പുതുവത്സരാഘോഷം; സുരക്ഷ ശക്തമാക്കി
text_fieldsകൊട്ടാരക്കര: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെയും നിയമങ്ങൾ ലംഘിക്കാതെയും പുതുവത്സരം ആഘോഷിക്കണമെന്ന് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി. വിനോദസഞ്ചാര മേഖലകൾ, ബാർ ഹോട്ടലുകൾ, ബിവറേജ് ഔട്ട്ലറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ, റിസോട്ടുകൾ, ഹോം സ്റ്റേകൾ, പാർക്കുകൾ തുടങ്ങി പ്രധാന കവലകളും കമ്പോളങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.
വിനോദസഞ്ചാര മേഖലകൾ, ബാർ ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപെട്ടാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് സ്റ്റേഷൻ ഓഫിസർമാർക്ക് നിർദേശം നൽകി. പൊതുസ്ഥലങ്ങളിലെ മദ്യത്തിന്‍റെയും മയക്കുമരുന്നുകളുടെയും ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് എല്ലാ മേഖലകളിലും നിരീക്ഷണം നടത്തും.
മദ്യപിച്ചുള്ള ഡ്രൈവിങ്, അമിത വേഗത്തിലുള്ള ഡ്രൈവിങ് എന്നിവ നിയന്ത്രിക്കാൻ എല്ലാ നിരത്തുകളിലും കവലകളിലും വാഹന പരിശോധന കർശനമാക്കും. ലഹരി വസ്തുക്കൾ, വ്യാജമദ്യം എന്നിവയുടെ കടത്തലും വിപണനവും തടയുന്നതിനായി എക്സൈസ് വകുപ്പുമായി ചേർന്ന് പൊലീസ് ഡാൻസഫ് ടീം, ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനകൾ നടത്താൻ നിർദേശം നൽകി.
ജില്ലയുടെ അതിർത്തി കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്ക് ഉടനടി കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ മാർക്കും നിർദ്ദേശം നൽകിയതായി റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.