ആവശ്യത്തിന് ജീവനക്കാരില്ല; കൊല്ലം ജില്ല ആശുപത്രിയിൽ രോഗികൾ വലയുന്നു
text_fieldsകൊല്ലം: ജില്ല ആശുപത്രിയിൽ ജീവനക്കാരുടെ അഭാവം രോഗികളെ വലക്കുന്നു. അത്യാഹിത വിഭാഗം, ഹൃദ്രോഗവിഭാഗം, അർബുദ രോഗ പരിചരണവിഭാഗം, എം.ആർ.ഐ സ്കാൻ തുടങ്ങിയവ പ്രവർത്തിക്കുന്ന സെക്ഷനുകളിലാണ് പ്രധാനമായും ജീവനക്കാരുടെ അഭാവം രോഗികളെ വലക്കുന്നത്.
ദിവസേന ആയിരക്കണക്കിന് രോഗികളാണ് ജില്ല ആശുപത്രിയെ ആശ്രയിക്കുന്നത്.
പ്രായമായവരും കൈക്കുഞ്ഞുമായെത്തുന്നവരുമാണ് ജീവനക്കാരുടെ അഭാവത്താൽ ക്യൂനിന്ന് വലയുന്നത്.
നഴ്സിങ് അസിസ്റ്റന്റ്, ഫാർമസി, അറ്റൻഡർ, ലാബ് അസിസ്റ്റന്റ്, സ്കാനിങ് തസ്തികകളിൽ ആവശ്യാനുസരണം ജീവനക്കാരില്ലാത്തതാണ് രോഗികൾ മണിക്കൂറുകളോളം വരിനിന്ന് വലയുന്നത്. ശുചീകരണ തൊഴിലാളികളുടെ കുറവും പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നു. നഴ്സിങ് അസിസ്റ്റന്റിന്റെയും അറ്റൻഡർമാരുടെയും നിരവധി തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്.
ഉണ്ടായിരുന്ന ജീവനക്കാർക്ക് സ്ഥാനക്കയറ്റമായതോടെ പകരം ആളെ നിയമിക്കാത്തതാണ് പ്രശ്നം.
പ്രസവം, പീഡിയാട്രിക് വിഭാഗം, സ്കാനിങ്, ലാബ് എന്നീ വിഭാഗങ്ങളിലാണ് കൂടുതൽ കസേരകളും ഒഴിഞ്ഞുകിടക്കുന്നത്. ഓപറേഷൻ തിയറ്ററും ഐ.സിയുവും ഉൾപ്പെടെ അത്യാവശ്യഘട്ടങ്ങളിലുൾപ്പെടെ രാത്രിയിൽ നടത്തേണ്ട സ്കാനിങ്, മറ്റ് രക്തപരിശോധനയുൾപ്പെടെ പ്രവർത്തനങ്ങളെയാണ് ജീവനക്കാരുടെ അഭാവം ബാധിക്കുന്നത്. നിലവിലെ ജീവനക്കാർ അധികസമയം പണിയെടുത്താണ് പരാതികൾക്കിടയാക്കാത്തവിധം പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.
വാർഡുകൾ, ശുചിമുറികൾ, ആശുപത്രി പരിസരം എന്നിവ ഉൾപ്പെടെ വൃത്തിയാക്കുന്നതിനും ജീവനക്കാരുടെ കുറവ് ഏറെ പരിമിതികൾ സൃഷ്ടിക്കുന്നു. വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ്പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരാണ് ആശുപത്രിയിലുള്ളത്.
എംപ്ലോയ്മെന്റ് എക്ചേഞ്ചിൽനിന്നുൾപ്പെടെ നിയമനം നടത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും നടപടി വൈകുന്നതാണ് ആശുപത്രിയുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നത്.
നിലവിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് ആവിശ്യത്തിന് ജീവനക്കാരെ ഉൾപ്പെടുത്തണമെന്നാണ് നിലവിലെ ജീവനക്കാരുടെ ആവിശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.