നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള തെറ്റായ പ്രചാരണം വേണ്ട
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള തെറ്റായപ്രചാരണങ്ങള് പാടില്ലെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എന്‍. ദേവിദാസ്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതിനുള്ള റേറ്റ് ചാര്‍ട്ട് അംഗീകരിക്കുന്നതിന് ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഗൃഹകേന്ദ്രീകൃത വോട്ടിങ് സംവിധാനത്തില്‍ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വോട്ട് ചെയ്യാം. അന്ധതയോ ശാരീരികഅവശതയോ കാരണം വോട്ട്ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സഹായം സ്വീകരിക്കാം. ഇലക്ടർക്കായി താന്‍ രേഖപ്പെടുത്തിയ വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും മറ്റ് ഇലക്ടറുടെ കൂട്ടാളിയായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഒപ്പമുള്ളയാള്‍ നൽകുന്ന ഡിക്ലറേഷന്‍ പോള്‍ ഓഫിസര്‍മാര്‍ സൂക്ഷിക്കും.
ബാങ്ക് അക്കൗണ്ട് തുറക്കണം
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വരവുചെലവ് കണക്കുകള്‍ പരിശോധനവിധേയമായതിനാല് ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എന്‍. ദേവിദാസ്. സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പണത്തിന് ഒരുദിവസം മുമ്പ് അക്കൗണ്ട് എടുത്തിരിക്കണം.
സ്ഥാനാർഥിയുെടയോ അഥവാ സ്ഥാനാർഥിയുടെയും ഇലക്ഷന് ഏജന്റിെന്റയും കൂട്ടായ പേരിലോ സംസ്ഥാനത്തെ ഏതൊരിടത്തും സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ബാങ്കുകളിലോ പോസ്റ്റ് ഓഫിസുകളിലോ അക്കൗണ്ട് തുടങ്ങാം. നിലവിലുള്ള അക്കൗണ്ടുകള്‍ അനുവദിക്കില്ല.
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായുള്ള പ്രത്യേക അക്കൗണ്ടുകളിലൂടെ മാത്രമേ തെരഞ്ഞെടുപ്പാവശ്യാർഥമുള്ള വരവുചെലവു കണക്കുകള്‍ നിർവഹിക്കാവൂ. ബാങ്ക് അക്കൗണ്ട് നമ്പര്‍ നാമനിർദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാർഥി രേഖാമൂലം അറിയിക്കണം. പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാത്ത സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സൂക്ഷിക്കാത്തവരായി കണക്കാക്കും.
കര്‍ശന പരിശോധന
കൊല്ലം: സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജില്ലയിലെ നിയമസഭമണ്ഡലങ്ങളിലെല്ലാം കര്‍ശന പരിശോധനക്കായി സംവിധാനം ഏര്‍പ്പെടുത്തിയെന്ന് കലക്ടര്‍ എന്‍. ദേവിദാസ്. ആലപ്പുഴ, മാവേലിക്കര, കൊല്ലം എന്നിവിടങ്ങളിലെ 11 നിയമസഭ മണ്ഡലങ്ങളിലായാണ് പ്രവര്‍ത്തനം.
ഓരോ നിയമസഭ മണ്ഡലത്തിലും/മേഖലയിലും ഒരു എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും നാലുവരെ പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന മൂന്നോ അതിലധികമോ ടീമുകള്‍ ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തും. ഇവ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ വിഡിയോയില്‍ പകര്‍ത്തും. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർക്ക് പ്രതിദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമ്മാനങ്ങള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ പിടിച്ചെടുക്കും.
വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലാകും വനിതകളെ പരിശോധിക്കുക. സംഘത്തെ സംബന്ധിച്ച പരാതികള്‍ ഡെപ്യൂട്ടി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ അല്ലെങ്കില്‍ ഫിനാന്‍സ് ഓഫിസര്‍, കലക്ടറേറ്റ് വിലാസത്തില്‍ സമര്‍പ്പിക്കാം. പിടിച്ചെടുക്കുന്ന തുക 10 ലക്ഷത്തിൽ കൂടുതലാണെങ്കില്‍ ആദായനികുതി അതോറിറ്റിക്ക് കൈമാറും. സംസ്ഥാന/ജില്ല അതിര്‍ത്തികളിലെയും മറ്റിടങ്ങളിലെയും ചെക്പോസ്റ്റുകളില്‍ പരിശോധന നടത്തും.
താരപ്രചാരകര്‍ക്ക് സ്വകാര്യആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ വരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ട്രഷററുടെ തുക രേഖപ്പെടുത്തിയ സാക്ഷ്യപത്രം സഹിതവുമാണ് അനുവദനീയം. രേഖകളുടെ പകര്‍പ്പ് പരിശോധകര്‍ക്ക് നല്‍കണം.
10 ലക്ഷം രൂപയില്‍ അധികം പണം സംശയരഹിതമായി കണ്ടെത്തിയാല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റിനെ അറിയിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.