നവകേരള സദസ്സ്: നിവേദനങ്ങളിൽ നടപടിക്ക് തുടക്കം
text_fieldsകൊല്ലം: ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളില്‍നിന്നായി നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളുടെ പരിശോധനയും തുടര്‍നടപടികള്‍ക്കുമുള്ള തുടക്കമായി.
ആകെ 50938 നിവേദനങ്ങളാണ് തീരുമാനമെടുക്കുന്നതിനായി പരിശോധിക്കുന്നതെന്ന് കലക്ടര്‍ എന്‍. ദേവിദാസ് അവലോകനയോഗത്തിന് ശേഷം വ്യക്തമാക്കി. ഓരോ ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കും. അടിയന്തര നടപടി ആവശ്യമുള്ളവ പ്രത്യേകം പരിശോധിക്കുകയാണ്. ഇ-ഓഫിസ് സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുടര്‍നടപടികള്‍ക്ക് ഗതിവേഗം പകരും. ജില്ലതലത്തില്‍ തീര്‍പ്പാക്കേണ്ടവ അതത് ജില്ലതല വകുപ്പ് മേധാവികള്‍ക്ക് കൈമാറി.
സര്‍ക്കാര്‍തലത്തിലേക്ക് നല്‍കേണ്ടവ വിശദമായി പരിശോധിച്ചശേഷമാകും കൈമാറുക. പരിഹാരം ഉറപ്പാക്കുന്നതിനുള്ള സൂക്ഷ്മനടപടികള്ക്കും നിര്‍ദേശിച്ചു. സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ടവക്ക് പരമാവധി 45 ദിവസമാണ് അനുവദിക്കുക.
അത്തരം പരാതികള്‍ ജില്ല മേധാവികള്‍ റിപ്പോര്‍ട്ട് സഹിതം നിശ്ചിത പോര്‍ട്ടലില്‍ നല്‍കുന്നതിന് നിര്‍ദേശിച്ചു.
എന്നാല്‍ അടിയന്തരപ്രാധാന്യമുള്ളവക്ക് അര്‍ഹിക്കുന്ന പരിഗണന നല്കി അനന്തരനടപടികള്‍ ത്വരിതപ്പെടുത്തും. നടപടികള്‍ സംബന്ധിച്ച് നിവേദനം നല്കിയവര്ക്കുള്ള അറിയിപ്പ് കൃത്യതയോടെ നല്‍കും. നടപടിയുടെ പുരോഗതി സംബന്ധിച്ച് ആവശ്യമെങ്കില്‍ ഇടക്കാല മറുപടി നല്‍കാനും നിര്‍ദേശം നല്കി. മറുപടികള്‍ തപാല്‍മാര്‍ഗം ലഭ്യമാക്കും.
പരിഹാരനടപടികള്‍ക്കുള്ള മേല്‍നോട്ട ചുമതല എ.ഡി.എം നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സബ് കലക്ടര്‍ മുകുന്ദ് ഠാക്കുര്‍, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.