നാല് വർഷത്തിനുള്ളിൽ നൂറിലധികം മോഷണം; ഒടുവിൽ തിരുവാർപ്പ് അജി പിടിയിൽ
text_fieldsകൊല്ലം: നിരവധി മോഷണ കേസുകളിൽ 20 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച് നാല് വർഷം മുമ്പ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ആൾ വീണ്ടും മോഷണത്തിന് പിടിയിൽ. ഈ നാല് വർഷത്തിനിടെ തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലായി നൂറോളം മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇതോടെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നൂറോളം കേസുകളിലാണ് തെളിവുണ്ടായത്.
കോട്ടയം തിരുവാർപ്പ് കാഞ്ഞിരം പോസ്റ്റ് ഓഫിസ് പരിധിയിൽ കിളിരൂർക്കര പത്തിൽ വീട്ടിൽ തിരുവാർപ്പ് അജി എന്ന അജയൻ (49) ആണ് പിടിയിലായത്. 19 വയസ്സുമുതൽ നിരന്തരം മോഷണം നടത്തി വന്ന ഇയാളെ ഒടുവിൽ മാവേലിക്കര പൊലീസ് പിടികൂടിയാണ് വർഷങ്ങൾക്ക് മുമ്പ് സെൻട്രൽ ജയിലിലടച്ചത്. ഓടിന് മുകളിലൂടെ ചിലന്തിയെ പോലെ കാൽവിരലും കൈവിരലുകളും ഊന്നി സഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് രീതി. സ്കൂളുകൾ, മെഡിക്കൽ ഷോപ്പുകൾ, സ്റ്റേഷനറി കടകൾ, ബേക്കറി കടകൾ എന്നിവിടങ്ങളിലാണ് മോഷണം നടത്തുന്നത്.
മോഷ്ടിച്ച സ്ഥലത്ത് നിന്ന് കൂടുതൽ തുക ലഭിച്ചാൽ വീണ്ടും അവിടെ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണ്. പിടിയിലായാൽ, ബന്ധുക്കൾക്ക് കൂട്ടിരിക്കാൻ സമീപമുള്ള ആശുപത്രിയിൽ പോയി മടങ്ങുകയാണെന്ന് ധരിപ്പിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അയൽ സംസ്ഥാനത്തേക്ക് കടന്ന് ധൂർത്തടിച്ചതിന് ശേഷം ആവശ്യം വരുമ്പോൾ തിരികെ എത്തി വീണ്ടും മോഷണം നടത്തും. മോഷണത്തിന് ബുധനാഴ്ചകൾ തെരഞ്ഞെടുക്കുന്ന ഇയാളുടെ പതിവാണ് പിടികൂടാൻ സഹായകമായത്. കൊല്ലം സിറ്റി പൊലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷൻ പരിധികളിൽ ബുധനാഴ്ച ദിവസങ്ങളിൽ ആവർത്തിച്ച സമാന സ്വഭാവമുള്ള മോഷണങ്ങളെ തുടർന്ന് ഇയാളുടെ രേഖാചിത്രം തയാറാക്കി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
ചിന്നക്കടയിൽ നിന്നാണ് കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാർ, ഡി.സി.ബി അസി. കമീഷണർ സോണി ഉമ്മൻ കോശി, വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്ക്, എസ്.ഐ ശ്യാംകുമാർ, സ്പെഷൽ ടീം സബ് ഇൻസ്പെക്ടർ ആർ. ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ മനു, സീനു, സജു, രിപൂ, രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.