ഗതാഗതവകുപ്പിനെതിരെ എം.എൽ.എ; രംഗത്തുവന്നത് സജീവ ചർച്ച
text_fieldsകൊല്ലം: ശമ്പളം നൽകാൻ പോലും പണമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ലഭ്യമായ ഫണ്ടുകൾ വിനിയോഗിച്ച് വികസനപ്രവർത്തനങ്ങൾ നടത്താൻ മടിക്കുന്നതിൽ പ്രതിഷേധം ശക്തം. കൊല്ലം ഡിപ്പോയിൽ യാത്രക്കാരുടെ വിശ്രമമുറിയടക്കമുള്ള കെട്ടിടനിർമാണത്തിന് താൻ സമർപ്പിച്ച പദ്ധതി നിരസിച്ചതിനെതിരെ കഴിഞ്ഞദിവസം എം. മുകേഷ് എം.എൽ.എ രംഗത്തുവന്നത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിട്ടുണ്ട്. ഇടതുസർക്കാർ ഭരിക്കുമ്പോൾ ഭരണപക്ഷ എം.എൽ.എക്ക് തന്നെ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.
കോൺക്രീറ്റ് പാളികൾ അടർന്ന് യാത്രക്കാരുടെ ദേഹത്ത് വീഴുന്നവിധം ഡിപ്പോ കെട്ടിടം ശോച്യാവസ്ഥയിലായ സാഹചര്യത്തിലാണ് ഗതാഗതവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മുകേഷ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. തന്റെ നിലപാട് ജനങ്ങളെ അറിയിക്കാനാണ് പോസ്റ്റിടുന്നതെന്ന് മുകേഷ് പാർട്ടിവൃത്തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എം.എൽ.എ എന്ന നിലയിൽ കൊല്ലത്തെ വിവിധ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയായിരുന്നു മുകേഷിന്റെ പ്രതികരണം. കെട്ടിടനിർമാണത്തിനുള്ള അനുമതി തേടി നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ, അവക്ക് ലഭിച്ച ഉത്തരം, ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും നൽകിയ കത്തുകൾ, കെ.എസ്.ആർ.ടി.സി എം.ഡിക്ക് നൽകിയ കത്ത് എന്നിവയടക്കം ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റ്.
എം.എൽ.എ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടുവെന്നാണ് മുകേഷ് വിശദീകരിക്കുന്നത്. എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടിയും പിന്നീട് ആറ് കോടിയും കെട്ടിടനിർമാണത്തിന് നൽകാമെന്ന് ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് കത്ത് നൽകി. നിരവധി പ്രാവശ്യം നിയമസഭയിൽ ചോദ്യങ്ങൾ ചോദിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒന്നും രണ്ടും ഇടതുമന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ടും സംസാരിച്ചു. കൊല്ലം ഡിപ്പോക്ക് അടിയന്തര ആവശ്യം വാണിജ്യസൗധമല്ലെന്നും മുകേഷ് ചൂണ്ടിക്കാട്ടുന്നു. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറിനിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ് വേണ്ടത്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും മുകേഷ് നൽകിയിട്ടുണ്ട്.
‘രണ്ടരവർഷം കൂടി കാത്തിരിക്കൂ, യു.ഡി.എഫ് വരുമ്പോൾ എല്ലാം ശരിയാവും’, ‘ഭരണപക്ഷ എം.എൽ.എയുടെ സ്ഥിതി ഇതാണെങ്കിൽ മറ്റുവള്ളവരുടെ കാര്യം പറയാനുണ്ടോ’ എന്നിങ്ങനെയുള്ള കമന്റുകളാണ് മുകേഷിന്റെ പോസ്റ്റിന് താഴെ നിരവധിപേർ രേഖപ്പെടുത്തിയിട്ടുള്ളത്. ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചർച്ചയാക്കാൻ കൊല്ലത്തെ യു.ഡി.എഫ് കേന്ദ്രങ്ങളും ആലോചിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് കണ്ടാൽതന്നെ കൊല്ലത്തിന്റെ വികസന പിന്നാക്കാവസ്ഥ മനസ്സിലാക്കാനാവുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.