ദേശീയപാത വികസനം: ചവറയിൽ കൂടുതലിടങ്ങളിൽ അടിപ്പാതക്ക് നിർദേശം
text_fieldsചവറ: ദേശീയപാത വികസന അലൈൻമെന്റിൽ കുറ്റിവട്ടം, ഇടപ്പള്ളിക്കോട്ട, ശങ്കരമംഗലം, നല്ലേഴുത്തുമുക്ക്, ചവറ പാലത്തിന് താഴെ, ഫൗണ്ടേഷന് ആശുപത്രി എന്നീ സ്ഥലങ്ങള്‍കൂടി അടിപ്പാതക്ക് തെരഞ്ഞെടുക്കണമെന്ന നിർദേശം. അലൈന്മെന്റ് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയായ വിശ്വസമുദ്ര ഉന്നത ഉദ്യോഗസ്ഥരുമായി ഡോ. സുജിത് വിജയൻപിള്ള നടത്തിയ ചർച്ചയിലാണ് നിർദേശം നൽകിയത്. നേരത്തേ വെറ്റമുക്ക്, ടൈറ്റാനിയം, കൊറ്റന്‍കുളങ്ങര, പുത്തന്‍തുറ സ്കൂള്‍, വേട്ടുതറ എന്നീ ജങ്ഷനുകളാണ് അടിപ്പാത നിർമിക്കുന്നതിന് ഉൾപ്പെടുത്തിയത്.
കന്നേറ്റിപാലം മുതല്‍ കാവനാട് ബൈപാസ് വരെ 32 സ്ഥലങ്ങളില്‍ റോഡ് ക്രോസ് ചെയ്യുന്ന ഡ്രെയിനേജുകള്‍ 1.5 മീറ്റര്‍ വീതിയില്‍ നിർമിക്കും. ഡ്രെയിനേജുകളില്‍ വിട്ടുപോയ ഇടപ്പള്ളിക്കോട്ട കോഞ്ചേരില്‍ വെജിറ്റബിള്‍സിന് തെക്കുവശം, നല്ലേഴുത്തുമുക്ക് ജി.വി പ്രസിന് സമീപം എന്നിവ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ഉള്‍പ്പെടുത്തി. ചവറ പാലത്തിന് സമാന്തരമായി രണ്ട് പാലങ്ങള്‍ നിര്‍മിക്കും. വലതുവശം (പടിഞ്ഞാറ്ഭാഗം) നിർമിക്കുന്ന പാലത്തിന് 8.3 മീറ്റര്‍ വീതിയിൽ അടിപ്പാത നിർമിക്കുമ്പോള്‍ വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്നവിധത്തിലാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പാത നിർമിക്കുമ്പോള്‍ ശക്തികുളങ്ങര ഹാര്‍ബറിന് മുന്‍വശത്തുകൂടി ഹാര്‍ബറിലേക്കുളള റോഡ് വീതികുറഞ്ഞതും ഇടുങ്ങിയതുമാണ്. ഹാര്‍ബറില്‍നിന്ന് മത്സ്യം കൊണ്ടുവരുന്ന വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടും. ഹാര്‍ബറിന്റെ വികസനത്തിനായി നടന്നുവരുന്ന 38 കോടിയുടെ കെട്ടിട നിർമാണങ്ങളും അവതാളത്തിലാകും. വളരെക്കാലത്തെ പ്രയത്നഫലമായാണ് ശക്തികുളങ്ങര ഹാര്‍ബറിന്റെ വികസനത്തിനുള്ള നിർമാണങ്ങള്‍ നടന്നുവരുന്നത്. ഇതിനായി അധികസ്ഥലം ഏറ്റെടുക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുകയും അതിനായി സര്‍ക്കാറില്‍ കടുത്ത സമ്മർദം ചെലുത്തുമെന്നും എം.എൽ.എ. ഡോ. സുജിത്ത് വിജയന്‍പിള്ള അറിയിച്ചു.
ചര്‍ച്ചയില്‍ എന്‍.എച്ച്.എ.ഐ പ്രോജക്റ്റ് ഡയറക്ടര്‍ പി. പ്രദീപ്, ഡെപ്യൂട്ടി പ്രോജക്റ്റ് മാനേജര്‍ എ.എസ്. റാം, വിശ്വസമുദ്ര കമ്പിനിയെ പ്രതിനിധീകരിച്ച് ബി.വി.ബി.പി. രാമയ്യ, വിഷ്ണുസേനന് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.