വിടപറഞ്ഞത് ജില്ലയിലെ പ്രമുഖ കമ്യൂണിസ്റ്റ് വ്യക്തിത്വം
text_fieldsഓച്ചിറ: പ്രധാന നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തകർ സ്നേഹിക്കുകയും സി.പി.എമ്മിനുള്ളിലെ തെറ്റായ പ്രവണതകൾക്കെതിരെ നിലപാടെടുത്ത് പുറത്തുപോകുകയും ചെയ്ത നേതാവായ എൻ. പരമേശ്വരൻപോറ്റിയുടെ വിയോഗത്തോടെ നഷ്ടമായത് ജില്ലയിലെ പ്രമുഖ കമ്യൂണിസ്റ്റ് വ്യക്തിത്വത്തെ. പാർട്ടി പരിപാടികളിൽ മാറ്റം വരുത്തിയതോടെയാണ് സി.പി.എമ്മിൽനിന്ന് അദ്ദേഹം പുറത്തുപോയത്. പിന്നീട് എം.സി.പി.ഐ (യു) പോളിറ്റ് ബ്യൂറോ അംഗം, നവപഥം മാസികയുടെ പത്രാധിപർ, എ.ഐ.കെ.എഫ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. യുവാവായിരിക്കുമ്പോൾതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങി. ജില്ല കമ്മിറ്റി അംഗം എന്നതടക്കം പാർട്ടി ചുമതലകൾക്ക് പുറമെ റൂട്രോണിക്സ് കോർപറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു.
അടിയന്തരാവസ്ഥ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റിലായി. 19 മാസം ഒളിവ് ജീവിതവും നയിച്ചു. പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ പിതാവായ നാരായണൻ പോറ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.പി.എമ്മിന്റെ അടിസ്ഥാന നയസമീപനത്തിലുണ്ടായ വ്യതിയാനത്തിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടി അംഗത്വത്തിൽനിന്നും രാജിവെച്ചാണ് ബി.ടി.ആർ - ഇ.എം.എസ് - എ.കെ.ജി ജനകീയവേദിക്ക് രൂപംകൊടുക്കുന്നതിൽ മുന്നിൽ നിന്നത്.
തുടർന്ന് ദേശീയതലത്തിൽ 2006ൽ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (യുണൈറ്റഡ്) രൂപം കൊടുക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. വി.ബി. ചെറിയാനോടൊപ്പം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തു. കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ നേതാക്കളിലെ ജനകീയമുഖമായിരുന്നു. സമ്പന്ന കുടുംബത്തിൽ ജനിച്ച് അതെല്ലാം ത്യജിച്ച് പാർട്ടി പ്രവർത്തനം നടത്തിയ പോറ്റി അഴിമതിക്ക് അതീതനായിരുന്നു. കർഷക സംഘത്തിന്റെ നേതൃനിരയിലും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.