നവകേരള പദ്ധതി; റോസ്മലയിൽനിന്നും കുടുംബങ്ങൾ ഒഴിഞ്ഞുതുടങ്ങി
text_fieldsപുനലൂർ: ശെന്തുരുണി വന്യജീവി സങ്കേതത്തിൽപ്പെടുന്ന റോസ്മലയിൽ നിന്നും കുടുംബങ്ങൾ സ്വയം ഒഴിഞ്ഞു തുടങ്ങി. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന് (ആർ.കെ.ഡി.പി) കീഴിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം കൈപ്പറ്റിയാണ് റോസ്മലയിലെ കുടുംബങ്ങൾ വീടും വസ്തുവും ഒഴിഞ്ഞു മറ്റു നാടുകളിൽ താമസമാക്കുന്നത്.
കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒരു വാർഡായ റോസ്മല പൂർണമായും വനത്താൽ ചുറ്റപ്പെട്ടതാണ്. മുമ്പ് ഭൂവുടമകളിൽനിന്നും സർക്കാർ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകിയതോടെയാണ് ഇവിടെ കൂടുതൽ കുടുംബങ്ങൾ താമസമായത്. ഇവരുടേത് ഉൾപ്പെടെ എല്ലാ സ്വകാര്യ ഭൂമിയും നഷ്ടപരിഹാരം നൽകി ഒഴിപ്പിച്ച് വനമാക്കാനാണ് പദ്ധതി.
ആദിവാസി കുടുംബങ്ങളെ പദ്ധതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇവിടുള്ള 41 കുടുംബങ്ങളെ ഒഴിപ്പിക്കൽ പദ്ധതിയിൽ സർക്കർ പരിഗണിച്ചു. ഒരോ കുടുംബത്തിനും 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരം സർക്കാർ നൽകുന്നത്. ഇതിനായി 3.60 കോടി രൂപ അനുവദിച്ചു. രണ്ട് ഘട്ടങ്ങളിലായി നൽകുന്ന തുകയിൽ ഏഴര ലക്ഷം രൂപ വീതം ആദ്യ ഗഡു അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്നിരുന്നു. തുക കൈപ്പറ്റിയവർ അവരുടെ വീടും മറ്റു നിർമിതികളും കഴിഞ്ഞ ദിവസം മുതൽ ഒഴിഞ്ഞു. ആറ് കുടുംബങ്ങൾ ഇതിനകം ഒഴിഞ്ഞു. വീടുകളിൽനിന്നും എടുത്തുമാറ്റാവുന്ന വാതിൽ, ജനൽ എന്നിവ പൊളിച്ചെടുത്തു. ഇനി ശേഷിക്കുന്ന ഭൂമി വനത്തിന്റെ ഭാഗമാകും.റോസ്മലയിൽ ഇനിയും 30 കുടുംബങ്ങൾ ആനുകൂല്യത്തിന് പരിഗണനയിലുണ്ട്. ഇവരുടെ നഷ്ടപരിഹാര തുകയും ഉടൻ ലഭ്യമാക്കും.
ഭൂരിഭാഗം കുടുംബങ്ങളും ഒഴിയുന്നതോടെ കൂടുതൽ വനം രൂപപ്പെടും. ഇതോടെ വന്യജീവികളുടെ ശല്യം കാരണം ശേഷിക്കുന്നവർക്ക് ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം വരും. ഇതോടെ ഇവരും സ്വയം ഒഴിഞ്ഞു പോകാൻ സന്നദ്ധമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
കുളത്തൂപ്പുഴ പഞ്ചായത്തിലെ കട്ടിപ്പാറ, കല്ലാർ വനമേഖലകളിൽ ആദ്യം ഈ പദ്ധതി നടപ്പാക്കി കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇപ്പോൾ തെന്മല പഞ്ചായത്തിലെ ചെറുകടവിലുള്ള കുടുംബങ്ങളേയും ഇത്തരത്തിൽ ഒഴിപ്പിക്കാൻ വനം അധികൃതർ നടപടി തുടങ്ങി. ഇതിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.