മങ്കിപോക്സ്: ജാഗ്രതയിൽ ജില്ല
text_fieldsകൊല്ലം: വിദേശത്ത് നിന്നെത്തിയ കൊല്ലം വാടി ജോനകപ്പുറം സ്വദേശിക്ക് മങ്കിപോക്സ് (വാനര വസൂരി) സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ജില്ല. 12ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ 35കാരൻ ടാക്സി മാർഗമാണ് കൊല്ലത്തെത്തിയത്.
എന്നാൽ, ഈ മാസം അഞ്ചുമുതൽ രോഗലക്ഷണങ്ങളുണ്ടായിരുന്ന ഇദ്ദേഹം വീട്ടിലെത്തിയിട്ടും കയറാതെ മാതാവിനൊപ്പം നേരെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. മങ്കിപോക്സ് സംശയിക്കുന്ന കാര്യം ഇദ്ദേഹം പറഞ്ഞതോടെ കൊല്ലം മെഡിക്കൽ കോളജിലെ പകർച്ചവ്യാധി വിഭാഗത്തിലേക്ക് വിടുകയായിരുന്നു. അന്ന് തന്നെ സാമ്പിൾ പരിശോധനക്കായി പുണെയിലേക്കയച്ചു. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
വിമാനത്തിലും നാട്ടിലേക്കുള്ള യാത്രയിലും സ്വകാര്യാശുപത്രിയിലും സമ്പർക്കമുണ്ടായവരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചുവരികയാണ്. ഒരു ഓട്ടോ ഡ്രൈവർ ഉൾപ്പെടെ പട്ടികയിലുണ്ട്. ഇവരെല്ലാം 21 ദിവസത്തെ ക്വാറന്‍റീൻ പാലിക്കണം. ജില്ലയിലെ ജാഗ്രതയുടെ ഭാഗമായി ചൊറിച്ചിൽ അനുഭവപ്പെടുന്ന പനിബാധിതരെ പ്രത്യേകം നിരീക്ഷിക്കും.
ചികിത്സ മാർഗരേഖ സർക്കാർ-സ്വകാര്യ ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും പരിശീലനം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ജില്ലതല ആർ.ആർ.ടി യോഗം ചേർന്നു. അവലോകനയോഗങ്ങൾ തുടരുമെന്നും നിരീക്ഷണ നടപടികൾ ശക്തമാക്കുമെന്നും കലക്ടർ അഫ്സാന പർവീൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.