പുതുവത്സരാഘോഷം: പരിശോധന കര്‍ശനം
text_fieldsകൊല്ലം: പുതുവത്സരാഘോഷം പ്രമാണിച്ച് നിരോധിത ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന് പരിശോധന കര്‍ശനമാക്കുമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. ജില്ലതല ചാരായനിരോധന ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ.
പൊതുജനങ്ങള്‍ കൂടുന്ന ഇടങ്ങളില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ എക്സൈസ് വകുപ്പിന് നിർദേശം നല്കി. ബീച്ചുകള്‍, കോര്പറേഷന് മേഖലകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിർദേശിച്ചു.
തപാല്‍, കൊറിയര്‍ മുഖേന എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ എക്സൈസ് വകുപ്പിന് നിർദേശം നല്കി.
എക്സൈസ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ്, റെയില്‍വേ, ഭക്ഷ്യസുരക്ഷ, കോസ്റ്റല്‍ പൊലീസ്, ഡ്രഗ്സ് കണ്ട്രോള് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധന പുരോഗമിക്കുന്നതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. ഡിസംബര്‍ 20വരെ വിവിധ വകുപ്പുകളുമായി സഹകരിച്ച് 3619 പരിശോധനകൾ നടത്തി.
469 അബ്കാരി കേസുകള്‍, 245 മയക്കുമരുന്ന് കേസുകള്‍, 2646 കോട്പ കേസുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്തു. 170 ലിറ്റര്‍ ചാരായം, 5617 ലിറ്റര്‍ കോട, 1113 ലിറ്റര്‍ വിദേശമദ്യം, 38 കിലോഗ്രാം കഞ്ചാവ്, 80 ഗ്രാം എം.ഡി.എം.എ, 165 നൈട്രാസെപാം ഗുളികകള്‍, 50 ഗ്രാം ഹഷീഷ് ഓയില്‍, 10 കഞ്ചാവ് ചെടികള്‍ എന്നിവയും കണ്ടെടുത്തു. 37 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എക്സൈസ് ഡിവിഷന് ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ല കണ്ട്രോള് റൂം, സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക് കണ്ട്രോള് റൂമുകള്‍, രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. നാലുമാസമായി സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടരുകയാണ്.
കള്ളുഷാപ്പുകളിലും, ബാറുകളിലും പ്രത്യേക പരിശോധന നടത്തും. അതിര്‍ത്തി മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് തമിഴ്നാട് പൊലീസുമായി ചേര്‍ന്ന് പ്രത്യേക ഡ്രൈവ് ഉണ്ടാകും. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവിൽ വാഹന പരിശോധന കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ബോര്‍ഡര്‍ പട്രോളിങ് യൂനിറ്റ് 24 മണിക്കൂര്‍ പരിശോധന നടത്തും. പൊലീസ് ഡോഗ് സ്ക്വാഡുമായി ചേര്‍ന്ന് ചെക് പോസ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന ഉറപ്പാക്കും.
കള്ളുഷാപ്പുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. തട്ടുകടകളും ടൂറിസ്റ്റ് ബസുകളും ആംബുലന്‍സുകളും കര്‍ശന നിരീക്ഷണത്തിലാക്കും.
വിദ്യാര്‍ഥികള്‍ക്കായി ലഹരിക്കെതിരെയുള്ള ബോധവത്കരണം ശക്തിപ്പെടുത്തി. എസ്.പി.സി, എന്‍.പി.സി വിഭാഗങ്ങളുടെ സേവനമാണ് വിനിയോഗിക്കുന്നത്. സ്കൂളുകളിലടക്കം ക്ലാസുകള്‍ സംഘടിപ്പിച്ച് വിമുക്തി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ ഡി -അഡിക്ഷന് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.