ലക്ഷ്യത്തിലെത്താതെ കൊല്ലം ടെക്നോപാർക്ക്; ബജറ്റിൽ പുതിയ ഐ.ടി പാർക്ക്
text_fieldsകുണ്ടറ: ബജറ്റിൽ കൊല്ലത്ത് ടെക്നോപാർക്കിനായി വീണ്ടും കോടികൾ അനുവദിക്കുമ്പോൾ ഇടത് സർക്കാർ 11 വർഷം മുമ്പ് കുണ്ടറയിൽ തുടക്കമിട്ട ടെക്നോപാർക്ക് ഇനിയും ലക്ഷ്യത്തിലെത്താത്ത നിലയിൽ. 2011 ഫെബ്രുവരി 15നാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കൊല്ലം ടെക്നോപാർക്ക് നാടിന് സമർപ്പിച്ചത്. ആദ്യഘട്ടം പണി പൂർത്തീകരിക്കുമ്പോൾ ചെലവ് 98 കോടി. ഇതിനൊപ്പം ആദ്യഘട്ടത്തിൽ 2000 പേർക്ക് തൊഴിൽ എന്നതായിരുന്നു വാഗ്ദാനം.
എന്നാൽ, 11 വർഷങ്ങൾക്കിപ്പുറം പാർക്കിലെ 80 ശതമാനം സ്ഥലവും ഒഴിഞ്ഞുകിടക്കുന്നു. വിരലിലെണ്ണാവുന്ന സ്വകാര്യ സംരംഭകർ മാത്രം പ്രവർത്തിക്കുന്ന ഈ 'ടെക്നോപാർക്കിൽ' ഐ.ടി മേഖലക്ക് ഗുണം ചെയ്യുന്ന സ്ഥാപനങ്ങളുമില്ല, 500 പേർക്ക് പോലും തൊഴിൽ ലഭിച്ചില്ല. ആദ്യഘട്ട നിർമാണത്തിന് ചെലവഴിച്ച തുകയിൽ 65 കോടി രൂപ നബാർഡ് വായ്പയാണ്. അന്ന് നിർമിച്ച ഒറ്റ കെട്ടിടത്തിൽ ഒതുങ്ങിനിൽപ്പാണ് കൊല്ലത്തിന്‍റെ സ്വന്തം ടെക്നോപാർക്ക്.
കഴക്കൂട്ടം ടെക്നോപാർക്ക് മാതൃകയിൽ വലിയ സ്വപ്നങ്ങളാണ് അന്ന് സർക്കാർ നിരത്തിയിരുന്നത്. ഒന്നും യാഥാർഥ്യമായില്ല. കുണ്ടറയിൽ റെയിൽവേ മേൽപാലം വരാത്തിടത്തോളം കാലം ടെക്നോപാർക്ക് രക്ഷപ്പെടാനും സാധ്യതയില്ല.
തിരുവനന്തപുരത്ത് നിന്നെത്തുന്നവർക്ക് റെയിൽവേ പാത മുറിച്ചുകടക്കാതെ പാർക്കിൽ എത്താൻ കഴിയില്ല. ഇപ്പോൾ തന്നെ റെയിൽവേ ഗേറ്റ് അടച്ചിട്ടാൽ വാഹന തിരക്ക് ഒഴിയണമെങ്കിൽ അരമണിക്കൂറിൽ അധികം സമയം വേണം.
കൊല്ലം-ചെങ്കോട്ട റെയിൽ വൈദ്യുതീകരണം പൂർത്തിയായി കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളും. ഇത്തരത്തിൽ ഗതാഗത പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുള്ള ഇവിടേക്ക് വൻ കമ്പനികളൊന്നും തിരിഞ്ഞുനോൽക്കാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.