വെളിഞ്ഞിൽ മത്സ്യ കുടുംബത്തിലേക്ക് ഒരു അതിഥികൂടി
text_fieldsകൊല്ലം: കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ ഗണത്തിലേക്ക് ഒരു അതിഥി കൂടി. പരലോളി (വെളിഞ്ഞിൽ) ജനുസിലുള്ള മത്സ്യമാണ് ശാസ്ത്രലോകത്തിെൻറ ശ്രദ്ധയിലെത്തിയത്. ബറിലിയസ് സയനോക്ലോറസ് (Barilius cyanochlorus) എന്ന് ശാസ്ത്രീയ നാമകരണം ചെയ്യപ്പെട്ട മത്സ്യത്തെ കാസർകോട് ചുള്ളിയിലെ ചെറിയ തോട്ടിൽനിന്നാണ് കണ്ടെത്തിയത്. പ്രമുഖ അന്തർദേശീയ ശാസ്ത്ര ജേണലായ ബയോഡൈവേഴിസിറ്റാസിെൻറ പുതിയ ലക്കത്തിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. കൊല്ലം ചവറ ഗവ. കോളജ് സുവോളജി വിഭാഗം അസി. പ്രഫസറും മാവേലിക്കര തടത്തിലാൽ സ്വദേശിയുമായ ഡോ. മാത്യൂസ് പ്ലാമൂട്ടിലും ഇതേ കോളജിലെ ജൂനിയർ റിസർച് ഫെലോയും ബളാൽ സ്വദേശിയുമായ വിനീത് കുന്നത്തും ചേർന്നാണ് മത്സ്യത്തെ കണ്ടെത്തിയതും ശാസ്ത്രീയനാമം നൽകിയതും.
വർണഭംഗിയും ഘടനയുമാണ് പുതിയ പരലോളിക്കുള്ളത്. ഇതിന് മുതുകിനും താഴെയും ബ്രൗൺ നിറമാണ്. മധ്യ ഭാഗത്തിന് പച്ചകലർന്ന മഞ്ഞനിറമാണ്. നീല, പച്ച നിറങ്ങൾ ചേർന്ന എട്ട് വർണ ബാൻഡുകൾ മധ്യഭാഗത്തായുണ്ട്. പിൻചിറകിനും മുതുകു ചിറകിനും ചുവട്ടിൽ ബ്രൗൺ നിറവും അതിന് വെളിയിൽ ഓറഞ്ച് നിറവുമാണ്. എഴ് സെൻറീമീറ്റർ വരെ വലിപ്പമുള്ള ഇവ സാമാന്യം ഒഴുക്കുള്ളതും തെളിഞ്ഞതുമായ ജലാശയ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്.
പഠനഭാഗമായി പരലോളിയുടെ കേരളത്തിലെയും കർണാടകയിലെയും എല്ലാ സ്പീഷീസുകളും ഈ ഗവേഷകൻ ശേഖരിച്ചു. പുതിയ സ്പീഷിസ് പല ശാസ്ത്രീയ സ്വഭാവങ്ങളിലും മറ്റ് സഹ സ്പീഷീസിൽനിന്നും വേറിട്ടുനിൽക്കുന്നതായി കണ്ടെത്തി. ഈ മത്സ്യത്തിന് ഇൻറർനാഷനൽ കമീഷൻ ഓഫ് സുവോളജിക്കൽ നോമൻ ക്ലേച്ചറിെൻറ രജിസ്റ്റർ നമ്പറും ലഭ്യമായിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിെൻറ ശാസ്ത്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.