ഏത് സാഹചര്യത്തിലും ചികിത്സ നിഷേധിക്കരുത് –കലക്ടര്‍
text_fieldsകൊല്ലം: ഏത് സാഹചര്യത്തിലും ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാനിടയാകരുതെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് കലക്ടറുടെ നിർദേശം.
അഴീക്കല്‍ ഹാര്‍ബറില്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരുന്നു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജില്ല ആശുപത്രിയിലും നടക്കുന്ന നിര്‍മാണങ്ങള്‍ വേഗത്തിലാക്കാൻ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്കി.
കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുന്ന ആലപ്പാട് മേഖലയില്‍ ഏറ്റെടുത്തിട്ടുള്ള കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ മതിയായ സംവിധാനങ്ങളൊരുക്കാനും നിര്‍ദേശിച്ചു.
നഗരത്തിലെയും റൂറലിലെയും രോഗവ്യാപനത്തെ സംബന്ധിച്ച് സിറ്റി-റൂറല്‍ പൊലീസ് മേധാവികളുടെ റിപ്പോര്‍ട്ടുകള്‍ യോഗം വിലയിരുത്തി. സംരക്ഷിത കുടുംബ കൂട്ടായ്മകള്‍(സി.സി.ജി) കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള സര്വകക്ഷിയോഗങ്ങള് പുരോഗമിക്കുന്നുണ്ടെന്നും ചുമതലയുള്ള ആര്.ഡി.ഒ ശിഖാ സുരേന്ദ്രന് പറഞ്ഞു.
ഹാര്‍ബറുകളിലെ മാലിന്യനിക്ഷേപം അടക്കമുള്ള വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ.ഡി.എം പി.ആര്. ഗോപാലകൃഷ്ണന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജോയൻറ് ആര്.ടി.ഒ, കോര്പറേഷന് സെക്രട്ടറി, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.