വേഗപ്പൂട്ടില്ല; അപകടത്തിലേക്ക് കുതിച്ച് സ്വകാര്യ ബസുകൾ
text_fieldsകൊല്ലം: നിരത്തുകളിൽ അപകടം വിതച്ച് വീണ്ടും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. തിങ്കളാഴ്ച ശക്തികുളങ്ങര മരിയാലയം ജങ്ഷനിലുണ്ടായ അപകടം സ്വകാര്യ ബസ് ഡ്രൈവരുടെ അലക്ഷ്യമായ ഡ്രൈവിങ്ങിലൂടെ സംഭവിച്ചതാണ്. ഒരുനിമിഷം കൊണ്ട് ഇല്ലാതായത ഒരു കുടുംബത്തിന്റെ അത്താണിയെയായിരുന്നു. ടൗൺ സർവിസ് നടത്തുന്ന ബസുകൾക്ക് ആവശ്യത്തിന് സമയം അനുവദിച്ചാലും അമിതവേഗത്തിന് ഒരു കുറവുമില്ല.
ആദ്യം പതുക്കെ പോകുന്ന സർവിസ് കിലോമീറ്ററുകൾ കഴിയുമ്പോഴാണ് വേഗത്തിലാകുന്നത്. പിന്നാലെയുള്ള സർവിസിന്റെ സമയം എടുക്കുന്നവിധം സാവധാനം ഓടുന്ന ബസിൽ യാത്രക്കാർ നിറയുന്നതോടെ വേഗത്തിലോടുകയാണ് പതിവ്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ നിർത്താതെ ഹോണടിച്ച് തോന്നുന്ന വശത്തൂടെ കടന്നുപോകുന്ന ബസുകളെ കണ്ടാൽ പൊലീസോ മോട്ടോർ വാഹന വകുപ്പോ നടപടിയെടുക്കാറില്ലെന്നാണ് ആക്ഷേപം.
വേഗപ്പൂട്ടുണ്ടെങ്കിലും മിക്ക വാഹനങ്ങളും ഇത് അഴിച്ചുമാറ്റിയാണ് ഓടുന്നത്. ഫിറ്റ്നസ് പരിശോധന സമയത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ മാത്രമാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. പരിശോധന കഴിഞ്ഞാല്‍ കണക്ഷൻ മാറ്റും. വേഗം മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടാതിരിക്കാനാണ് വേഗപ്പൂട്ട്. ഇവ പ്രവര്ത്തനക്ഷമമാണോയെന്നത് ഫിറ്റ്നസ് പുതുക്കുമ്പോള്‍ പരിശോധിക്കും. വാഹനം ഓടുമ്പോൾ ഇവ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധന നടക്കാറില്ല. ഡ്രൈവർമാർക്ക് ആവശ്യാനുസരണം ബന്ധം വേര്‍പെടുത്താന്‍ കഴിയുന്ന വേഗപ്പൂട്ട് വിപണിയിലുണ്ട്. പരിശോധന സമയത്ത് ഡ്രൈവര്‍ക്കുതന്നെ ഇത് ബന്ധിപ്പിക്കാനാവും. അതിനാല്‍ റോഡിലെ പരിശോധനയില്‍ ഇവ പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറയുന്നു.
ദിനംപ്രതി നിരത്തുകളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. മിക്ക അപകടങ്ങളുമുണ്ടാക്കുന്നത് അമിത വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളാണ്. വേഗപ്പൂട്ട് പരിശോധന സംവിധാനം ഇല്ലാത്തതിനാലാണ് നടപടിക്ക് തടസ്സമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റോഡുകളിലെ നിയമലംഘനങ്ങളിൽ സ്വകാര്യ ബസുകളാണ് മുന്നിൽ. പലയിടങ്ങളിലും സിഗ്നലുകള്‍ പോലും അവഗണിച്ചാണ് ബസുകള്‍ പായുന്നത്. ചുവന്ന വെളിച്ചം കണ്ട് നിര്‍ത്തിയാല്‍ തന്നെ സീബ്ര ലൈനും കടന്നാണ് നിര്‍ത്തുന്നത്. റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുന്നവരെ പരിഗണിക്കാറേയില്ല.
എട്ട് സീറ്റിന് മുകളിലുള്ള വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയ്ക്കാണ് വേഗപ്പൂട്ട് വേണ്ടത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കാനും അതിനുമുകളില്‍ പോകാതിരിക്കാനുമാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. പരിശോധിക്കണമെങ്കില്‍ വാഹനം 60 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചു നോക്കണം. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ച് വിലയിരുത്തുകയും വേണം എന്നാണ് നിർദേശം. വേഗപ്പൂട്ട് ഘടിപ്പിച്ചുണ്ടോ എന്നല്ലാതെ ഓടിച്ചുനോക്കിയുള്ള പരിശോധനക്ക് ഉദ്യോഗസ്ഥർ മുതിരാറില്ലെന്നാണ് ആക്ഷേപം.
വേഗ നിയന്ത്രണ നടപടികൾ പ്രഖ്യാപനത്തിലൊതുങ്ങി
വേഗപ്പൂട്ട് മാറ്റിയോടുന്ന വാഹനങ്ങളെ കുടുക്കാനുള്ള പല നടപടികളും കടലാസിലൊതുങ്ങി. വേഗപ്പൂട്ടിനെ വാഹന വിവരങ്ങളുടെ ദേശീയ രജിസ്റ്ററായ 'വാഹനു'മായി സംയോജിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക ഡിജിറ്റൈസ് ചെയ്യാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളും എങ്ങുമെത്തിയില്ല. ബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതുൾപ്പടെയുള്ളവക്ക് ഡിജിറ്റൈസ് ചെയ്താൽ പ്രയോജനമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഡിജിറ്റൈസ് ചെയ്താൽ ഏതൊക്കെ സമയത്ത് പുതിയ പെര്‍മിറ്റ് അനുവദിക്കാനാകുമെന്ന് എളുപ്പത്തില്‍ കണ്ടെത്താനാകും. സമയപ്പട്ടികയെ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. സ്വകാര്യ ബസുകള്‍ക്ക് ജി.പി.എസ് നിര്‍ബന്ധമാണെന്ന് പറഞ്ഞുവെങ്കിലും നടപ്പായില്ല. കോവിഡ് വ്യാപനം ശക്തമായ സമയത്ത് ലോക്ഡൗൺ വന്നതോടെ നടപടികൾക്ക് വേഗം കുറഞ്ഞു. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നതുമായ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് നീണ്ടു. വേഗപ്പൂട്ട് വിച്ഛേദിച്ചാലും ജി.പി.എസ് വേര്‍പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കും വിധമാണ് ഉദ്ദേശിച്ചിരുന്നത്. അമിതവേഗം ഉൾപ്പെടെ റോഡിലിറങ്ങാതെ ഓഫിസിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനാകുന്ന സംവിധാനമായിരുന്നു. കോവിഡ് സാഹചര്യത്തിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള ഇളവ് നീട്ടിക്കൊണ്ടുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.