കൊലപാതകശ്രമക്കേസിലെ പ്രതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsഓച്ചിറ: ഓച്ചിറയിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ചു മാസത്തിനു ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി.
കായംകുളം കൊറ്റുകുളങ്ങര ചാരുംമൂട്ടിൽ ഷിയാസാണ് (24) പിടിയിലായത്. കൊലപാതക ശ്രമത്തിനുശേഷം സംസ്ഥാനത്തിനു പുറത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. 2022 സെപ്റ്റംബർ 17ന് രാത്രി 9 30നായിരുന്നു കേസിനാസ്പദമായ സംഭവം.
കായംകുളം കേന്ദ്രമാക്കി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന വരിക്കപ്പള്ളി ഷാൻ എന്ന ഷാനിന്റെ നേതൃത്വത്തിലെ സംഘവും ഓച്ചിറ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പങ്കജിന്റെ നേതൃത്വത്തിലെ സംഘവും തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു.
അതിനെത്തുടർന്നാണ് വരിക്കപ്പള്ളി ഷാനിന്റെ നേതൃത്വത്തിലെ നാലംഗ സംഘം ഓച്ചിറ പരബ്രഹ്മ പെട്രോളിയം പമ്പിനു മുന്നിൽവെച്ച് പങ്കജിനെയും സംഘത്തെയും ആക്രമിച്ചത്. അക്രമത്തിൽ പങ്കജിനും സുഹൃത്ത് അനന്തുവിനും ഗുരുതര പരിക്കേറ്റു.
കുറ്റകൃത്യത്തിനുശേഷം ഒളിവിൽപോയ കേസിലെ മറ്റു മൂന്നു പ്രതികളെയും വിവിധ ഭാഗങ്ങളിൽനിന്ന് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ ഷിയാസിനായി സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചത്.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം ഓച്ചിറ പൊലീസ് മുംബൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി ഷാൻ എന്ന വരിക്കപ്പള്ളി ഷാനിന്റെ സഹോദരനാണ് പിടിയിലായ ഷിയാസ്. ഓച്ചിറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എ.എസ്.ഐ സുനിൽ, സിവിൽ പൊലീസ് ഓഫിസർ വിനോദ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.