നീറ്റ് പരീക്ഷക്ക് ഡ്രെസ് കോഡ് മറന്നു; വിദ്യാർഥിക്ക് തുണയായത് വനിത പൊലീസ്
text_fieldsകൊല്ലം: നീറ്റ് പരീക്ഷക്ക് ഡ്രെസ് കോഡ് പാലിക്കാതെയെത്തി പരീക്ഷാ ഹാളിൽ കയറാൻ കഴിയാതെ വിഷമിച്ച വിദ്യാർഥിക്ക് വസ്ത്രം വാങ്ങാൻ പണംനൽകി വനിത പൊലീസ്. കൊല്ലം കോയിവിള സ്വദേശി ഹരിഗോവിന്ദിന് ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ ശോഭാമണിയാണ് സഹായമെത്തിച്ചത്.
ശൂരനാടുള്ള പരീക്ഷാകേന്ദ്രത്തിലാണ് സംഭവം. നീറ്റ് മാനദണ്ഡങ്ങളെല്ലാം മനസ്സിലാക്കിയിരുന്നെങ്കിലും പരീക്ഷക്ക് ധരിക്കാനായി അമ്മ മാറ്റിെവച്ചിരുന്ന വസ്ത്രത്തിന് പകരം മറ്റൊന്ന് ധരിച്ചതാണ് ഹരിഗോവിന്ദിന് വിനയായത്. ജീന്‍സ് ധരിച്ച ഹരിഗോവിന്ദിന് പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിക്കാനായില്ല. സഹായം ചോദിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും കൂടെയുണ്ടായിരുന്നില്ല.
പരീക്ഷാകേന്ദ്രത്തിന് മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ശോഭാമണി പരീക്ഷക്ക് കയറാനാകാതെ സങ്കടപ്പെട്ടുനിൽക്കുന്ന ഹരിഗോവിന്ദിനോട് കാര്യം തിരക്കി. ഉടൻ കൈയിൽനിന്ന് പണം നൽകി അടുത്തുള്ള തുണിക്കടയിൽനിന്ന് വസ്ത്രം വാങ്ങിവരാൻ നിർദേശിച്ചു. പരീക്ഷാ ഹാളിലേക്ക് ഹരിഗോവിന്ദ് കയറുന്നത് കണ്ടാണ് അവർ ഡ്യൂട്ടിയിൽനിന്നിറങ്ങിയത്.
മകനില്‍നിന്ന് വിവരമറിഞ്ഞ ഹരിഗോവിന്ദിെൻറ പിതാവ് കെ. ശിശുപാലന്പിള്ള പൊലീസുദ്യോഗസ്ഥയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അയ്യന്‍കോയിക്കല്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റാണ് ഹരിഗോവിന്ദിെൻറ അനുജത്തി.
സ്കൂളിലെ എസ്.പി.സി ഇന്‍സ്ട്രക്റ്ററായ പൊലീസ് ഉദ്യോഗസ്ഥെൻറ സഹായത്തോടെ പൊലീസുദ്യോഗസ്ഥയെ കണ്ടെത്തിയ കുടുംബം നന്ദി അറിയിച്ചു. പത്തനാപുരം താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടറാണ് ശിശുപാലന്പിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.