സുരക്ഷ പാഠങ്ങളുമായി മണ്റോതുരുത്തില് മോക്ഡ്രില്‍
text_fieldsമൺറോതുരുത്ത്: പ്രളയകാലത്തെ അടിയന്തര സാഹചര്യം നേരിടാൻ മണ്റോതുരുത്തില് മോക്ഡ്രില്‍ നടത്തി. കലക്ടര്‍ അഫ്സാന പര്‍വീണിന്റെ മേല്‍നോട്ടത്തില്‍ പേഴുംതുരുത്തില്‍ ഇടച്ചാല്‍ പാലത്തിനു സമീപം നടന്ന മോക്ഡ്രില്ലില്‍ ദേശീയ ദുരന്തനിവാരണ സേന, ജില്ല ദുരന്തനിവാരണ കേന്ദ്രം, റവന്യൂ, അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യം, പഞ്ചായത്ത് വകുപ്പുകൾ പങ്കെടുത്തു.
വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ, രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് പ്രതീകാത്മകമായി നടന്നത്. കലക്ടറുടെ നിര്‍ദേശപ്രകാരം അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന എന്നിവയിലെ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ കായലിന്റെ ആഴത്തില്‍ കാണാതായ ഒരാളുള്‍പ്പെടെ ആറുപേരെ രക്ഷിച്ചു.
തുടര്‍ന്ന്, ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സി.പി.ആര് ഉള്‍പ്പെടെ പ്രാഥമിക ശുശ്രൂഷ നല്കി, ആംബുലന്‍സുകളില്‍ ആശുപത്രിയിലെത്തിച്ചു. ഡ്രോണുകള്‍ സഹിതമുള്ള ആധുനിക ആശയവിനിമയ സംവിധാനവും കൺട്രോള് റൂമും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. അപകടത്തില്‍പെട്ട ആറുപേരെയും രക്ഷിച്ചതായി കലക്ടറെ അറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.
സബ് കലക്ടര്‍ മുകുന്ദ് ഠാകൂര്‍, എന്‍.ഡി.ആര്.എഫ് ഡെപ്യൂട്ടി കമാന്‍ഡൻഡ് എസ്. ശങ്കര്‍ പാണ്ഡ്യന്, എസ്.ഐ സഞ്ജീവ് ദേശ്വാള്, ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ സക്കറിയ അഹമ്മദ്കുട്ടി, മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.ബി. മനോജ്, സജീവ്, വില്ലേജ് ഓഫിസര്‍ മിനി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.