മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അഴീക്കൽ സ്വദേശിയെ കാണാതായി
text_fieldsഓച്ചിറ: കടലിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി; മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽനിന്ന് മത്സ്യബന്ധനത്തിനു പോയ 'മകരമത്സ്യം' വള്ളത്തിലെ തൊഴിലാളിയായ അഴീക്കൽ വലിയ വീട്ടിൽ സാലി വാഹനനെയാണ് (കണ്ണൻ - 57) കാണാതായത്. ബുധനാഴ്ച പുലർച്ചെ 5.45ന് തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന് ആറ് നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.
മകരമത്സ്യം വെള്ളത്തിന്റെ മുക്കുംപുഴ എന്നു പേരുള്ള കാരിയർ വള്ളത്തിലായിരുന്നു സാലി വാഹനൻ. ഈ വള്ളത്തിൽ തൃക്കുന്നപ്പുഴ സ്വദേശിയുടെ ധർമശാസ്താവെന്ന ലൈലൻറ് വള്ളം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പ് തെറിച്ച് സാലി വാഹനന്റെ തലക്ക് വന്നടിച്ചതിനെ തുടർന്ന് കടലിലേക്ക് വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 'മകരമത്സ്യം' എന്ന് പേരുള്ള രണ്ടാമത്തെ കാരിയർ വള്ളത്തിലും ധർമശാസ്താവ് വള്ളം ഇടിച്ചു. ഈ വള്ളം ഭാഗികമായി തകർന്നു.
കാരിയർ വെള്ളത്തിലെ തൊഴിലാളികളും അഴീക്കൽ സ്വദേശികളുമായ സുബ്രഹ്മണ്യൻ (50), ജാക്സൺ (41), ഔസേപ്പ് (58) എന്നിവർക്ക് പരിക്കേറ്റു . ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കാണാതായ ആൾക്കായി കോസ്റ്റൽ പോലീസും നാവികസേനയും ചേർന്ന് ബുധനാഴ്ച വൈകീട്ട് ആറുവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിൽ വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.