധവും ചിന്നക്കടയിൽ പോസ്റ്റ് ഓഫിസിന് മുന്നിലെ വഴിയോര കച്ചവടം പിടിവിടുന്നതിനും സമാനമായി നഗരത്തിൽ പലയിടത്തെയും പ്രതിസന്ധി അദ്ദേഹം ഉന്നയിച്ചു. ജില്ല ആശുപത്രിയുടെ ഓക്സിജൻ പ്ലാന്റിന് മുന്നിൽ ഗ്യാസ് അടുപ്പ് ഉൾപ്പെടെ വെച്ചുള്ള ചായക്കട കച്ചവടം അപകടം ക്ഷണിച്ചുവരുത്തുമെന്ന് സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര ചൂണ്ടിക്കാട്ടി. നഗരത്തിലെ റോഡുകൾ കൈയേറിയുള്ള അനധികൃത കച്ചവടങ്ങൾക്കെതിരെ ഉദ്യോഗസ്ഥർക്ക് നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്ന് സ്ഥിരംസമിതി അധ്യക്ഷൻ ജി. ഉദയകുമാർ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ എസ്. ജയൻ, എ.കെ. സവാദ്, കൗൺസിലർമാരായ ടി.ജി. ഗിരീഷ്, കുരുവിള ജോസഫ്, പുഷ്പാംഗദൻ, സ്വർണമ്മ, സോമരാജൻ, ടോമി, നിസാമുദീൻ, നൗഷാദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.