കൊല്ലത്തിന്റെ സ്വന്തം പ്രേമലു
text_fieldsഅതികഠിനമാണ് ഇത്തവണ പ്രചാരണമെന്ന് പറഞ്ഞ് ചൂടിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രവർത്തകന്റെ മൂക്കിന് തുമ്പിൽ സൂര്യാതപമേൽപിച്ച പൊള്ളലുണ്ട്. എന്നാലും ഒരു നിമിഷം പോലും തളർന്നിരിക്കില്ലെന്ന ചിരി നിറച്ചാണ് നേതാക്കളും അണികളും സ്ഥാനാർഥി പര്യടനത്തിന്റെ പുതിയൊരു ദിനത്തിന് തുടക്കമിട്ടത്
ആഴ്ചകൾക്ക് മുന്നേയുള്ള രൗദ്രഭാവം വിട്ടൊഴിഞ്ഞ് ശാന്തമായ അറബിക്കടൽ അലയലയായി കരയെ തൊട്ടുരുമ്മി വന്നു പോകുകയാണ്. വേനൽ വെയിലിന്റെ കാഠിന്യം ചാഞ്ഞുതുടങ്ങിയ പ്രഭാതത്തിൽ കടലോരം തെരഞ്ഞെടുപ്പ് ചൂടിലാണ്. ‘‘നിങ്ങളുടെ മനസ്സിന്റെയും മനഃസാക്ഷിയുടെയും അംഗീകാരം മൺവെട്ടിയും മൺകോരിയും ചിഹ്നത്തിൽ നൽകി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് നിങ്ങളെ കാണുവാൻ, നിങ്ങളോട് സംസാരിക്കാൻ, അനുഗ്രഹം വാങ്ങാൻ കൊല്ലത്തിന്റെ പൊന്നോമനപുത്രൻ വരുകയാണ്...’’ അനൗൺസ്മെന്റ് വാഹനത്തിൽനിന്ന് നിർത്താതെ വാക്കുകൾ ഒഴുകിയെത്തുന്നു.
‘‘ജ്വലിച്ചുനിൽക്കും കർമപഥങ്ങളിൽ കരുത്തനായൊരു സമരഭടൻ’’-അടുത്തവാഹനത്തിൽനിന്ന് ഉച്ചത്തിൽ പാട്ടുമുണ്ട്. രാവിലെ എട്ടിന് മുന്നേ തീരദേശ പാതയിൽ കച്ചിക്കടവിൽ ഒരുക്കം ഉറപ്പാക്കുന്ന തിരക്കിലാണ് യു.ഡി.എഫ് നേതാക്കൾ.
കൊല്ലം മണ്ഡലം സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ സ്വീകരണ പര്യടനം തുടങ്ങുന്നത് മുണ്ടയ്ക്കൽ കച്ചിക്കടവിലാണ്. സ്ഥാനാർഥി എത്തുന്നതിന് മുന്നേ വാഹനങ്ങൾ ക്രമീകരിക്കുന്നതിനും മൈക്ക് ശരിയാക്കുന്നതിനും ഒക്കെയാണ് ശ്രദ്ധ. കോൺഗ്രസുകാരാണ് അധികവും. മുന്നണി ബന്ധത്തിന്റെ ഊഷ്മളമായ കാഴ്ച.
ആർ.എസ്.പിക്കാരനായ സ്ഥാനാർഥിക്കുവേണ്ടി ഓടിനടക്കുകയാണ് അവർ. അതികഠിനമാണ് ഇത്തവണ പ്രചാരണമെന്ന് പറഞ്ഞ് ചൂടിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രവർത്തകന്റെ മൂക്കിന് തുമ്പിൽ സൂര്യാതപമേൽപിച്ച പൊള്ളലുണ്ട്. എന്നാലും ഒരു നിമിഷം പോലും തളർന്നിരിക്കില്ലെന്ന ചിരി നിറച്ചാണ് നേതാക്കളും അണികളും സ്ഥാനാർഥി പര്യടനത്തിന്റെ പുതിയൊരു ദിനത്തിന് തുടക്കമിടുന്നത്.
8.40 ആയപ്പോഴേക്കും ചെങ്കൊടി പാറുന്ന കാറിൽ എൻ.കെ. പ്രേമചന്ദ്രൻ പുഞ്ചിരിയോടെ വന്നിറങ്ങി. കൈകൊടുക്കാൻ കാത്തുനിന്നവരെല്ലാം ചുറ്റുംകൂടി. സ്നേഹോഷ്മള അഭിവാദ്യങ്ങൾ. പിന്നാലെ റോഡരികിൽ കാത്തുനിന്ന റാഹേൽ അമ്മയുടെ വീട്ടുമുറ്റത്തേക്ക്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ മാലയിട്ട് റാഹേൽ അമ്മയുടെ വക സ്വീകരണത്തിന് ‘ഉദ്ഘാടനം’. വീട്ടിലെ സ്വീകരണ മുറിയിൽ ഷാളുമായി കുറച്ചു പേർ കാത്തിരിപ്പുണ്ടായിരുന്നു.
എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ഭാരവാഹികൾ ആണ്. തങ്ങളുടെ ദേശീയ പ്രസിഡന്റിന് പിന്തുണയുമായി അങ്ങ് കന്യാകുമാരിയിൽനിന്ന് വന്നതാണ് അവർ. രക്ഷാധികാരി രാധാകൃഷ്ണൻ, സെക്രട്ടറി രാമചന്ദ്രൻ, ജസ്റ്റസ് രാജ് അങ്ങനെ 10 അംഗ സംഘം ആണ് അതിരാവിലെ എത്തിയത്. ഞങ്ങളുടെ നേതാവാണ്, ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം ജയിക്കണം- തമിഴ് കലർന്ന മലയാളത്തിൽ അവരിലൊരാൾ പറയുമ്പോൾ റോഡിനപ്പുറം സ്ഥാനാർഥിയെ ഹാരമണിയിക്കാൻ തിരക്ക്. ഏറെ കാത്തുനിന്ന് പ്രദേശവാസി ട്രീസയും ഹാരമണിയിച്ചു.
മുഖം ചേർത്ത്പിടിച്ച് സ്നേഹാന്വേഷണവും വിജയാശംസയും നേർന്ന് തിരിഞ്ഞുനടന്ന വയോധികയുടെ മുഖത്ത് നിറഞ്ഞ സന്തോഷം. ‘‘അദ്ദേഹത്തിന് ഹാരമിടാൻ കാത്തിരിക്കുകയായിരുന്നു. ചാണ്ടി ഉമ്മനൊപ്പം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് എത്തിയപ്പോൾ കാണാൻ പറ്റിയില്ല. ഇപ്പോൾ എന്തായാലും എനിക്ക് സന്തോഷമായി. ഇനി മരിച്ചാലും കുഴപ്പമില്ല.’’ അടിയുറച്ച കോൺഗ്രസ് അനുഭാവികൂടിയായ ട്രീസ സന്തോഷം പങ്കുവെച്ചു.
അപ്പോഴേക്കും ഔദ്യോഗിക ഉദ്ഘാടനത്തിനായി മൈക്ക് കൈയിലെടുത്ത് സ്ഥാനാർഥി സംസാരം തുടങ്ങി. പ്രചാരണത്തിനിടെ മൂന്നാം തവണ തീരദേശ മേഖലയിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷം വാക്കുകളിൽ. കഴിഞ്ഞ തവണ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തതിന് പിറ്റേദിവസം കൊല്ലം കടലോരത്ത് പുലിമുട്ട് ആവശ്യമുയർത്തി നടന്ന രാപകൽ സമരത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതിന്റെയും അത് ഫലം കണ്ടതിന്റെയും ഓർമകൾ പങ്കുവെച്ചു.
ഒപ്പം വനാവകാശ നിയമം പോലെ കടലിൽ മത്സ്യത്തൊഴിലാളികൾക്ക് അവകാശം ലഭിക്കുന്നതിന് പാർലമെന്റിൽ നടത്തിയ ഇടപെടലും ചേർത്ത് ഹ്രസ്വ പ്രസംഗം പൂർത്തിയാക്കി. ഓപൺ വാഹനത്തിലെ സ്വീകരണ പര്യടനമാണെങ്കിലും വോട്ടർമാരെ അടുത്ത് നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്നതിനോട് പ്രേമചന്ദ്രന് പ്രത്യേക താൽപര്യം തന്നെയാണുള്ളത്. പ്രസംഗം കഴിഞ്ഞ് നേരെ കച്ചിക്കടവിലെ റോഡരികിലെ കടകളിലും വീടുകളിലും നിന്നവരെ കണ്ടിട്ടേ വണ്ടിയിൽ കയറിയുള്ളൂ.
അനൗൺസ്മെന്റ് വാഹനങ്ങൾ സ്ഥാനാർഥിയുടെ വരവറിയിച്ച് മുന്നേ പുറപ്പെട്ടു. പൈലറ്റായും രണ്ടു വാഹനങ്ങൾ. പിന്നാലെ ഇരുചക്രവാഹനങ്ങളിൽ പ്രവർത്തകർ. സ്വീകരണ പര്യടനം മുന്നോട്ട്. എല്ലാവർക്കും ചിരിയും കൈവീശലും നൽകി വോട്ടുറപ്പിക്കുന്ന തിരക്കിലായി സ്ഥാനാർഥി. കടൽത്തീരത്ത് ഒരു വശത്താണ് വീടുകൾ. പലരും ഗേറ്റിന് മുന്നിലുണ്ട്, കൈവീശി കാണിക്കാൻ.
ചിലർ വീട്ടുമുറ്റങ്ങളിൽനിന്ന് അഭിവാദ്യം ചെയ്യുന്നു. കടൽക്കരയിൽ കാറ്റേറ്റ് ഇരുന്നവരും പ്രേമചന്ദ്രന്റെ അഭിവാദ്യത്തിന് പ്രത്യഭിവാദ്യം നൽകി ചിരിച്ചു. മുണ്ടയ്ക്കൽ പാലം കടന്ന് പുളിമൂട് ജങ്ഷനിൽ ആദ്യ സ്വീകരണസ്ഥലത്ത് പടക്കംപൊട്ടിച്ചുള്ള സ്വീകരണം. വാഹനത്തിൽനിന്നിറങ്ങി ഹ്രസ്വപ്രസംഗവും നടത്തി കടയിലും വാഹനങ്ങളിലും ഉണ്ടായിരുന്നവരെ കണ്ട് വോട്ടുറപ്പിക്കൽ. ഇനി ഇരുവശങ്ങളിലും വീടുകളാണ്.
ഒരു അഭിവാദ്യം പോലും മറുപടി ഇല്ലാതെ പോകരുതെന്ന് ഉറപ്പിച്ച് സ്ഥാനാർഥി ഇരുവശത്തേക്കും കൈവീശുകയാണ്. റോഡരികിലും വീട്ടുമുറ്റങ്ങളിലും ബാൽക്കണികളിലും അടുക്കളയിറമ്പിലുമെല്ലാം ആളുകൾ എത്തിനോക്കിനിൽക്കുന്നു. നിറഞ്ഞ പുഞ്ചിരിയാണ് മുഖങ്ങളിൽ. ചിലർ സ്ഥാനാർഥി കൈവീശുന്നതിന് മുന്നേ കൈവീശുന്നു. ചിലർ ഉറപ്പിച്ചോളൂ വോട്ടെന്ന അർഥത്തിൽ തലയാട്ടുന്നു.
തംപ്സ് അപ് നൽകിയും നമസ്കാരം പറഞ്ഞും ചൂളമടിച്ചും പലപല മുഖങ്ങൾ വഴിയോരങ്ങളിൽ. കൈയെത്തിക്കാൻ കഴിയുന്നിടത്തെല്ലാം വണ്ടിയിൽ നിന്നുതന്നെ കൈകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മുൻ എം.എൽ.എ എസ്. ത്യാഗരാജന്റെ വീടിനു മുന്നിൽ ഇറങ്ങി ഷാളും വാങ്ങി വീണ്ടും വണ്ടിയിലേക്ക്. കല്ലുകണ്ടം കടന്ന് മുണ്ടയ്ക്കൽ ഈസ്റ്റ് പിന്നിട്ട് ചായക്കടമുക്കിൽ അടുത്ത സ്വീകരണം.
വാഹനം തിരിക്കാൻ പോയ സമയം പോലും പാഴാക്കാതെ ജങ്ഷനിൽ ഓടിനടന്ന് വോട്ടഭ്യർഥന. ശേഷം അമൃത് കുളം, തുമ്പറ, മുണ്ടയ്ക്കൽ, എച്ച് ആൻഡ് സി ജങ്ഷനുകളിലാണ് സ്വീകരണമൊരുക്കിയിരുന്നത്. ‘‘കണ്ടില്ലേ, പ്രതികരണമെല്ലാം അനുകൂലമാണ്. 10 ശതമാനത്തിൽ താഴെയേ ഉണ്ടാകൂ പ്രതികരിക്കാതെ ഉള്ളവർ.
ചിരിനിറഞ്ഞ മുഖങ്ങൾ കാണുമ്പോൾതന്നെ വോട്ടുറപ്പിക്കാം. ഇത്രയും അനുകൂല പ്രതികരണം മറ്റൊരു തെരഞ്ഞെടുപ്പിലും കണ്ടിട്ടില്ല.’’- പര്യടനവിശേഷം പ്രേമചന്ദ്രൻ പങ്കുവെച്ചു. മുണ്ടയ്ക്കൽ വെസ്റ്റും തുമ്പറ പടിഞ്ഞാറും കടന്ന് കപ്പലണ്ടി മുക്ക് ജങ്ഷനിലൂടെ സ്വീകരണമേറ്റുവാങ്ങി മുന്നോട്ട്.
അപ്പോഴേക്കും പര്യടന വാഹനത്തിനു മുകളിലെ ഫൈബർ മേൽക്കൂരയെ തോൽപിച്ച് വെയിൽ കാഠിന്യം അറിയിക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ കഴിയാത്തതാണെന്ന് സ്ഥാനാർഥിയുടെ അനുഭവസാക്ഷ്യം. ഇടക്കിടക്ക് വെള്ളം കുടിച്ച് ചൂടിനെ തോൽപ്പിക്കാൻ ശ്രമം. പോളയത്തോട് കാവൽപുര റെയിൽവെ ഗേറ്റിൽ 10.30ഓടെ എത്തിയപ്പോൾ ഗേറ്റ് തുറക്കുന്നത് കാത്ത് ഏതാനും നിമിഷം.
ആ ഗ്യാപിൽ വീട്ടിൽനിന്ന് പാത്രത്തിൽ കൂടെ കരുതിയ ഇഡ്ഡലിയും സാമ്പാറും മുട്ടയുമടങ്ങിയ പ്രഭാതഭക്ഷണം കഴിക്കാനുള്ള ശ്രമമായി. കുറച്ച് കഴിച്ചപ്പോഴേക്കും ഗേറ്റ് തുറന്നു. അതുപോലെ അടച്ചുവെച്ച് വീണ്ടും വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതിലായി ശ്രദ്ധ. ‘‘ജയിക്കാൻ അനുകൂലമായ എല്ലാ സാഹചര്യവുമുണ്ട്. നല്ല ഭൂരിപക്ഷംതന്നെ ഉണ്ടാകും. അത് എത്രയെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ല. ജയം ഉറപ്പിക്കുന്നത് ഈ പിന്തുണയാണ്.’’ -വഴിയരികിൽ കാത്തുനിൽക്കുന്ന വോട്ടർമാരിൽ പൂർണവിശ്വാസമർപ്പിച്ച് സ്ഥാനാർഥി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.