ലഹരികൂട്ടാൻ പുതുപരീക്ഷണം; പിടിക്കപ്പെടാതിരിക്കാൻ കുറുക്കുവഴികൾ
text_fieldsകൊല്ലം: ലഹരി കൂട്ടാനും പിടിക്കപ്പെടുന്നത് തടയാനും കുറുക്കുവഴികൾ തേടി ലഹരിവിൽപന സംഘങ്ങൾ. ഇവരുടെ കെണിയിൽപെട്ട് ഇതിന് അടിമപ്പെടുന്നവർ ചെന്നെത്തുന്നത് തലച്ചോർ തകർക്കുന്ന ലഹരിപരീക്ഷണങ്ങളിൽ. കഴിഞ്ഞദിവസം 'പാർട്ടി ഡ്രഗ്' എന്നറിയപ്പെടുന്ന എം.ഡി.എം.എയുമായി (മെത്തലീൻ ഡയോക്സി മെത്താംഫിറ്റാമിൻ) പിടിയിലായ യുവാവ് മൂന്നുവർഷത്തോളമായി ഇത്തരം ലഹരിക്ക് അടിമയായിരുന്നെന്ന് എക്സൈസ് സംഘം വ്യക്തമാക്കുന്നു.
അമിത ലഹരിക്കും പിടിക്കപ്പെടാതിരിക്കാനും ഇത്തരം കുറുക്കുവഴികൾ തേടുന്നതോടെ ജീവൻതന്നെ അപകടത്തിലാകുന്ന അവസ്ഥയിലെത്തും. എം.ഡി.എം.എയുമായി ഇതേ യുവാവിനെ മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാൽ, ഒരേസമയം 10.56 ഗ്രാം കണ്ടെടുത്തത് എക്സൈസിനെയും ഞെട്ടിച്ചു.
മാത്രമല്ല ഇയാളുടെ ഉപഭോക്താക്കളായി സ്ത്രീകൾ ഉൾപ്പെടെ വലിയ ശൃംഖലയുള്ളതായാണ് എക്സൈസിന് ലഭിച്ച വിവരം. 10 ഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ 20 ലക്ഷം പിഴയും പത്തുവർഷം വരെ തടവും കിട്ടാം. ക്രിസ്റ്റൽ രൂപത്തിലുള്ള ഈ രാസവസ്തു ചെറിയ അളവിൽ ഉപയോഗിച്ചാൽപോലും തലച്ചോറിനെ ഗുരുതരമായി ബാധിക്കും. മറ്റ് ലഹരികളെക്കാൾ ദിവസം മുഴുവൻ നീണ്ടുനിൽക്കും. ലഹരിവിടുന്നതോടെ തളർന്നുവീഴും.
പിടിയിലായ ദീപു ഇൗ ലഹരി പരിചയപ്പെടുന്നത് വസ്ത്രവ്യാപാരസ്ഥാപനത്തിൽ ജോലിക്ക് നിൽക്കവെ സ്റ്റോക്കെടുക്കാൻ ബംഗളൂരുവിൽ പോയതോടെയാണ്. പിന്നീട് ഇതിെൻറ വിൽപനയും തുടങ്ങി. ക്രിമിനൽ-ക്വട്ടേഷൻ സംഘങ്ങളാണ് ഉപഭോക്താക്കളിലേറെയും. 18 മുതൽ 30 വയസ്സുവരെയുള്ള യുവാക്കളാണ് ഇതിനടിമപ്പെട്ട് ജീവിതം തകർക്കുന്നത്. മുമ്പ് കഞ്ചാവുവരെ എത്തിനിന്ന ലഹരി ഉപയോഗമാണ് മാരക കെമിക്കലുകളിലേക്ക് വഴിമാറുന്നത്.
പിടിക്കപ്പെടാൻ പ്രയാസം, അന്വേഷണം വെല്ലുവിളി –സി.െഎ
ഗന്ധമോ ഉപയോഗിച്ചതിന് മറ്റ് സൂചനകളോ ഇല്ലാത്തതിനാൽ ഇത്തരം ലഹരി പിടിക്കപ്പെടുന്നത് അപൂർവമാണെന്ന് എക്സൈസ് കൊല്ലം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ് പറഞ്ഞു. ചെറിയൊരളവ് കൈവശംവെച്ചതിന് മുമ്പ് ഒരാളെ പിടികൂടിയിരുന്നു. ബംഗളൂരുവിൽനിന്നാണ് ഇത്തരം കെമിക്കൽ ലഹരികളെത്തുന്നത്. ഒളിപ്പിക്കാൻ എളുപ്പവും ഉപയോഗിച്ചാൽ അറിയാത്തതും അന്വേഷണത്തിന് െവല്ലുവിളിയാണ്.
പിടിച്ചാൽതന്നെയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതിെൻറ കണ്ണികളിലേക്ക് അന്വേഷണം എത്തിക്കാനും പ്രയാസമാണ്. മുമ്പ് പിടിയിലായ യുവാവിൽനിന്ന് ഒന്നരഗ്രാമിൽ താഴെമാത്രമാണ് ലഭിച്ചത്. വലിയൊരളവിൽ പിടികൂടുന്നത് ഇതാദ്യമായാണ്. നിരവധിപേർ ഇയാളിൽനിന്ന് വാങ്ങി ഉപയോഗിച്ചതായാണ് അന്വേഷണത്തിൽനിന്ന് വ്യക്തമാകുന്നത്.
ലഹരി അൺലോക്ഡ്
ലോക്ഡൗൺ നിലവിലിരിക്കെ ജില്ലയിൽ മൂന്ന് മാസത്തിനിടെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്തത് 12.352 കിലോ കഞ്ചാവ്. 17 കേസുകളിലായാണ് ഇത്രയും കഞ്ചാവ് കണ്ടെടുത്തത്. ഹാഷിഷ് ഓയിലും ആയിരത്തിലേറെ ലഹരി ഗുളികകളും ഈ കാലയളവിൽ പിടിച്ചെടുത്തു. 18 പേരെ അറസ്റ്റ് ചെയ്തു. നാല് ബൈക്കും ഒരുകാറും പിടിച്ചെടുത്തു. ജൂണിൽ 1.94 കിലോ കഞ്ചാവും 30 ലഹരി ഗുളികകളും എക്സൈസ് പിടിച്ചെടുത്തു.
ജൂലൈയിൽ 9.46 കിലോ കഞ്ചാവും ഒമ്പത് ഗ്രാം ഹാഷിഷ് ഓയിലും അഞ്ച് ലഹരി ഗുളികകളും പിടിച്ചെടുത്തു. ആഗസ്റ്റിൽ 8.52 കിലോ കഞ്ചാവ്, ലഹരി ഗുളികകൾ 1054, സെപ്റ്റംബർ ഇതുവരെ 5.75 കിലോ കഞ്ചാവ്, എം.ഡി.എം.എ 10.56 ഗ്രാം എന്നിങ്ങനെ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.