ജില്ലയില്‍ വീണ്ടും എം.ഡി.എം.എ വേട്ട
text_fieldsകിളികൊല്ലൂര്‍: ജില്ലയില്‍ വീണ്ടും എം.ഡി.എം.എ വേട്ട. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്. എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേരെ കരിക്കോട് ലോഡ്ജില്‍ നിന്ന് പിടിച്ചതാണ് ഒടുവിലത്തെ സംഭവം.
കിളികൊല്ലൂര്‍ കല്ലുംതാഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍ (23), ഭാര്യ ബിന്‍ഷ (21), കിളികൊല്ലൂര്‍ കല്ലുംതാഴം പാല്‍ക്കുളങ്ങര കാവടി നഗര്‍ മനീഷയില്‍ അവിനാശ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗര്‍-ഉദയ മന്ദിരത്തില്‍ അഖില്‍ ശശിധരന്‍ (22) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 23 ഗ്രാം എം.ഡി.എം.എ, 1,30,000 രൂപ എന്നിവയും കണ്ടെത്തി.
കിളികൊല്ലൂര്‍-കരിക്കോട് പ്രദേശത്തെ സ്‌കൂള്‍-കോളജ് വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ലഹരി മരുന്നാണിതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അജു മന്‍സൂറിനെതിരെ സമാനകുറ്റത്തിന് കേസ് നിലവിലുണ്ട്.
രാത്രി ആഡംബര കാറിലും ബൈക്കുകളിലും കറങ്ങി നടന്ന് ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളില്‍ എം.ഡി.എം.എ എത്തിച്ചുനല്‍കുന്നതാണ് സംഘത്തിന്റെ രീതി. സ്ത്രീകളെ മറയാക്കിയാണ് ഈ നാലംഗ സംഘം പ്രവര്‍ത്തിച്ചിരുന്നത്.
ജില്ല പൊലീസ് മേധാവി മെറിന്‍ജോസഫിന്റെ നിര്‍ദേശപ്രകാരം ഒരുമാസത്തിലേറെയായി നാർകോട്ടിക് സെല്‍ അസി. കമീഷണര്‍ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം സിറ്റി പരിധിയിലെ ലഹരിവില്‍പനയെക്കുറിച്ച് രഹസ്യ അന്വേഷണം നടത്തുകയും ഡി.ജെ പാര്‍ട്ടിക്കും മറ്റും എം.ഡി.എം.എ വിതരണം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.പി. അനീഷ്, വി. സ്വാതി, ലഗേഷ്‌കുമാര്‍, ജയന്‍ കെ. സക്കറിയ, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍, എ.എസ്.ഐ മനോജ്കുമാര്‍, സി.പി.ഒമാരായ ഷണ്‍മുഖദാസ്, സാജ്, എം. അനീഷ്, ഡാന്‍സാഫ് ടീംമംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജറോം, സിനു, മനു, രിപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, പിടിയിലായ പ്രതികളെ സ്‌റ്റേഷനില്‍ കാണാനെത്തിയ സൈനികനടങ്ങുന്ന സംഘം പൊലീസ് സ്‌റ്റേഷനില്‍ അതിക്രമം അഴിച്ചുവിട്ടു. എ.എസ്.ഐക്ക് ഗുരുതര പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.