ബാങ്കുകളുടെ നിഷേധാത്മക നിലപാട്; കശുവണ്ടി വ്യവസായികളും തൊഴിലാളികളും പ്രതിഷേധത്തിലേക്ക്
text_fieldsകൊല്ലം : കശുവണ്ടി വ്യവസായികളോടുള്ള ബാങ്കുകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത കശുവണ്ടി വ്യവസായികളും ട്രേഡ് യൂനിയനുകളും പ്രതിഷേധത്തിലേക്ക്. വ്യാഴാഴ്ച തിരുവനന്തപുരം ആർ.ബി.ഐ മുതൽ എസ്.എൽ.ബി.സി വരെ പ്രതിഷേധ മാർച്ചും എസ്.ഇ.ബി.സിയുടെ മുന്നിൽ ധർണയും നടത്തുമെന്ന് കാഷ്യു വർക്കേഴ്സ് സെന്റർ പ്രസിഡന്റ് ബി. തുളസീധര കുറുപ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ തലത്തിൽ പലതവണ യോഗം വിളിച്ച് പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കണമെന്ന് അറിയിച്ചിട്ടും ബാങ്കുകൾ ഇരട്ടത്താപ്പ് നയം തുടരുകയാണ്. സർഫെസി ആക്ടിന്റെ പിൻബലത്തോടെ ഫാക്ടറികളും വീടും ജപ്തി ചെയ്യാൻ ബാങ്കുകൾ മുന്നിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തീരുമാനിച്ച തീരുമാനങ്ങൾ പോലും നടപ്പിലാക്കാതെ വ്യവസായത്തെയും വ്യവസായികളെയും ചൂഷണം ചെയ്യുന്നു.
നാളിതുവരെ എൻ.പി.എ ആയവരെ ഉൾപ്പെടുത്തി എസ്.എൽ.ബി.സിയുടെ നേതൃത്വത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പിലാക്കുക, ജപ്തി നടപടികൾ നിർത്തിവെക്കുക, എസ്.ബി.സി സർക്കാറുമായി ഉണ്ടാക്കിയ ഒ.ടി.എസ് കരാർ നടപ്പിലാക്കുകയും കാലാവധി നീട്ടുകയും ചെയ്യുക, ഫാക്ടറിയിൽ ജപ്തി ഒഴിവാക്കി തൊഴിൽ പുനഃസ്ഥാപിക്കുക, ബാങ്കുകളുടെ ഇരട്ടത്താപ്പുനയം അവസാനിപ്പിക്കുക, സംസ്ഥാനത്ത് കശുവണ്ടി വ്യവസായം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.
കാഷ്യു കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ശ്രീകുമാർ (ഐ.എൻ.ടി.യു.സി), വ്യവസായ പ്രതിനിധികളായ സുജിൻ സുധീർ, അഷ്കർ, ഷാൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.