മെമു ഷെഡ് വികസനം; കോർപറേഷനും റെയിൽവെയും വസ്തു പരസ്പരം കൈമാറി
text_fieldsകൊല്ലം: കൊല്ലം റെയിൽവെ സ്റ്റേഷനിൽ മെമു ഷെഡ് നിർമാണത്തിന് തടസമായി നിന്ന ഭൂമിതർക്കത്തിന് പരിഹാരം. തങ്ങളുടെ അധീനതയിലുള്ള ഭൂമി പരസ്പരം കൈമാറി പ്രശ്നം പരിഹരിക്കാൻ കോർപറേഷനും റെയിൽവെയും തമ്മിൽ ധാരണയായി. ഫാത്തിമമാതാ നാഷനൽ കോളജിന് എതിർവശത്ത് വർഷങ്ങളോളം റെയിൽവെ കൈവശംവച്ച കോർപറേഷൻ ഉടമസ്ഥയിലുള്ള പഴയ ടി.എം. വർഗീസ് പാർക്ക് നിലനിന്ന 1.11 ഏക്കർ ഭൂമി റെയിൽവെക്ക് മെമു ഷെഡ് വികസനത്തിന് കൈമാറും.
പകരമായി പുള്ളിക്കടയിൽ നിർധനർ തിങ്ങിപ്പാർക്കുന്ന രണ്ട് ഏക്കർ റെയിൽവെ പുറമ്പോക്ക് ഭൂമിയാണ് കോർപറേഷന് ലഭിക്കുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കെട്ടിട സമുച്ചയം നിർമിക്കുന്നതിന് ഈ ഭൂമി വിട്ടുതന്നാൽ, മെമു ഷെഡ് നിർമിക്കാൻ ഭൂമി നൽകാമെന്ന് കോർപറേഷൻ നിലപാടെടുക്കുകയായിരുന്നു. കലക്ടർ എൻ. ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇതോടെ രണ്ട് ഭൂമിയും അളന്ന്തിട്ടപ്പെടുത്തുന്നതിന് വെള്ളിയാഴ്ച സർവെ ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. സർവെ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ സബ് കലക്ടര്‍ നിഷാന്ത് സിഹാരയെ ചുമതലപ്പെടുത്തി.
പുള്ളിക്കടയിൽ നാല് ഏക്കർ ഭൂമി അധീനതയിലുണ്ടെന്നാണ് റെയിൽവെ അവകാശപ്പെട്ടത്. എന്നാൽ, രണ്ട് ഏക്കർ മാത്രമാണ് റെയിൽവെയുടേതെന്നും ബാക്കി റവന്യു പുറമ്പോക്ക് ആണെന്നും തെളിയിക്കുന്ന രേഖകൾ കോർപറേഷൻ അധികൃതർ ഹാജരാക്കി.
രാവിലെ എൻ.കെ. പ്രേമചന്ദ്രൻ എം.പി, കലക്ടർ എൻ. ദേവിദാസ്, റെയിൽവെ ഉദ്യോഗസ്ഥർ എന്നിവർ മെമു ഷെഡ് നിർമിക്കുന്ന സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് യോഗം നടന്നത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) ആർ.ബീന റാണി, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ റയില്‍വേ കണ്‍സ്ട്രക്ഷന്‍സ് ചന്ദ്രുപ്രകാശ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ഷണ്മുഖം, കൊല്ലം കോര്പ്പറേഷന് സെക്രട്ടറി ഡി.സജു, തിരുവനന്തപുരം റയില്‍വേ ഡിവിഷണല്‍ എന്‍ജിനീയര്‍ മിര്‍ അദിള്, തിരുവനന്തപുരം റയില്‍വേ കണ്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ഷണ്മുഖം, തഹസില്‍ദാര്‍ വിനോദ്കുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എ.ബീന, റയില്‍വേ കണ്‍സ്ട്രക്ഷന്‍സ് ജൂനിയര്‍ എന്‍ജിനീയര്‍ എ.അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.