‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’; സർക്കാർ ഓഫിസുകളിൽ ഊർജ ഓഡിറ്റ് ആരംഭിച്ചു
text_fieldsകൊല്ലം: നവകേരളം കർമപരിപാടിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ നടത്തുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ ഭാഗമായി സർക്കാർ ഓഫിസുകളിൽ ഊർജ ഓഡിറ്റും സൗരോജ സാധ്യതാപഠനവും ആരംഭിച്ചു. ഹരിതകേരളം മിഷനും വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് സർവേ നടത്തുന്നത്. ജില്ലയിൽ പൂതക്കുളം പഞ്ചായത്തിലാണ് ആദ്യമായി സർവേ പൂർത്തീകരിച്ചത്.
രണ്ട് ഘട്ടങ്ങളിലായി 10 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ആദ്യഘട്ടത്തിൽ തെന്മല, അലയമൺ, പൂതക്കുളം, തെക്കുംഭാഗം, പടിഞ്ഞാറേകല്ലട, ശൂരനാട് തെക്ക് എന്നീ നെറ്റ് സിറോ കാർബൺ പ്രവർത്തനം ആരംഭിച്ചത്.
രണ്ടാംഘട്ടത്തിൽ ആലപ്പാട്, പനയം, കടയ്ക്കൽ, മേലില എന്നീ പഞ്ചായത്തുകളും നെറ്റ് സിറോ കാർബൺ പദ്ധതി നടപ്പാക്കുന്നതിനായി ഹരിത കേരളം മിഷൻ തെരഞ്ഞെടുത്തിട്ടുണ്ട്.
ജൂലൈയിൽ ആദ്യ 10 പഞ്ചായത്തുകളിലും ഊർജ ഓഡിറ്റ് പൂർത്തീകരിക്കും. ഘട്ടംഘട്ടമായി 2050തോടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും നെറ്റ് സീറോ കാർബൺ സ്ഥാപനങ്ങളായി മാറുന്ന പ്രവർത്തനം നടത്താനാണ് ഹരിത കേരളം മിഷൻ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സർക്കർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റ് കൃഷിയിടങ്ങൾ എന്നിവയിലെ സർവേ നടത്തി കാർബൺ പുറംതള്ളുന്നതിന്റെ തോത് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ വീടുകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ സഹായത്തോടെ തയാറാക്കുന്ന മൊബൈൽ ആപ്ലിക്കേനിലൂടെ സർവേ ഉടൻ ആരംഭിക്കും.
ജില്ലയിൽ തെരഞ്ഞെടുത്ത 250 അംഗൻവാടികളിൽ ഗ്യാസിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി ഇൻഡക്ഷൻ കുക്കറും ഇതിനാവശ്യമായ 18 പാത്രങ്ങളും എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെ വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. അംഗൻവാടികളെല്ലാം സൗരോജത്തിൽ പ്രവർത്തിക്കുന്നതിനായി ഫണ്ട് കണ്ടെത്തി സോളാർ പാനൽ സ്ഥാപിക്കുന്നതാണ് അടുത്ത പ്രവർത്തനം.
കൂടാതെ 2024-25 സാമ്പത്തികവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തയാറാക്കി ശിൽപശാലകൾ സംഘടിപ്പിക്കുന്ന പ്രവർത്തനവും ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.