കരുനാഗപ്പള്ളി നഗരസഭക്ക് പ്രത്യേക കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി
text_fieldsകരുനാഗപ്പള്ളി: പ്രത്യേക കുടിവെള്ള പദ്ധതിയെന്ന നഗരസഭയുടെ ആശയത്തിന് സംസ്ഥാന സർക്കാറിന്റെ ഭരണാനുമതിയായി. ശാസ്താംകോട്ടയിൽനിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈൻ നഗരസഭയുടെ തൊട്ടടുത്ത പന്മന പഞ്ചായത്ത് വഴിയാണ് കടന്നുപോകുന്നത്. ഈ പൈപ്പ് ലൈൻ കോലത്ത് മുക്കിൽവെച്ച് കട്ട് ചെയ്ത് ഏഴര കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് നഗരസഭയിലെ താച്ചയിൽ ജങ്ഷനിലെത്തിച്ച് ഇവിടെ പുതിയ ഓവർ ഹെഡ് ടാങ്ക് നിർമിക്കുന്നതാണ് പദ്ധതിയുടെ ഒന്നാംഘട്ടം. 19.5 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. പദ്ധതിക്കായി ആറുകോടി രൂപ നഗരസഭ മാറ്റിവെച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കി തുക കൂടി കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുക. താച്ചയിൽ ജങ്ഷനിൽനിന്ന് വിവിധ ഡിവിഷനുകളിലേക്ക് പൈപ്പുകളിൽ വെള്ളം എത്തിക്കുന്നതിന് 33 കോടിയോളം രൂപയാണ് തുടർന്ന് വേണ്ടി വരിക. നഗരസഭ വിവിധ വർഷങ്ങളിലെ പദ്ധതിയായി ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതുൾപ്പെടെ 52.5 കോടി രൂപയുടെ പദ്ധതിയാണ് പുതുതായി നടപ്പാക്കാൻ ലക്ഷ്യമിട്ട് സർക്കാറിന് മുന്നിൽ നഗരസഭ രൂപരേഖ സമർപ്പിച്ചത്. ഇതിനാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. പദ്ധതിക്ക് സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ തുടർ പ്രവർത്തനങ്ങളുമായി വേഗത്തിൽ മുന്നോട്ടുപോകാനാകുമെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. ഞാങ്കടവ് പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊല്ലം പട്ടണത്തിലേക്ക് ആവശ്യമായ ജലം അവിടെനിന്ന് ലഭിക്കും. ഇതോടെ ശാസ്താംകോട്ടയിൽനിന്ന് കൊല്ലം പട്ടണത്തിലേക്കുള്ള വെള്ളത്തിന്റെ പമ്പിങ് വേണ്ടിവരില്ല. ഏകദേശം 12 ദശലക്ഷം ലിറ്റർ വെള്ളമാണ് നിലവിൽ കൊല്ലം പട്ടണത്തിലേക്ക് പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.
കരുനാഗപ്പള്ളി നഗരസഭയിൽ 55,000ത്തോളം ജനസംഖ്യയാണ് നിലവിലുള്ളത്. ഇവർക്കായി നാല് ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. ഇതുവഴി ശാസ്താംകോട്ടയിലെ പമ്പിങ് കുറക്കുകയും ചെയ്യാം.
നിലവിൽ തീരദേശമേഖലയിൽ ഉൾപ്പെടെ ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് കുടിവെള്ളക്ഷാമം നഗരസഭ പരിഹരിക്കുന്നത്. ഇതിനായി ധാരാളം പണം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ നഗരസഭക്ക് പ്രത്യേകമായ കുടിവെള്ള പദ്ധതി വരുന്നതോടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരം ആകുമെന്നാണ് പ്രതീക്ഷ.
കരുനാഗപ്പള്ളി-കുന്നത്തൂർ മണ്ഡലങ്ങളിലെ ഗ്രാമീണ കുടിവെള്ള പദ്ധതി പ്രകാരം കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്തുകളിലേക്ക് പ്രത്യേക പദ്ധതി ഉടൻ യാഥാർഥ്യമാകും.
ഇതോടുകൂടി ഓച്ചിറ കുടിവെള്ള പദ്ധതിയിൽനിന്ന് കുലശേഖരപുരം പഞ്ചായത്തിന് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം അധികമാകും. ഇതും കരുനാഗപ്പള്ളിക്കായി മാറ്റിവെച്ചാൽ കുടിവെള്ള പ്രശ്നം പൂർണമായി പരിഹരിക്കാം. നഗരസഭയുടെ തീരമേഖലയിൽ ഉൾപ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കരുനാഗപ്പള്ളി നഗരസഭക്കായി പ്രത്യേക കുടിവെള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമായിരുന്നു.
ഓച്ചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളിയിലേക്കും കുടിവെള്ളം എത്തിച്ചേരുന്നത് മാവേലിക്കര കണ്ടിയൂർകടവിൽനിന്നുമായിരുന്നു. ഇവിടെനിന്ന് പമ്പ് ചെയ്യുന്ന വെള്ളം പദ്ധതിയുടെ വിവിധ പഞ്ചായത്തുകളിലെ വിതരണത്തിന് ശേഷം നഗരസഭയിലെ സംഭരണ കേന്ദ്രമായ നഗരസഭയിലെ താച്ചയിൽ ജങ്ഷനിലുള്ള ടാങ്കിലെത്തിച്ചശേഷം ആലപ്പാട് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും വ്യത്യസ്ത സമയങ്ങളിലായി പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ, കണ്ടിയൂർകടവിൽനിന്ന് പമ്പ് ചെയ്യുന്ന ജലത്തിന്റെ ശക്തി കുറഞ്ഞു വന്നതോടെ പദ്ധതിയുടെ അവസാന സംഭരണ കേന്ദ്രമായ കരുനാഗപ്പള്ളിയിലെ ടാങ്കിലേക്ക് വെള്ളം എത്തുന്ന അളവും കുറഞ്ഞു. കൂടാതെ ആദ്യ ടേണിൽ തന്നെ ആലപ്പാട്ടേക്ക് പമ്പിങ് നടത്തിക്കഴിയുമ്പോൾ രണ്ടാംഘട്ടമായി കരുനാഗപ്പള്ളിയിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോഴേക്കും വെള്ളത്തിന്റെ അളവ് കുറയുകയും ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
മാവേലിക്കരയിൽനിന്ന് വരുന്ന പൈപ്പിൽ എവിടെയെങ്കിലും ലീക്ക് ഉണ്ടാവുകയോ വൈദ്യുതി തടസ്സം നേരിടുകയും ചെയ്താൽ പലപ്പോഴും ഇവിടേക്ക് വെള്ളം എത്തുന്നത് നിലയ്ക്കും.
നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ മുമ്പുണ്ടായിരുന്ന കുഴൽകിണറുകളെല്ലാം ഇപ്പോൾ പ്രവർത്തനക്ഷമമല്ലാതായി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.