മയ്യനാട് റെയിൽവേ സ്റ്റേഷൻ തരംതാഴ്ത്തൽ ഭീഷണിയിൽ
text_fieldsമയ്യനാട്: മുൻ മുഖ്യമന്ത്രി സി. കേശവന്റെയും സി.വി. കുഞ്ഞുരാമന്റെയും നാടായ മയ്യനാട്ടെ റെയിൽവേ സ്റ്റേഷൻ തരംതാഴ്ത്തൽ ഭീഷണിയിൽ. ഇതിന്റെ ഒന്നാം ഘട്ടമെന്ന വണ്ണം ഇവിടെ നിന്ന് സ്റ്റേഷൻ മാസ്റ്ററെ പിൻവലിച്ചിരുന്നു. ഇപ്പോൾ ക്ലാർക്ക് ഇൻചാർജിനെയും മാറ്റി ടിക്കറ്റ് വിൽപന സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പത്ത് എക്സ്പ്രസ് ട്രെയിനുകൾക്കും നാല് പാസഞ്ചർ ട്രെയിനുകൾക്കും മെമു ട്രെയിനും സ്റ്റോപ്പുള്ള മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വരുമാനത്തിന്റെ കാര്യത്തിൽ കുറവൊന്നുമില്ല. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും നിരന്തര ആവശ്യത്തെ തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇവിടെ രണ്ടുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായ ഈ സ്റ്റേഷനിൽ ടിക്കറ്റ് വിൽപന സ്വകാര്യവത്കരിച്ചാൽ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ് ഇല്ലാതാകുന്നതിനോടൊപ്പം സീസൺ ടിക്കറ്റുകളും ലഭിക്കാതാകും. ക്ലർക്ക് ഇൻ ചാർജിനെ മാറ്റി സ്വകാര്യ ഏജന്റിനെ നിയമിക്കാനുള്ള റെയിൽവേയുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി റാഫേൽ കുര്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.