അധ്യാപനം മാത്രമല്ല, സാമൂഹികസേവനവും പ്രധാനം
text_fieldsഓച്ചിറ: എന്തെല്ലാം പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടായാലും അവയെല്ലാം ഉറച്ച നിലപാടുകളിലൂടെ തരണം ചെയ്യുകയെന്നത് ഈ അധ്യാപകന്റെ പ്രത്യേകതയാണ്. ഇതിന് ഏറെ വിലയും നൽകേണ്ടിവന്നിട്ടുണ്ട്. വിദ്യാർഥികളെ മക്കളെപ്പോലെ സ്നേഹിച്ച് അവർക്ക് തന്നാൽ കഴിയുംവിധം സഹായവും പിന്തുണയും നൽകുന്ന അധ്യാപകനാണ് തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ അധ്യാപകൻ റെജി എസ്. തഴവ. ഈവർഷത്തെ രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷന്റെ സംസ്ഥാന അധ്യാപക പുരസ്കാരം ലഭിച്ചിരുന്നു. അധ്യാപകദിനമായ ചൊവ്വാഴ്ച വൈകീട്ട് 3.30ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ പുരസ്കാരം സ്വീകരിക്കും.
ഒരുകരം ചെയ്യുന്നത് മറുകരം അറിയരുതെന്ന് ശാഠ്യമുള്ള റെജിയുടെ പ്രവർത്തനം വിദ്യാഭ്യാസത്തിനപ്പുറം സാമൂഹിക - ജീവകാരുണ്യ മേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ സ്ഥിരമായി തന്റെ സ്കൂളിലെ കുട്ടികളുമായെത്തും. കുട്ടികളെ റെജിയെ ഏൽപിച്ച് വിടുന്നതിൽ രക്ഷാകർത്താക്കൾക്കും സന്തോഷമാണ്. നൂറു വർഷത്തിനു മുകളിൽ പാരമ്പര്യമുള്ള തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്.
വിദ്യാഭ്യാസ-സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി നിരവധി അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകനുള്ള കെ.ആർ.ഡി.എയുടെ റേഡിയോ ഗുരുസേവാ പുരസ്കാരം, മികച്ച സാമൂഹിക സേവനം നടത്തുന്ന അധ്യാപകർക്കുള്ള സാമൂഹിക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഗുരുവന്ദനം പുരസ്കാരം, മികച്ച ഉപഭോക്തൃ സേവന പ്രവർത്തനങ്ങൾക്ക് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് എന്നിവയും നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ആദരവും ലഭിച്ചിട്ടുണ്ട്. കുലശേഖരപുരം ഗവ.വെൽഫെയർ എൽ.പി സ്കൂളിലെ പ്രഥമാധ്യാപിക സി.എസ്. സിന്ധുവാണ് ഭാര്യ. പാർവതി, രേവതി എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.