സൗകര്യമൊരുക്കിയില്ല; കോവിഡ് ബാധിതനായ ഡോക്ടർക്ക് നീറ്റ് പരീക്ഷയെഴുതാനായില്ല
text_fields
കൊല്ലം: മെഡിക്കൽ പി.ജി നീറ്റ് എൻട്രൻസ് പരീക്ഷയെഴുതാനെത്തിയ കോവിഡ് ബാധിതനായ യുവ ഡോക്ടറെ പരീക്ഷയെഴുതാൻ പരീക്ഷകേന്ദ്രം അധികൃതർ അനുവദിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എ.ഡി.എമ്മിനെയും ആരോഗ്യവകുപ്പ് അധികൃതരെയും പൊലീസിനെയും പരീക്ഷ കേന്ദ്രത്തിലേക്ക് കടക്കാനും അനുവദിച്ചില്ല.
ഇതിനെതുടർന്ന് എ.ഡി.എം അടക്കമുള്ളവർക്ക് ഒരു മണിക്കൂറിലധികം ഗേറ്റിന് പുറത്ത് നിൽക്കേണ്ടിവന്നു. ഒടുവിൽ അവസരം നൽകാമെന്ന് തീരുമാനം വന്നപ്പോഴേക്കും വീട്ടിലേക്ക് േപായ ഡോക്ടർക്ക് സമയത്ത് തിരികെയെത്താൻ കഴിയാതെവന്നതോടെ അവസരം നഷ്ടമായി. പാൽകുളങ്ങരയിലുള്ള സ്വകാര്യ പരീക്ഷ കേന്ദ്രത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
രോഗബാധയെതുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് ആംബുലൻസിലെത്തിയ അഞ്ചൽ സ്വദേശിക്കാണ് പരീക്ഷയെഴുതാൻ കഴിയാതെ പോയത്. രാവിലെ ഒമ്പതോടെ പരീക്ഷ കേന്ദ്രത്തിലെത്തിയതായിരുന്നു. ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് വിവരം അറിയിച്ചതനുസരിച്ച് കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് ജെ.എച്ച്.ഐമാരായ സജിന, കാർത്തിക എന്നിവരും കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ താഹാ കോയ, ജാനസ് ബേബി എന്നിവരും കൊല്ലം എ.ഡി.എം സജിതാബീഗവും സ്ഥലത്തെത്തി.
പരീക്ഷകേന്ദ്രം അധികൃതരുമായി ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിെൻറ ഗേറ്റ് തുറക്കാൻ തയാറായില്ല. എ.ഡി.എമ്മാണെന്ന് വ്യക്തമാക്കിയെങ്കിലും അധികൃതർ വഴങ്ങിയില്ല. പിന്നീട് ഒരു മണിക്കൂറിനുശേഷം എ.ഡി.എമ്മിനെ മാത്രം പരീക്ഷകേന്ദ്രത്തിലേക്ക് കടത്തിവിടുകയായിരുന്നു.
എ.ഡി.എം നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ അധികൃതരുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതിനെതുടർന്ന് ഡോക്ടറെ പരീക്ഷയിൽ പങ്കെടുപ്പിക്കാനും സൗകര്യങ്ങളൊരുക്കാനും തീരുമാനമായി. സൗകര്യങ്ങൾ ഒരുക്കിയശേഷം പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതിനായി ഡോക്ടറെ തിരക്കിയപ്പോഴാണ് തിരികെ പോയ വിവരം അറിയുന്നത്. വിളിച്ചന്വേഷിച്ചപ്പോൾ തിരിച്ചെത്താൻ മുക്കാൽ മണിക്കൂറോളം സമയമെടുക്കുമെന്നായിരുന്നു മറുപടി.
സെൻററിൽ അടുത്ത പരീക്ഷക്കുള്ള ഷെഡ്യൂൾ ഉള്ളതുകൊണ്ട് ഇനി വരേണ്ടെന്ന് ഡോക്ടറെ അറിയിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നീറ്റ് പോലൊരു പരീക്ഷ നടക്കുേമ്പാൾ രോഗബാധിതർക്ക് പെങ്കടുക്കാൻ സൗകര്യം ഒരുക്കാതിരുന്നത് പരീക്ഷകേന്ദ്രം അധികൃതരുടെ വീഴ്ചയാണ്.
'രോഗിയാണെന്ന് നേരത്തേ അറിയിച്ചില്ല'
കോവിഡ് പോസിറ്റിവാണെന്ന് നേരത്തേ അറിയിച്ചിരുന്നില്ലെന്നും അറിയിച്ചിരുന്നെങ്കിൽ ആവശ്യമായ പ്രത്യേക സംവിധാനങ്ങൾ ഒരുക്കാൻ കഴിയുമായിരുന്നെന്നുമാണ് പരീക്ഷകേന്ദ്രം അധികൃതരുടെ വിശദീകരണം.
പുറത്തുനിന്നുള്ള ആരെയും നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷെൻറ അനുവാദമില്ലാതെ പരീക്ഷകേന്ദ്രത്തിലേക്ക് കടത്തിവിടരുതെന്നുള്ള കർശനനിർദേശം ഉള്ളതിനാലാണ് എ.ഡി.എമ്മിനെ കടത്തിവിടാതിരുന്നതെന്നും അവർ പറയുന്നു.
'സൗകര്യം ഒരുക്കാൻ നിർദേശം നൽകി'
കോവിഡ്് പോസിറ്റിവായ ഡോക്ടർക്ക് നീറ്റ് പി.ജി പരീക്ഷയെഴുതാനാകാതെവന്ന പശ്ചാത്തലത്തിൽ, ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷക്ക് എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യമൊരുക്കാൻ നിർദേശം നൽകിയതായി എ.ഡി.എം സജിതാബീഗം അറിയിച്ചു.
പരാതി ലഭിച്ചതിനെതുടർന്നാണ് ജില്ല ഭരണകൂടം കഴിഞ്ഞദിവസം പ്രശ്നത്തിൽ ഇടപെട്ടത്. ചർച്ച നടത്തിയതിനെതുടർന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും പരീക്ഷയെഴുതാനാകില്ലെന്ന തെറ്റിദ്ധാരണയിൽ ഡോക്ടർ അപ്പോഴേക്കും തിരികെ പോയിരുന്നു. ഞായറാഴ്ചത്തെ പരീക്ഷയിൽ ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ കർശന നിർദേശം നൽകിയതായി അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.