ഡോ. വന്ദനദാസിന്റെ കൊലപാതകം; നിരീക്ഷണ കാമറകളുടെ ഹാർഡ് ഡിസ്ക് ശേഖരിച്ചു
text_fieldsകൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഹൗസ് സർജനായ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ നിരീക്ഷണ കാമറകളുടെയും ഹാർഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചു. അക്രമാസക്തനായ സന്ദീപ് ഒരു പൊലീസുകാരനെ കുത്തുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
അതേസമയം, പൊലീസിനെ വിമർശിച്ച് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകിയെന്നാണ് വിവരം. പ്രതി അക്രമാസാക്തനായതോടെ പൊലീസ് ഉദ്യോഗസ്ഥർ പിന്നാക്കം പോയെന്നും സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ വന്ദനയുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ബുധനാഴ്ച പുലർച്ച നാലോടെയാണ് സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. 4.34 ഓടെയാണ് സന്ദീപ് അക്രമാസക്തനാകുന്നത്. ഇതോടെ ഡ്രസിങ് റൂമിലേക്കെത്തിയ പൊലീസ് പെട്ടന്നുതന്നെ അത്യാഹിതവിഭാഗത്തിന്റെ ഗേറ്റിന് പുറത്തേക്ക് പോയി.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോ. വന്ദനദാസിനെ 4.42ഓടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആകെ എട്ട് മിനിറ്റ് മാത്രമാണ് അക്രമസംഭവം നീണ്ടുനിന്നത്. അത്യാഹിതവിഭാഗത്തിന്റെ ഗേറ്റിന് പുറത്തേക്കുപോയ പൊലീസുകാർ ഡോ. വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് അകത്തേക്ക് കയറിയതെന്നും റിപ്പോർട്ടിലുണ്ട്.
അക്രമത്തിന് പിന്നാലെ പൊലീസ് അത്യാഹിതവിഭാഗത്തിന്റെ ഗേറ്റ് പുറത്തുനിന്ന് അടച്ചതിനാലാണ് അകത്തേക്ക് കയറാൻ കഴിയാത്തതെന്നാണ് സെക്യൂരിറ്റിയുടെ വിശദീകരണം. സൂപ്രണ്ടിന്റെ റിപ്പോർട്ടിന് പുറമേ ഡി.എം.ഒയും ഡി.എച്ച്.എസിൽനിന്ന് അഡീഷനൽ ഡറക്ടറും ആശുപത്രിയിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.