ഓട നവീകരണമില്ല: ശാസ്ത്രി ജങ്ഷനില്‍ വെള്ളക്കെട്ട്
text_fieldsകുന്നിക്കോട്: ദേശീയപാതയോരത്തെ ഓടകള്‍ക്ക് നവീകരണം ഇല്ലാതായതോടെ മഴപെയ്താൽ ശാസ്ത്രി ജങ്ഷനില്‍ വെള്ളം നിറയുന്ന അവസ്ഥക്ക് പരിഹാരംവേണമെന്നാവശ്യം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് ശാസ്ത്രി ജങ്ഷനിൽ കാല്‍നടയാത്ര പോലും ദുസ്സഹമാക്കിയാണ് വെള്ളം നിറയുന്നത്. ചെറിയ മഴ പോലും വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനാല്‍ യാത്രക്കാരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.
ഓടകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. അഞ്ച് വര്‍ഷം മുമ്പാണ് ഓടകള്‍ നവീകരിച്ചത്. എന്നിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പാതയില്‍ നിറഞ്ഞ വെള്ളം സമീപത്തെ കടകളിലേക്ക് കയറുകയും വിപണനസാധനങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു.
വ്യാപാര സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളും ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളും ഓടക്കുള്ളിലാണ് തള്ളുന്നത്. ഇത് ഓടയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാകുന്നു. ഓടകള്‍ നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുമ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനും ഇത് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.
റോഡിന് വശങ്ങളിലൂടെ നടന്നുപോകുന്നവരും ഇരുചക്രവാഹനയാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻപോലും കഴിയാത്ത സ്ഥിതിയാണ്. ഇത് വ്യാപാരത്തെയും കാര്യമായി ബാധിക്കുന്നെന്ന് കച്ചവടക്കാർ പറയുന്നു.
വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. ശുചീകരണവുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും രണ്ട് തട്ടിലാണ്. ഇതും ഓട നവീകരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായും ആക്ഷേപമുണ്ട്. ഓടകളുടെ ശുചീകരണം നടത്തി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.