വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം
text_fieldsകൊല്ലം: ആയൂരിലെ കേന്ദ്രത്തിൽ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു.
നീറ്റ് പരീക്ഷക്ക് എത്തിയ പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും അടിവസ്ത്രം അഴിച്ചുവാങ്ങുകയും ചെയ്ത സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
ആരുടെ നിർദേശപ്രകാരമാണ് പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ചുവാങ്ങിയതെന്നും പരീക്ഷക്കുശേഷം അടിവസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ കൈയില്‍ കൊണ്ടുപോകാന്‍ നിർദേശിച്ചതെന്നും കണ്ടെത്താനുള്ള സമഗ്രമായ അന്വേഷണം നടത്തണം. പരീക്ഷ നടത്തിപ്പ് ഏജന്‍സികളുടെ സ്വാധീനമാണ് പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുള്ള പൊലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. സംഭവം പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. കേന്ദ്ര ഏജൻസി നടത്തുന്ന പരീക്ഷ ആയതിനാൽ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തം ഇല്ല എന്ന സ്ഥിരം പല്ലവി പറഞ്ഞ് ഒഴിഞ്ഞുമാറാതെ വിദ്യാർഥിനികളെ മാനസികമായി പീഡിപ്പിക്കുന്ന അധമന്മാർക്ക് എതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥിനിയെ അപമാനിച്ച നടപടി പ്രാകൃതവും നീചവും ആണെന്ന് കെ.എസ്.യു ജില്ല പ്രസിഡന്‍റ് വിഷ്ണു വിജയൻ പറഞ്ഞു. കോളജിലേക്ക് പ്രതിഷേധം നടത്തിയ നേതാക്കളെ പ്രകോപനം ഇല്ലാതെ ആക്രമിച്ച പൊലീസ് നടപടിയിൽ കെ.എസ്.യു ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ചൊവ്വാഴ്ച കോളജിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ മനുഷ്യാവകാശ കമീഷന് പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് പരാതി. കേന്ദ്രത്തിലെ പെൺകുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അധികൃതരുടെ നടപടി പ്രാകൃതമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വിദ്യാർഥികളെ മാനസികമായി തകർക്കുന്ന, ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ ലംഘിക്കുന്ന നടപടി സ്വീകരിച്ച അധികൃതർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ തയാറാവണം. അതിന് തയാറായിലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റ് ടി.ആർ. ശ്രീനാഥും സെക്രട്ടറി ശ്യാം മോഹനും അറിയിച്ചു.
അടിവസ്ത്രം അഴിപ്പിച്ച അധികൃതരുടെ നടപടി അപരിഷ്കൃതമാണെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് ലത്തീഫ് കരുനാഗപ്പള്ളി പറഞ്ഞു. നൂറോളം പരീക്ഷാർഥികൾക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം. ദുരഭിമാനം ഭയന്ന് മറ്റു രക്ഷാകർത്താക്കൾ പരാതി നൽകാത്തത് ഒറ്റപ്പെട്ട സംഭവമാണെന്ന് ചിത്രീകരിക്കാനും നടപടി എടുക്കാതിരിക്കാനും കാരണമാകരുത്. വിഷയത്തിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചവരുടെ മാനസിക നില പരിശോധിച്ച് വിദഗ്ധചികിത്സ നൽകി തുറുങ്കിലടക്കണമെന്ന് ആർ.വൈ.എഫ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ജില്ല പ്രസിഡന്‍റ് എഫ്. സ്റ്റാലിനും ജില്ല സെക്രട്ടറി സുഭാഷ് എസ്. കല്ലടയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.