ഓണമെത്തുന്നത് പട്ടിണിയില്ലാത്ത കേരളത്തിലേക്ക് -മന്ത്രി ബാലഗോപാൽ
text_fieldsകൊല്ലം: ഏറ്റവും കുറവ് ദരിദ്രരുള്ള കേരളത്തിലേക്കാണ് ഓണമെത്തുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ആശ്രാമം മൈതാനത്ത് ജില്ല പഞ്ചായത്ത്, ജില്ല വ്യവസായ കേന്ദ്രം, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഉൽപന്ന-പ്രദർശന-വിപണന മേളയായ ‘സമൃദ്ധി 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 0.3 ശതമാനം മാത്രമാണ് കേരളത്തിലെ ദരിദ്രരുടെ എണ്ണം. തൊട്ടടുത്ത സംസ്ഥാനത്ത് ഇത് നാല് ശതമാനത്തിലേറെയാണ്. ഈ പശ്ചാത്തലത്തിലും അതിദരിദ്രരെ കണ്ടെത്തി അവർക്ക് എല്ലാവിധ സംരക്ഷണവുമൊരുക്കാൻ സർക്കാർ മുന്നോട്ടു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ അനിൽ എസ്. കല്ലേലിഭാഗം, കെ. ഷാജി, അംഗങ്ങളായ എൻ.എസ്. പ്രസന്നകുമാർ, സി.പി. സുധീഷ് കുമാർ, ആശ ദേവി, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ, മാനേജർ ദിനേശ്, പട്ടികവർഗ വികസന ഓഫിസർ എസ്. ബിജിമോൾ, ചെറുകിട വ്യവസായ സംരംഭകർ, കുടുംബശ്രീ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ വനിത കോളജിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ ദിവസവും വൈകീട്ട് ഗോത്ര കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.